Site iconSite icon Janayugom Online

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി.
കാരേറ്റുള്ള കുടുംബവീട്ടിൽ എസ്‌പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കേസിൽ അറസ്റ്റിലായ പോറ്റിയെ ഇന്നലെ കസ്റ്റഡിയിൽ വിട്ടുകിട്ടിയ ശേഷം ചോദ്യം ചെയ്യൽ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായാണ് പരിശോധന. തന്റെ കൈകൾ ശുദ്ധമാണ് എന്ന് ആദ്യം പറഞ്ഞ പോറ്റി അറസ്റ്റിലായതോടെ പ്ലേറ്റ് മാറ്റിയിരിക്കുകയാണ്. തന്നെ കവര്‍ച്ച നടത്തുന്നതിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു എന്നാണ് നിലവില്‍ പോറ്റിയുടെ വാദം. 

ഗൂഢാലോചനയും രേഖകൾ തയാറാക്കലുമുൾപ്പെടെ ഈ വീട്ടിൽ വച്ച് നടത്തിയെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട മറ്റിടങ്ങളിലെത്തിയും തെളിവ് ശേഖരിക്കും. ബംഗളൂരുവിൽ വച്ചാണ് ഗൂഢാലോചന നടന്നതെന്നും താനും സുഹൃത്ത് കൽപേഷുമടക്കം അഞ്ച് പേരുണ്ടായിരുന്നെന്നും പോറ്റി മൊഴിനൽകിയിരുന്നു. തട്ടിയെടുത്ത സ്വർണം പങ്കിട്ടെടുത്തെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കേസന്വേഷണത്തിൽ വരും ദിവസങ്ങൾ നിർണായകമാകും. ഇന്നലെ പുലർച്ചെ വീട്ടിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം പോറ്റിയെ കസ്റ്റഡിയിലെടുത്തത്. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമലയിലെ സ്വർണപ്പാളി കൊണ്ടുപോയി സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ലെന്നും ജയറാം അടക്കമുള്ളവരിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.

Exit mobile version