ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത പഞ്ചലോഹത്തിൽ തീർത്ത ‘വാജി വാഹനം’ അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് തന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് നിർണ്ണായകമായ ഈ ശിൽപ്പം എസ് ഐ ടി കണ്ടെടുത്തത്.
ശബരിമലയിലെ പഴയ കൊടിമരത്തിലുണ്ടായിരുന്ന, ഏകദേശം 11 കിലോ തൂക്കം വരുന്ന ഈ വാജി വാഹനം 2017ലാണ് തന്ത്രി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയത്. സ്വർണ്ണം പൊതിഞ്ഞ ഈ പുരാതന ശിൽപ്പം തിരികെ നൽകാൻ തയ്യാറാണെന്ന് വിവാദങ്ങളെത്തുടർന്ന് അദ്ദേഹം നേരത്തെ ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. വർഷങ്ങൾ പഴക്കമുള്ളതും അതീവ മൂല്യമുള്ളതുമായ ഈ വാജി വാഹനം കോടതിയിൽ ഹാജരാക്കിയത് കേസ് അന്വേഷണത്തിൽ വലിയൊരു നാഴികക്കല്ലായി മാറിയിരിക്കുകയാണ്.

