Site icon Janayugom Online

സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ്: പൊലീസ് മുകളിലേക്ക് കയറിയപ്പോൾ മറ്റൊരു ലിഫ്റ്റ് വഴി പ്രതി താഴേക്ക്, പിടികൊടുക്കാതെ പ്രവീണ്‍ റാണ

praveen Rana

സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പുകേസ് പ്രതി പ്രവീൺ റാണ പൊലീസിനെ കബളിപ്പിച്ച് കൊച്ചി കലൂരിലെ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ടു. പൊലീസ് മുകളിലേക്ക് കയറിയപ്പോൾ മറ്റൊരു ലിഫ്റ്റ് വഴി റാണ രക്ഷപ്പെടുകയായിരുന്നു. ഫ്ലാറ്റിലുണ്ടായിരുന്ന രണ്ട് കാറുകളടക്കം നാല് വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. പൊലീസ് പ്രത്യേക സംഘങ്ങളായി തിരഞ്ഞ് പ്രവീൺ റാണയ്ക്കായി തിരച്ചിൽ തുടരുകയാണ്. 

നിക്ഷേപ തട്ടിപ്പകേസുമായി ബന്ധപ്പെട്ട് 22 കേസുകളിൽ പ്രതിയാണ് പ്രവീൺ റാണ. ഇയാള്‍ നാല് കൊല്ലം കൊണ്ട് നൂറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ‘സേഫ് ആന്റ് സ്ട്രോങ്ങ് നിധി’ എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളിൽ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞുമായിരുന്നു നിക്ഷേപങ്ങളത്രയും വാങ്ങിക്കൂട്ടിയത്. ഫ്രാഞ്ചൈസിയിൽ ചേർന്നാൽ നാൽപ്പത്തിയെട്ടു ശതമാനം പലിശയും കാലാവധി കഴിയുമ്പോൾ മുതലും തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് നിക്ഷേപകർ വീണത്. 

തൃശൂരിലെ സ്വകാര്യ എഞ്ചിനിയറിങ് കോളജിൽ നിന്ന് ബിടെക് ബിരുദം നേടിയ ശേഷം പത്തുകൊല്ലം മുമ്പാണ് നിക്ഷേപം സ്വീകരിക്കുന്ന ബിസിനസ് തുടങ്ങുന്നത്. പിന്നീട് സേഫ് ആന്റ് സ്ട്രോങ്ങ് നിധിയെന്ന സാമ്പത്തിക സ്ഥാപനമായി രൂപം മാറി. തൃശൂർ, പാലക്കാട് ജില്ലകളിലായി ഇരുപതിലധികം ബ്രാഞ്ചുകളാണ് കമ്പനിക്കുള്ളത്. നൂറിലേറെ ജീവനക്കാരാണ് അവിടെ പ്രവർത്തിക്കുന്നത്. 

ഹോട്ടൽ ആന്റ് ടൂറിസം മേഖലയിൽ നിക്ഷേപിക്കാനെന്ന് പറഞ്ഞാണ് നിക്ഷേപം സ്വീകരിച്ചത്. നിധിയിലെ നിക്ഷേപത്തിന് പലിശ പന്ത്രണ്ട് ശതമാനമായിരുന്നു. എന്നാൽ നിക്ഷേപകർക്കായി ഫ്രാഞ്ചൈസി എന്ന മറ്റൊരു കെണി റാണ ഒരുക്കിയിരുന്നു. കമ്പനിയുടെ ഫ്രാഞ്ചൈസിയിൽ അംഗമാകാം. നാൽപ്പത്തിയെട്ട് ശതമാനം വരെ പലിശ നൽകുമെന്നായിരുന്നു വാഗ്ദാനം. കാലാവധി തീർന്നാൽ മുതലും മടക്കി നൽകും. തുടക്കത്തിൽ പലിശ മുടക്കമില്ലാതെ കിട്ടിയതോടെ നിക്ഷേപകരും ജീവനക്കാരും പരിചയത്തിലുള്ളവരെയെല്ലാം റാണയുടെ ഫ്രാഞ്ചൈസിയിൽ നിക്ഷേപകരാക്കി. 

ഇതോടെ വമ്പൻ പ്രചരണങ്ങളും പരസ്യങ്ങളുമായി റാണ അരങ്ങ് കൊഴുപ്പിച്ചു. പൂനെയിലും കൊച്ചിയിലും ഡാൻസ് ബാറുകളും തുടങ്ങി. കൂടുതൽ നിക്ഷേപം കൊണ്ടുവരുന്നവർക്ക് വമ്പൻ സമ്മാനങ്ങളും നൽകി. പൊലീസുകാരുമായും ഉന്നത രാഷ്ട്രീയക്കാരുമായും ബന്ധങ്ങളുണ്ടാക്കി. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സ്വതന്ത്രനായി മത്സരിച്ച റാണ ആയിരം വോട്ടും നേടി. ചോരൻ എന്ന പേരിൽ പുറത്തിറങ്ങിയ സിനിമയിലെ നായകനും റാണയായിരുന്നു. 

Eng­lish Sum­ma­ry: Safe and Strong Invest­ment Fraud; Police to arrest accused Praveen Rana 

You may also like this video

Exit mobile version