Site iconSite icon Janayugom Online

ഓണക്കാല പൂജകൾക്കായി സെപ്റ്റംബർ 3ന് ശബരിമല നട തുറക്കും; 4 മുതൽ 6 വരെ ഓണസദ്യ

ഈ വർഷത്തെ ഓണത്തോട് അനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട സെപ്റ്റംബർ മൂന്നിന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഉത്രാട ദിനമായ സെപ്റ്റംബർ 4ന് രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നടതുറക്കുന്നത്. ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളിൽ സന്നിധാനത്ത് ഓണസദ്യയും നൽകും.

ഉത്രാട സദ്യ മേൽശാന്തിയുടെ വകയായും തിരുവോണ സദ്യ ദേവസ്വം ജീവനക്കാരുടെ വകയായും അവിട്ടം ദിനത്തിൽ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വകയായുമാണ് നടത്തുക. പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 7 രാത്രി 9നു നടയടയ്ക്കും.

 

Exit mobile version