Site iconSite icon Janayugom Online

റഷ്യന്‍ എണ്ണ ഇറക്കുമതി; രൂപ ഔട്ട്; യുവാന്‍ ഇന്‍, ഇന്ത്യന്‍ കമ്പനികളുടെ വ്യാപാരം ചൈനീസ് കറന്‍സിയില്‍

oiloil

റഷ്യയില്‍ നിന്നുള്ള അംസ്കൃത എണ്ണ ഇറക്കുമതിക്ക് ഡോളറിനു പകരം ചൈനീസ് കറന്‍സിയായ യുവാന്‍ നല്‍കാന്‍ ഇന്ത്യന്‍ എണ്ണകമ്പനികള്‍. ഉക്രെയ്ന്‍ ‑റഷ്യ യുദ്ധത്തെതുടര്‍ന്ന് ഡോളര്‍, യുറോ ഇടപാട് നിരോധിച്ച റഷ്യന്‍ നടപടി മറികടക്കാനാണ് നടപടി. ആദ്യമായാണ് റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിക്ക് ഇന്ത്യന്‍ കമ്പനി ചൈനീസ് കറന്‍സി ഉപയോഗിക്കുന്നത്. 

അടുത്തിടെ ഏറെ ആഘോഷിച്ച രൂപ‑റൂബിള്‍ ഇടപാട് സുഗമമായി മുന്നോട്ട് പോകാത്തതാണ് യുവാനെ ആശ്രയിക്കാന്‍ ഇന്ത്യന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നയാര എനര്‍ജി, എച്ച്പിസിഎല്‍, മിത്തല്‍ എനര്‍ജി എന്നീ സ്വകാര്യ എണ്ണക്കമ്പനികളാണ് യുവാന്‍ ഇടപാടിലേക്ക് കളം മാറ്റിച്ചവിട്ടിയത്. യുവാനെ ആഗോള കറന്‍സിയായി ഉയര്‍ത്താനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് ഇത് ഗുണകരമാകും.
പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും (ഐഒസി) കഴിഞ്ഞ മാസം ഐസിഐസിഐ ബാങ്ക് വഴി നടത്തിയ ഇടപാടില്‍ യുവാന്‍ ആയിരുന്നു വിനിമയ മാര്‍ഗം. ബിപിസിഎല്ലും, എച്ച്പിസിഎല്ലും യുവാനിലേക്ക് ചുവട് മാറ്റാന്‍ തയ്യറെടുക്കുന്നു. അതേസമയം യുവാന്‍ ഇടപാട് സംബന്ധിച്ച റിപ്പോര്‍ട്ടുകളോട് കമ്പനികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ച 2022 മുതല്‍ ഇന്ത്യന്‍ കമ്പനികള്‍ റഷ്യന്‍ എണ്ണ വിലക്കുറവില്‍ അധികമായി ഇറക്കുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം റഷ്യയില്‍ നിന്ന് ഇന്ത്യന്‍ കമ്പനികള്‍ 21.7 ലക്ഷം ടണ്‍ ബാരല്‍ അസംസ‌്കൃത എണ്ണയാണ് ഇറക്കുമതി ചെയ്തത്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ 42 ശതമാനവും ഇപ്പോള്‍ റഷ്യയില്‍ നിന്നാണ്.
ചൈനയുമായുളള അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റഷ്യന്‍ ഇടപാടില്‍ യുവാന്‍ ഒഴിവാക്കണമെന്ന് ബാങ്കുകളോടും എണ്ണക്കമ്പനികളോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതാണ്. ആദ്യകാലത്ത് രൂപ‑റൂബിള്‍ വ്യാപാരം നടക്കുകയും ചെയ്തു. എന്നാല്‍ രൂപ കുമിഞ്ഞുകൂടിയതോടെ ഇന്ത്യയില്‍ നിന്ന് വലിയ തോതില്‍ ഉല്പന്ന കയറ്റുമതി ഇല്ലാത്തതിനാല്‍ ഇരു കറന്‍സികളും തമ്മിലുള്ള ഇടപാട് തടസ്സപ്പെടുകയുമായിരുന്നു. ഇതോടെ രൂപ സ്വീകരിക്കില്ലെന്ന റഷ്യന്‍ കമ്പനികളുടെ നിലപാടില്‍ മറ്റ് മാര്‍ഗങ്ങളില്ലാത്ത സ്ഥിതിയിലാണ് ഇന്ത്യന്‍ കമ്പനികള്‍. 

Eng­lish Sum­ma­ry: Russ­ian oil imports; Out of Rs

You may also like this video

Exit mobile version