Site iconSite icon Janayugom Online

ഉക്രയിനിലെ ഖാർഗിവിൽ റഷ്യയുടെ ഡ്രോൺ ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്

ഉക്രയിനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർഗിവിൽ റഷ്യയുടെ ഡ്രോൺ ആക്രമണം. സൈനിക ആശുപത്രി, ഷോപ്പിംഗ് സെൻററുകൾ, അപ്പാർട്ട്മെൻറ് ബ്ലോക്കുകൾ എന്നിവിടങ്ങളിൽ ഡ്രോൺ ഇടിച്ചുകയറി രണ്ട് ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

ഇന്നലെ സൈനിക ആശുപത്രിക്ക് നേരെ ഉണ്ടായ മനപൂർവമായ ഷെല്ലാക്രമണത്തിൽ ഉക്രയിൻ ജനറൽ സ്റ്റാഫ് അപലപിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ സൈനികരും ഉൾപ്പെടുന്നു. 67 വയസ്സുള്ള ഒരു പുരുഷനും 70 വയസ്സുള്ള ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടതെന്ന് പ്രാദേശിക ഗവർണർ ഒലെ സിനിഹുബോവ് പറഞ്ഞു.

ആക്രമണത്തിൽ റഷ്യ 111 പൊട്ടിത്തെറിക്കുന്ന ഡ്രോണുകളും ഡികോയ്കളും ഉപയോഗിച്ചതായി ഉക്രയിൻ വ്യോമസേന അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഉക്രയിനിലെ മിക്ക പ്രദേശങ്ങളും റഷ്യൻ ആക്രമണത്തിന് ഇരയായതായി ഉക്രയിൻ പ്രസിഡൻറ് വ്ളാദിമിർ സെലൻസ്കി പറഞ്ഞു. റഷ്യൻ ഗൈഡഡ് ഏരിയൽ ബോംബുകൾ, 1,000-ലധികം ആക്രമണ ഡ്രോണുകൾ, ഷഹെദുകളുടെ — ബാലിസ്റ്റിക് ഉൾപ്പെടെ വിവിധ തരം ഒമ്പത് മിസൈലുകൾ എന്നിവ ഉക്രെയ്‌നിനെതിരെ റഷ്യ വിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു. 

അതേസമയം തങ്ങളുടെ വ്യോമസേന 6 ഉക്രേനിയൻ ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഉക്രയിന് ഭാഗികമായി അധിനിവേശമുള്ള ഡൊനെട്സ്ക് മേഖലയുടെ നിയന്ത്രണം തങ്ങളുടെ സൈന്യം ഏറ്റെടുത്തുവെന്നും റഷ്യ അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. ഉക്രയിനും ഈ പ്രസ്താവനയിൽ പ്രതികരിച്ചിട്ടില്ല. 

Exit mobile version