Site icon Janayugom Online

സീറോ മലബാര്‍ സഭയിലെ കുര്‍ബ്ബാന ഏകീകരണം: തീരുമാനം അടിച്ചേല്‍പ്പിക്കരുതെന്ന് ആവശ്യം

സീറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബ്ബാന അര്‍പ്പിക്കാനുള്ള സിനഡ് തീരുമാനത്തിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക കൂട്ടായ്മ. കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി എറണാകുളം-അങ്കമാലി അതിരൂതയില്‍ വിശ്വാസബോധ്യത്തോടെ അര്‍പ്പിക്കുന്ന ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുവദിക്കുന്ന വിധത്തില്‍ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ സീറോ മലബാര്‍ സിനഡ് അടിയന്തിരമായി വിളിച്ചുകൂട്ടണമെന്നും അല്ലെങ്കില്‍ കാനോന്‍ നിയമം പ്രകാരം 30 വര്‍ഷമായി തുടരുന്ന ഒരു പാരമ്ബര്യം ഔദ്യോഗികമായി സ്വീകരിക്കാന്‍ അതിരൂപതയ്ക്കു സിനഡ് അനുമതി നല്‍കണമെന്നും അതിരൂപത വൈദിക കൂട്ടായ്മ ആവശ്യപ്പെട്ടു.
മെത്രാന്മാരും വൈദികരും സന്ന്യസ്തരും അല്‍മായരുമായ വിശ്വാസ സമൂഹത്തോട് ആലോചിക്കാതെ ഏകപക്ഷീയമായി സീറോ മലബാര്‍ സഭാ സിനഡ് പാസ്സാക്കിയ ജനാഭിമുഖ കുര്‍ബാനയ്ക്കു വിരുദ്ധമായ തീരുമാനത്തെ തങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന് യോഗം പ്രമേയത്തിലൂടെ വ്യക്തമാക്കി. രണ്ടാം വത്തിക്കാന്‍ സാര്‍വത്രിക സൂനഹദോസ് ആരാധനക്രമ പരിഷ്‌കരണത്തില്‍ ഐകരൂപ്യം സത്തയില്‍ മാത്രം മതിയെന്നും വിശ്വാസമോ പൊതുനന്മയോ ഉള്‍പ്പെടാത്ത കാര്യത്തില്‍ കര്‍ക്കശമായ ഐകരൂപ്യം അടിച്ചേല്‍പിക്കരുതെന്നും പറഞ്ഞിട്ടുണ്ട് (ആരാധനക്രമം 37). തങ്ങളുടെ അതിരൂപതയിലെ ഇടവകകളില്‍ ഇപ്പോള്‍ നിലനില്ക്കുന്ന സമാധാനപരമായ അന്തരീക്ഷത്തെ തകര്‍ ക്കുന്ന ഇപ്പോഴത്തെ തീരുമാനം ഏകപക്ഷീയവും അസ്വീകാര്യവുമാണെന്നും യോഗം വ്യക്തമാക്കി.

വ്യക്തിസഭയായ സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജി സംബന്ധമായ കാര്യങ്ങള്‍ മെത്രാന്മാരുടെ സിനഡാണ് തീരുമാനിക്കുന്നത്. ഈ കാര്യത്തില്‍ മെത്രാന്മാരുടെ ഏകകണ്‌ഠേനയുള്ള തീരുമാനത്തെ മാര്‍പാപ്പ ശരിവയ്ക്കുക മാത്രമാണ് ചെയ്യുക. 2021 സിനഡിലെ തീരുമാനം ജനങ്ങളില്‍ അടിച്ചേല്‍പിക്കാനാണ് മാര്‍പാപ്പയുടെ ആഹ്വാനത്തെ കല്‍പനയായും തിരുവെഴുത്തായും ബോധപൂര്‍വ്വം ചിത്രീകരിച്ചത്. മാര്‍പാപ്പയുടെ കത്ത് ആരാണ് ആവശ്യപ്പെട്ടത് എന്ന ചോദ്യത്തിന് മേജര്‍ ആര്‍ച്ച് ബിഷപ് സിനഡില്‍ പോലും ഉത്തരം പറഞ്ഞിട്ടില്ല. അതേക്കുറിച്ച്‌ സിനഡില്‍ ചര്‍ച്ച പോലും ഉണ്ടായിട്ടില്ല. ആ സാഹചര്യത്തിലാണ് ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ഇടപ്പെട്ട് ഐകരൂപ്യത്തേക്കാള്‍ പ്രധാനം ഐക്യമാണെന്ന് വ്യക്തമാക്കിയത്.

നേരായ വഴിക്ക് എടുക്കാത്ത ഏകാധിപത്യപരമായ തീരുമാനത്തെ അനുസരണത്തിന്റെ നുകത്തില്‍ കെട്ടി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നത് ലജ്ജാകരവും അധാര്‍മ്മികവുമാണ്. രൂപതകളിലെ ദൈവജനത്തോട് ആലോചിച്ച്‌ തീരുമാനിച്ച കുര്‍ബാനയുടെ പരിഷ്‌കരിച്ച ടെക്സ്റ്റിനെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു. പക്ഷേ യാതൊരു കാരണവശാലും ഇപ്പോള്‍ തങ്ങളുടെ അതിരൂപതയില്‍ ചൊല്ലിവരുന്ന ജനാഭിമുഖ കുര്‍ബാനയില്‍ മാറ്റം വരുത്താന്‍ സമ്മതിക്കില്ലെന്നും വൈദിക സമിതി വ്യക്തമാക്കി.

ഇക്കാര്യത്തില്‍ അതിരൂപതയിലെ വൈദികരുടെയും അല്മായരുടെയും തീരുമാനം വത്തിക്കാനെ അറിയിച്ചിട്ടുണ്ടെങ്കിലും അതിനു വിരുദ്ധമായി മേജര്‍ ആര്‍ച്ചുബിഷപ്പും സീറോ മലബാര്‍ മെത്രാന്‍ സിനഡും തങ്ങളുടെ മേല്‍ അവരുടെ തീരുമാനം അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചാല്‍ അതിനെ തങ്ങള്‍ക്ക് ശക്തമായി ചെറുക്കേണ്ടതായി വരുമെന്നും യോഗം വ്യക്തമാക്കിയതായി എറണാകുളംഅങ്കമാലി അതിരൂപത വൈദിക കൂട്ടായ്മയ്ക്കുവേണ്ടി വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ അറിയിച്ചു.

 

Eng­lish Sum­ma­ry: Sac­ri­fice uni­fi­ca­tion in the Syro-Mal­abar Church: the need not to impose a decision

 

You may like this video also

Exit mobile version