ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണം പിടിച്ചെടുത്തു. ശ്രീറാംപുരയിലെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ പിടിച്ചെടുത്തത്. ഭൂമി ഇടപാട് രേഖകളും പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരങ്ങൾ. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പരിശോധന തുടരുകയാണ്. ബെംഗളൂരു ശ്രീറാംപുരയിലുള്ള കോത്താരി മാൻഷനിലെ നാലാം നിലയിലാണ് ഉണ്ണികൃഷ്ണൻ പോറ്റി കുടുംബവുമൊത്ത് താമസിക്കുന്നത്.
എസ്ഐടി സംഘം രാവിലെ തന്നെ ഇവിടെ എത്തി പരിശോധന ആരംഭിച്ചിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച് പ്രത്യേക അന്വേഷണ സംഘം തെളിവെടുത്തു. ശബരിമലയിലെ ദ്വാരപാലക ശിൽപപാളികളിൽ സ്വർണം പൂശിയത് സ്മാർട്ട് ക്രിയേഷൻസിൽ വച്ചായിരുന്നു. ശബരിമലയിൽനിന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി കടത്തിയ സ്വർണം കർണാടകയിലെ ബെല്ലാരിയിൽനിന്ന് കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം ഇന്ന് അറിയിച്ചിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റി, വ്യാപാരിയായ ഗോവർധന് കൈമാറിയ സ്വർണമാണ് കണ്ടെത്തിയത്.

