Site iconSite icon Janayugom Online

മലയാളത്തിന് പുതു ഈണങ്ങള്‍ പകര്‍ന്ന സംഗീതമാന്ത്രികൻ

ചെന്നൈയിലെ വീട്ടിൽ വച്ചാണ് കോഴിക്കോട് സ്വദേശിയായ ജൈമിനി സംഗീത സംവിധായകൻ എസ് പി വെങ്കിടേഷിനെ ആദ്യമായി കാണുന്നത്. താനും സുഹൃത്തുക്കളും ചേർന്ന് നിർമിക്കുന്ന മലയാള സിനിമയിൽ പാട്ടൊരുക്കാൻ ആവശ്യപ്പെടാനായിരുന്നു അവിടെയെത്തിയത്. ഒരു കാലത്ത് സ്വസ്ഥമായിരിക്കാൻ പോലും സമയമില്ലാതെ മലയാളത്തിൽ പാട്ടുകൾ ചെയ്തുകൊണ്ടിരുന്ന സംഗീത സംവിധായകനാണ്.
മലയാളത്തിലുണ്ടായ ഇടവേളയെക്കുറിച്ചുള്ള ചോദ്യത്തിന് പുഞ്ചിരിച്ചുകൊണ്ടായിരുന്നു മറുപടി. ‘പുതിയ ഒരുപാട് സംഗീത സംവിധായകർ വന്നില്ലേ. അപ്പോൾ പഴയ ആളുകൾക്ക് ഇടവേളയുണ്ടാകും. അത് സ്വാഭാവികം മാത്രം. അതിൽ പരാതിയോ വേദനയോ ഇല്ല. മലയാളത്തിൽ ഇടവേളയുണ്ടായെങ്കിലും മറ്റു പല ഭാഷകളിലും പാട്ടുകൾ ചെയ്തുകൊണ്ടിരിക്കുകയാണ്. മലയാളം എപ്പോഴും എനിക്ക് പ്രിയപ്പെട്ടതാണ്. കരിയറിൽ ഏറ്റവും ഉയർച്ച നൽകിയ ഒരിടം’.
ജൈമിനിക്കൊപ്പം സുഹൃത്തുക്കളായ വാസു അരീക്കോട്, രാജേന്ദ്രബാബു എന്നിവർ ചേർന്ന് നിർമിച്ച ‘രാമുവിന്റെ മനൈവികൾ’ എന്ന ചിത്രത്തിൽ മൂന്നു പാട്ടുകളാണ് എസ് പി വെങ്കിടേഷ് ഒരുക്കിയത്. കാലങ്ങൾക്ക് ശേഷമായിരുന്നു ഈ ചിത്രത്തിലൂടെ അദ്ദേഹം മലയാളത്തിലേക്കെത്തിയത്. ചിത്രത്തിന്റെ സംവിധായകനായ സുധീഷ് സുബ്രഹ്മണ്യത്തിന് എസ് പി വെങ്കിടേഷുമായുള്ള പരിചയമാണ് ചിത്രത്തിൽ പാട്ടൊരുക്കാൻ അദ്ദേഹത്തിലേക്കെത്താനുള്ള വഴിയൊരുക്കിയതെന്ന് ജൈമിനി പറയുന്നു.
“മൂകഭാവം തരളമായ്.….” ഭാവഗായകൻ ജയചന്ദ്രന്റെ ശബ്ദമാധുരിയിൽ എസ് പി വെങ്കിടേഷിന്റെ സംഗീതത്തിൽ മനോഹരമായ ഗാനം മലയാളത്തിന് സമ്മാനിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ജൈമിനി ജനയുഗത്തോട് പറഞ്ഞു. വാസു അരീക്കോടായിരുന്നു വരികൾ എഴുതിയത്. പ്രഭാകരൻ നറുകര, ജയചന്ദ്രൻ എന്നിവരാണ് മറ്റ് ഗാനങ്ങൾക്ക് രചന നിർവഹിച്ചത്. മാമണി മാരന്, നിറദീപമായ്.. എന്നിവയായിരുന്നു മറ്റു പാട്ടുകൾ. തമിഴിലും മലയാളത്തിലുമായി ഒരുങ്ങിയ ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ വരികൾ വൈര ഭാരതിയായിരുന്നു എഴുതിയത്.
ചർച്ചകളും റെക്കോർഡിങ്ങിനുമായി മൂന്നോ നാലോ തവണ എസ് പി വെങ്കിടേഷിന്റെ വീട്ടിൽ പോയിട്ടുണ്ട്. വീടിനോട് ചേർന്നുള്ള സ്റ്റുഡിയോയിൽ തന്നെയായിരുന്നു റെക്കോർഡിങ്. ചെറിയ അവശതകൾ ഉണ്ടായിരുന്നെങ്കിലും സംഗീതമൊരുക്കുമ്പോൾ അദ്ദേഹം അതെല്ലാം മറക്കും. കുറേ നാളുകൾക്ക് ശേഷം മലയാളത്തിൽ പാട്ടൊരുക്കുന്നതിന്റെ ആവേശമായിരുന്നു അദ്ദേഹത്തിന്. മലയാളികൾ തന്നെ ഓർക്കുന്നതിലുള്ള സന്തോഷം അദ്ദേഹം പങ്കുവെക്കുമായിരുന്നു. ചിത്രത്തിന്റെ ബിജിഎമ്മും അണിയറ പ്രവർത്തകർ പിന്നീട് എസ് പി വെങ്കിടേഷിനെ ഏൽപ്പിച്ചു.
