മെഡിക്കൽ കോളജുകളിൽ അഞ്ച് ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂർത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ഓരോ മെഡിക്കൽ കോളജിലും ഗ്യാപ് അനാലിസിസ് നടത്തണം. 15 ദിവസത്തിനകം സെക്യൂരിറ്റി അലാറം സംവിധാനം സ്ഥാപിക്കണം. അറിയിപ്പ് നൽകുന്നതിന് പബ്ലിക് അഡ്രസ് സിസ്റ്റം ഉടൻ സ്ഥാപിക്കണം. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട മുൻകരുതലുകളെടുക്കാനും മന്ത്രി നിർദേശം നൽകി. മെഡിക്കൽ കോളജുകളുടെ സുരക്ഷാ സംവിധാനം വർധിപ്പിക്കാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.
സെക്യൂരിറ്റി ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കണം. രോഗികളുടെ വിവരങ്ങൾ അറിയിക്കുന്നതിന് ബ്രീഫിങ് റൂം ഒരുക്കണം. വാർഡുകളിൽ കൂട്ടിരിപ്പുകാർ ഒരാൾ മാത്രമേ പാടുള്ളൂ. അത്യാഹിത വിഭാഗത്തിൽ രണ്ട് പേർ മാത്രം. സാഹചര്യമനുസരിച്ച് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം അധികമായി ഒരാളെക്കൂടി അനുവദിക്കാം. ആശുപത്രി സുരക്ഷയ്ക്കായി ഒരു നമ്പർ നൽകുകയും പ്രദർശിപ്പിക്കുകയും വേണം. രോഗികളും ആശുപത്രി ജീവനക്കാരുമായി സൗഹാർദപരമായ അന്തരീക്ഷം ഉണ്ടാകണം. ആശുപത്രികളിൽ ആക്രമണം ഉണ്ടായാൽ അത് തടയുന്നതിന് സുരക്ഷാ സംവിധാനം അടിയന്തരമായി പ്രവർത്തിക്കണം.
സുരക്ഷ ഉറപ്പാക്കാനായി ആശുപത്രികളില്‍ ഏകവാതിൽ സംവിധാനം വേണം. സുരക്ഷ ഉറപ്പാക്കാൻ വാക്കി ടോക്കി സംവിധാനം ഏർപ്പെടുത്തും. ഇടനാഴികകളിൽ വെളിച്ചവും സുരക്ഷാ സംവിധാനവും ഉറപ്പാക്കണം. സെക്യൂരിറ്റി ജീവനക്കാർ പട്രോളിങ് നടത്തണം. മോക് ഡ്രിൽ നടത്തി സുരക്ഷാ സംവിധാനം ഉറപ്പാക്കണമെന്നും നിർദേശം നൽകി.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ, ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
english summary; Safety audit in medical colleges within five days
you may also like this video;