Site icon Janayugom Online

സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ സ്ഫോടനം: റഷ്യന്‍ സെെനിക വ്ലോഗര്‍ മരിച്ചു

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ സ്ഫോടനം. സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ കഫേയിലാണ് സ്ഫോടനമുണ്ടായത്. റഷ്യന്‍ സൈനിക ബ്ലോഗറും റിപ്പോര്‍ട്ടറുമായ വ്ലാദിലിയന്‍ ടറ്റാര്‍സ്കി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. റഷ്യന്‍ ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ടറ്റാര്‍സ്കിക്ക് ലഭിച്ച സമ്മാന പൊതിയില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രഥമിക നിഗമനം. സ്ഫോടനത്തിനുള്ള ബോംബ് എത്തിച്ചുവെന്ന് സംശയിക്കുന്ന 26 കാരിയായ ദരിയ ട്രെപോവ എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊട്ടിത്തെറിച്ച പ്രതിമ കഫേയിലേക്ക് കൊണ്ടുവന്നതായി ട്രെപോവ സമ്മതിക്കുന്ന വീഡിയോ റഷ്യയുടെ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. എന്നാല്‍ മറ്റ് വിശദമായ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

30ലേറെ പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു. അതീവ പ്രാധാന്യത്തോടെ അടിയന്തര അന്വേഷണത്തിന് റഷ്യന്‍ ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു. മസ്കിം ഫോമിനെന്ന വ്ലാദിലിയന്‍ ടറ്റാര്‍സ്കി രാജ്യത്ത് ഏറെ സ്വാധീനമുള്ള ബ്ലോഗര്‍മാരിലൊരാളാണ്. ടെലഗ്രാമില്‍ 560,000 ഫോളോവേഴ്‌സുണ്ട്. സൈന്യത്തിലും ഏറെ സ്വാധീനം ഇയാള്‍ക്കുണ്ട്.

സെെനികനടപടിക്ക് മുമ്പായി റഷ്യക്ക് അവകാശപ്പെട്ട ഉക്രെയ‍്നിലെ പ്രദേശങ്ങള്‍ പിടിച്ചെടുക്കുമെന്ന പുടിന്റെ പ്രഖ്യാപനത്തെ ഏറ്റവും ശക്തമായി പിന്തുണച്ചയാളാണ് ടറ്റാര്‍സ്കി. റഷ്യന്‍ നീക്കത്തിന് ശക്തമായ പിന്തുണ നല്‍കുമ്പോഴും, ഉക്രെയ്ന്‍ പൂര്‍ണമായും പിടിച്ചെടുക്കാനാകാത്തതില്‍ വിയോജിപ്പുകളും അതൃപ്തിയും ബ്ലോഗര്‍ പ്രകടിപ്പിച്ചിരുന്നു. പലപ്പോഴും യുദ്ധരംഗത്തെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി റഷ്യന്‍ പ്രസിഡന്റിനെയടക്കം പരോക്ഷമായി വിമര്‍ശിക്കുന്ന ഘട്ടവുമുണ്ടായിരുന്നു.

 

Eng­lish Sam­mury: Russ­ian mil­i­tary blog­ger Vladlen Tatarsky was killed in a bomb attack in a St Peters­burg cafe

Exit mobile version