സംഗീതവും സാഹിത്യവും മനോഹരവും അർത്ഥപൂർണവുമായി സമന്വയിപ്പിക്കുന്ന സംഗീത സംവിധായകനായിരുന്നു എസ് പി വെങ്കിടേഷ്. താൻ ചെയ്ത പാട്ടുകൾ എല്ലാ കാലവും ആസ്വാദകരുടെ മനസിലുണ്ടാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ആഗ്രഹം പോലെ ഗാനങ്ങളെല്ലാം കാലാതിവർത്തിയായി.
തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകനിലെ സംഗീതവും പശ്ചാത്തല സംഗീതവും മലയാളികളെ ഇന്നും ത്രസിപ്പിക്കുന്നതാണ്. വിണ്ണിലെ ഗന്ധർവ്വ വീണകൾ പാടുന്ന സംഗീതം എന്ന പാട്ടിനൊപ്പം ബിജിഎമ്മിലും ഈ ചിത്രത്തിലൂടെ എസ് പി വെങ്കടേഷിന്റെ മുദ്രചാർത്തപ്പെട്ടു. തുടർന്നങ്ങോട്ട് മലയാളത്തിൽ തരംഗമായി മാറുകയായിരുന്നു എസ് പി വെങ്കിടേഷിന്റെ പാട്ടുകൾ.
സ്നേഹവും വിരഹവും പ്രണയവും താരാട്ടും ആഘോഷവുമെല്ലാം സംഗീതത്തിൽ നിറഞ്ഞു. പാട്ടുകളെല്ലാം പ്രേക്ഷകരിൽ ആഘോഷമായി. ശാന്തമീ രാത്രിയിൽ, ഏഴിമല പൂഞ്ചോല, പരുമല ചെരുവിലെ, ഓർമകൾ ഓടക്കുഴലൂതി, ധിം ധിം തിമി തിമി, താരനൂപുരം ചാർത്തി, കിലുകിൽ പമ്പരം, വാൽക്കണ്ണെഴുതിയ മകര നിലാവിൽ, തളിർവെറ്റിലയുണ്ടോ വരദക്ഷിണ വെക്കാൻ, മുത്തുമണി തൂവൽ തരാം, കനക നിലാവേ, അളകാപുരിയിൽ അഴകിൻ വനിയിൽ, അലയും കാറ്റിൻ ഹൃദയം തുടങ്ങിയ ഗാനങ്ങളെല്ലാം ഇന്നും മലയാളി മനസിൽ തളിർത്തു നിൽപ്പുണ്ട്.
രാജാവിന്റെ മകനിലെ വിൻസെന്റ് ഗോമസും മാന്ത്രികത്തിലെ സ്റ്റീഫൻ റൊണാൾഡും പൂർണമായതും എസ് പി വെങ്കിടേഷിന്റെ ബിജിഎമ്മിലൂടെയായിരുന്നു. സ്ഥടികത്തിലെ ആടുതോമയുടെയും ദേവാസുരത്തിലെ മംഗലശ്ശേരി നീലണ്ഠന്റെയും നിറഞ്ഞാട്ടത്തിന് പിന്നിലും വെങ്കിടേഷിന്റെ സംഗീതമുണ്ടായിരുന്നു. പാട്ടുകളെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു ചെന്നൈയിലെ എസ് പി വെങ്കിടേഷിന്റെ വീട്ടിൽ നിന്ന് അവസാനം മടങ്ങിയതെന്ന് ജൈമിനി പറയുന്നു.
കോഴിക്കോട് കുന്ദമംഗലം പിലാശ്ശേരി സ്വദേശിയാണ് ജൈമിനി. പിതാവ് മാധവൻ പിലാശ്ശേരി സിപിഐയുടെ സജീവ പ്രവർത്തകനായിരുന്നു. മാതാവ് ശാന്താ മാധവൻ കേരള മഹിളാ സംഘത്തിന്റെ സജീവ പ്രവർത്തകയാണ്. ബംഗളൂരുവിൽ ഐ ടി മേഖലയിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. 

Exit mobile version