Site iconSite icon Janayugom Online

ഉക്രെയ്നിലെ സപ്പോരിഷ്യയിലും പിടിമുറുക്കി റഷ്യൻ സേന; ആക്രമണം വ്യാപിപ്പിക്കാൻ തീരുമാനം

ഉക്രെയ്നിലെ യുദ്ധത്തിൽ റഷ്യൻ സേനയുടെ മുന്നേറ്റം തുടരുന്നു. പൊക്രോവ്‌സ്‌കിന് പിന്നാലെ സപ്പോരിഷ്യ പ്രവിശ്യയിലെ റൈബ്ന ഗ്രാമത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തതായി റഷ്യൻ സൈന്യം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി റൈബ്ന ഗ്രാമം കീഴടക്കാൻ റഷ്യ ശക്തമായ ആക്രമണമാണ് നടത്തിയിരുന്നത്. ഉക്രെയ്ൻ്റെ പ്രതിരോധ ശ്രമങ്ങൾ ഫലം കണ്ടില്ലെന്നും റഷ്യൻ സൈന്യം അവകാശപ്പെട്ടു. പ്രൊക്രോവസ്കിന് പിന്നാലെ സപ്പോരിഷ്യ മേഖലയിലേക്കും ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് റഷ്യ. തന്ത്രപ്രധാനമായ വെലികെ നോവോസിൽക്കയിൽ നിന്നും 36 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന റൈബ്ന ഗ്രാമമാണ് റഷ്യൻ സൈന്യം ഇപ്പോൾ പിടിച്ചടക്കിയിരിക്കുന്നത്. ഷെല്ലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള യുക്രെയ്ൻ പ്രതിരോധം ഇവിടെ പരാജയപ്പെട്ടു. 

പൊക്രോവ്‌സ്‌ക് പിടിച്ചെടുത്തതോടെ ഖേഴ്സൺ, സപ്പോരിഷ്യ പ്രവിശ്യകളിലേക്ക് ഉൾപ്പെടെ റഷ്യൻ സൈന്യത്തിന് അനായാസം പ്രവേശിക്കാമെന്ന അവസ്ഥയായിട്ടുണ്ട്. ഡ്രോൺ ആക്രമണങ്ങൾക്കൊപ്പം പീരങ്കി ആക്രമണങ്ങൾ വർധിപ്പിച്ച് കരയിലൂടെയുള്ള മുന്നേറ്റം ശക്തമാക്കാനാണ് റഷ്യയുടെ തീരുമാനം. ഇതിനായി റഷ്യൻ പട്ടാളത്തിനൊപ്പം കൂടുതൽ കൂലിപ്പട്ടാളത്തെക്കൂടി മേഖലയിലേക്ക് അയക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതിനിടെ, യു എസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ചയുടെ ആവശ്യകത മനസ്സിലാക്കുന്നുവെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് അഭിപ്രായപ്പെട്ടു. യു എസ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും ലാവ്റോവ് അറിയിച്ചു.

Exit mobile version