ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം. കേസിൽ അറസ്റ്റിലായി 90 ദിവസം പിന്നിട്ടതോടെയാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകിയത്. രണ്ട് കേസുകളിൽ ശബരിമലയിലെ ദ്വാരപാലക പാളി, കട്ടിളപ്പാളി എന്നിവയുമായും ബന്ധപ്പെട്ട രണ്ട് കേസുകളിലും മുരാരി ബാബു ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിൽ കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. കർശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് മുരാരി ബാബു.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നുവെങ്കിലും കട്ടിളപ്പാളി കേസിൽ 90 ദിവസം തികയാത്തതിനാൽ അദ്ദേഹം ഇപ്പോഴും റിമാൻഡിൽ തുടരുകയാണ്. അതേസമയം, മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് കാലാവധി കോടതി 14 ദിവസം കൂടി നീട്ടി. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി ജനുവരി 28ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിന് നേരത്തെ തിരിച്ചടി നേരിട്ടിരുന്നു. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളുകയും കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

