Site iconSite icon Janayugom Online

ശബരിമല സ്വര്‍ണ്ണ മോഷണക്കേസ് : റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

ശബരിമല സ്വര്‍ണ്ണമോഷണക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നു വിധി പറയും.ബെല്ലാരിയിലെ ജ്വല്ലറിയുടമ ഗോവര്‍ധന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിലാണ് ജസ്റ്റീസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗില്‍ ബെഞ്ച് ഇന്ന് വിധി പറയുന്നത്.

കേസിലെ പ്രധാന പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയും നാഗ ഗോവര്‍ദ്ധനും പങ്കജ് ഭണ്ഡാരിയും ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന് എസ്ഐടി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അരങ്ങേറിയത് വിശാലമായ ഗൂഡാലോചനയാണെന്നും സ്വര്‍ണ്ണക്കവര്‍ച്ച സംഘടിത കുറ്റകൃത്യമെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടിയിരുന്നു.മറ്റു സ്വര്‍ണ്ണപ്പാളികളിലെ സ്വര്‍ണ്ണവും തട്ടിയെടുക്കാന്‍ പ്രതികള്‍ പദ്ധതി തയ്യാറാക്കിയെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ് ഐ ടി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം കേസിൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ് എസ് ഐ ടി. കൊടിമരം പുനസ്ഥാപിച്ചതിലാണ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യുക. കോൺഗ്രസ് നേതാവ് അജയ് തറയിൽ ഉൾപ്പെടെ ഉള്ളവരെ അതിൻറെ ഭാഗമായി ചോദ്യം ചെയ്യാനുള്ള നീക്കത്തിലുമാണ് എസ്ഐടി എന്നുള്ളതാണ് വിവരം. ഈ ചോദ്യം ചെയ്യലുകൾ സ്വാഭാവികമായും കോൺഗ്രസിനെ പ്രതിരോധത്തിലാക്കുകയും ചെയ്യും

Exit mobile version