ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായകമായ ശാസ്ത്രീയ പരിശോധനകള്‍ നടത്താന്‍ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് അനുമതി നല്‍കി. സന്നിധാനത്തെ സ്വര്‍ണ്ണപ്പാളികളില്‍ വരുത്തിയ മാറ്റങ്ങള്‍ സംബനധിച്ച വ്യക്തത വരുത്തുന്നതിനായി ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിന് കീഴിലുള്ള നാഷണല്‍ ലാബിലാകും പരിശോധന നടക്കുക .ഇതിനായി ഈ മാസം 12ന് ശബരിമലയില്‍ നിന്ന് 12 സാമ്പിളുകള്‍ ശേഖരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. 1998‑ൽ സ്ഥാപിച്ച യഥാർഥ പാളികളാണോ നിലവിലുള്ളത്, അതോ അവ മാറ്റിയ ശേഷം പഴയ ചെമ്പിൽ വീണ്ടും സ്വർണംപൂശി വെച്ചതാണോ എന്ന കാര്യത്തിലാണ് ശാസ്ത്രീയമായ സ്ഥിരീകരണം വേണ്ടത്.
നേരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽനടത്തിയ പരിശോധനാ ഫലങ്ങളിൽ ശാസ്ത്രജ്ഞരുടെ മൊഴിയും റിപ്പോർട്ടും തമ്മിൽ വൈരുധ്യമുണ്ടായ സാഹചര്യത്തിലാണ് രാജ്യത്തെ ഏറ്റവും മികച്ച ലാബായ ബാർക്കിന്റെ സഹായം തേടാൻ കോടതി തീരുമാനിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ 2019 മുതലുള്ള ഫോൺ കോൾ രേഖകൾ ശേഖരിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കോടതി അനുമതി നൽകി. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ രണ്ട് ഫോണുകളിൽനിന്ന് ലഭിച്ച വിവരങ്ങൾ മറ്റ് പ്രതികളുടെ ഫോൺ രേഖകളുമായി ഒത്തുനോക്കും. ഇതിനുപുറമെ, പ്രതികളുടെ കൈയക്ഷര പരിശോധനയ്ക്കും കോടതി അനുമതി നൽകിയിട്ടുണ്ട്.
കട്ടിളപ്പാളി, ദ്വാരപാലക പാളികൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ട നാലുപേരുടെ പങ്കാളിത്തം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ എസ്ഐടിക്ക് നിർദേശം ലഭിച്ചു. 2025‑ലെ സ്വർണംപൂശൽ നടപടികളുടെ ശാസ്ത്രീയ വശങ്ങളും അന്വേഷണ പരിധിയിൽ വരും. ഏകദേശം രണ്ടര മണിക്കൂർ നീണ്ട അടച്ചിട്ട മുറിയിലെ നടപടികൾക്ക് ശേഷമാണ് ഹൈക്കോടതി നിർണായക ഉത്തരവുകൾ പുറപ്പെടുവിച്ചത്. കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചും എസ്ഐടി അന്വേഷണം നടത്തുന്നുണ്ടെങ്കിലും സ്വർണപ്പാളികളുടെ കാര്യത്തിൽ വ്യക്തത വന്നതിന് ശേഷമാകും ഇതിലേക്ക് ആഴത്തിലുള്ള അന്വേഷണം നീങ്ങുക. ബാർക്കിലെ പരിശോധനാ ഫലംകൂടി ലഭ്യമാകുന്നതോടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റമറ്റ കുറ്റപത്രം സമർപ്പിക്കാനാണ് എസ്ഐടി ലക്ഷ്യമിടുന്നത്. ഇതിന് കാലതാമസം നേരിടുമെങ്കിലും മാർച്ച് മാസത്തോടെ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസ് ഈ മാസം 19‑ന് കോടതി വീണ്ടും പരിഗണിക്കും.

