Site iconSite icon Janayugom Online

ഉക്രെയ്‌നിലെ ആണവനിലയത്തിന് നേരെ റഷ്യയുടെ വ്യോമാക്രമണം

ഉക്രെയ്‌നിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യയുടെ വ്യോമാക്രമണം. സപ്രോഷ്യ ആണവനിലയത്തിന് സമീപം തീയും പുകയുമാണെന്നാണ് റിപ്പോര്‍ട്ട്. അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് ആണവനിലയത്തിന് അടുത്തേക്ക് എത്താന്‍ കഴിയുന്നില്ല. സപ്രോഷ്യയിലെ സാഹചര്യം വിലയിരുത്തുകയാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി.

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമാണ് സപ്രോഷ്യ. ഇവിടെയുണ്ടാകുന്ന ആക്രമണം 1986 ലെ ചെര്‍ണോബില്‍ ദുരന്തത്തേക്കാള്‍ ഭീകരമായിരിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ആണവനിലയത്തിലെ റിയാക്ടറിനെ ആക്രമണം ബാധിച്ചിട്ടുണ്ടോ എന്നാണ് അറിയേണ്ടത്. റിയാക്ടറിന് കേടുപാടുകള്‍ സംഭവിച്ചാല്‍ വന്‍ ദുരന്തത്തിനാകും ലോകം സാക്ഷ്യം വഹിക്കുക.

ആണവനിലയത്തിന് മേലുള്ള ആക്രമണം നിര്‍ത്താന്‍ ഉക്രെയ്‌ന്‍ വിദേശകാര്യ മന്ത്രി മിത്രോ കുലേബ റഷ്യന്‍ സൈനികരോട് ആവശ്യപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമാണ് സപ്രോഷ്യ ആണവനിലയം. ആറ് ആണവ റിയാക്ടറുകളാണ് ഇവിടെ ഉള്ളത്. ഓരോ റിയാക്ടറും 950 മെഗാവാട്ട് ഊര്‍ജമാണ് ഉത്പാദിപ്പിക്കുന്നത്. മൊത്തം 5,700 മെഗാവാട്ട് ഊര്‍ജമാണ് സപ്രോഷ്യയിലെ ആണവനിലയം ഉത്പാദിപ്പിക്കുന്നത്.

1985 നും 1989 നും മധ്യേ അഞ്ച് ആണവ റിയാക്ടറുകളും 1995 ല്‍ ആറാം ആണവ റിയാക്ടറും സ്ഥാപിച്ചു. 2017 ല്‍ നടത്തിയ പുനര്‍നിര്‍മാണ പ്രവര്‍ത്തിന് പിന്നാലെ സപ്രോഷ്യയിലെ ആണവനിലയത്തിന് 10 വര്‍ഷം കൂടി കാലാവധി നീട്ടികിട്ടി. 2027 വരെയാണ് ആണവനിലയത്തിന്റെ കാലാവധി.

Eng­lish sum­ma­ry; Russ­ian airstrikes on a nuclear plant in Ukraine

You may also like this video;

Exit mobile version