Site iconSite icon Janayugom Online

ശബരിമല: കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ശബരിമലയില്‍ തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം.
നവകേരള സദസ്സിനിടെ തേക്കടിയിൽ വിളിച്ചു ചേർത്ത പ്രത്യേക അവലോകന യോഗത്തിൽ ശബരിമലയിലെ നിലവിലെ സ്ഥിതി മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, വനം മന്ത്രി എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവർ നേരിട്ടും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ്, കളക്ടർമാർ തുടങ്ങിയവർ ഓൺലൈനായും പങ്കെടുത്തു. 

തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കണം. മണ്ഡലകാലത്ത് ആദ്യ 19 ദിവസങ്ങളിൽ എത്തിച്ചേർന്ന തീർത്ഥാടകരുടെ എണ്ണം ശരാശരി 62,000 ആയിരുന്നു. ഡിസംബർ 6 മുതലുള്ള നാലു ദിവസങ്ങളിൽ ഇത് 88,000 ആയി വർധിച്ചു. ഇതാണ് വലിയ തിരക്കിന് ഇടയാക്കിയത്. ഇത് ക്രമീകരിക്കാൻ ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ചിട്ടുണ്ട്. സ്പോട്ട് ബുക്കിങ്ങ് അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്താനും മുഖ്യമന്ത്രി നിർദേശിച്ചു. 

പാർക്കിങ് സംവിധാനം മുൻ നിശ്ചയിച്ച പ്രകാരം നടക്കണം. അതിന് ദേവസ്വം ബോർഡ് ക്രമീകരണമുണ്ടാക്കണം. ട്രാഫിക്ക് നിയന്ത്രണത്തിലും നിഷ്കർഷ പുലർത്തണം. പൊലീസുകാരുടെ ഡ്യൂട്ടി മാറ്റം ഒറ്റയടിക്ക് നടത്താതെ കുറച്ചുപേരെ നിലനിർത്തിക്കൊണ്ടുള്ള മാറ്റമാണ് വേണ്ടത്. കഴിഞ്ഞ സീസണിലേതിനേക്കാൾ കൂടുതൽ പൊലീസ് സേനയെ ഇത്തവണ ശബരിമലയിൽ നിയോഗിച്ചിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും ദർശനത്തിനായി ഒരുക്കിയിട്ടുള്ള സംവിധാനത്തിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീർത്ഥാടകർ വരുന്ന പാതകളിൽ ശുചീകരണം ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

വിര്‍ച്വല്‍, ക്യൂ വഴി ഇന്നലെ 70,000 തീര്‍ത്ഥാടകർ സന്നിധാനത്തെത്തി. ഇതുവരെ ആകെ 16,20,536 ലക്ഷം ഭക്തരാണ് ദർശനം നടത്തിയത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കാനനപാതയില്‍ ഓരോ താവളങ്ങളിലായി ഭക്തരെ നിയന്ത്രിച്ച് സന്നിധാനത്തെ തിരക്ക് ഒഴിയുന്നതിന് അനുസരിച്ചാണ് കടത്തിവിടുന്നത്. സുരക്ഷ, വെള്ളം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിന് ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും നേതൃത്വത്തില്‍ റവന്യൂ സ്ക്വാഡിനെയും പ്രത്യേകമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനത്തോടൊപ്പം സുരക്ഷയും ഉറപ്പാക്കുമെന്നും ദേവസ്വം സ്പെഷ്യല്‍ സെക്രട്ടറി എം ജി രാജമാണിക്യം പറഞ്ഞു.

Eng­lish Sum­ma­ry: Sabari­mala: Chief Min­is­ter’s instruc­tions to pre­pare more coor­di­nat­ed systems

You may also like this video

YouTube video player
Exit mobile version