Site iconSite icon Janayugom Online

വന്ദേഭാരത് ഉദ്ഘാടനത്തിലും കാവിവല്‍ക്കരണം

സർക്കാർ പരിപാടികളെ കാവിവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി എറണാകുളം-ബംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിച്ച് ദക്ഷിണ റെയില്‍വേ. സംഭവം വൻ വിവാദത്തിന് തിരികൊളുത്തിയതോടെ വീഡിയോ നീക്കം ചെയ്തു.

ദേശഭക്തിഗാനം എന്ന കുറിപ്പോടെയാണ് കുട്ടികള്‍ ആര്‍എസ്എസ് ഗണഗീതം പാടുന്നതിന്റെ ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവെച്ചത്. സ്‌കൂള്‍ യൂണിഫോം ധരിച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികളും രണ്ട് സ്ത്രീകളുമാണ് വീഡിയോയിലുള്ളത്. ഇതിനെതിരേ നിരവധി കോണുകളിൽനിന്ന് വിമർശനം ഉയർന്നതോടെ വീഡിയോ നീക്കം ചെയ്ത് തടിയൂരുകയായിരുന്നു. ഉദ്ഘാടന യാത്രയിൽ ഈ കുട്ടികളെയും പങ്കെടുപ്പിച്ചിരുന്നു.

രാജ്യത്തിന്റെ പലഭാഗങ്ങളിൽ ഇതിന് മുമ്പ് നിരവധി തവണ വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തിട്ടുണ്ടെങ്കിലും ആർഎസ്എസ് ഗണഗീതം പാടുന്നത് ഇതാദ്യമാണ്. ഇന്നലെ തന്നെ മറ്റ് മൂന്ന് വന്ദേഭാരത് ട്രെയിനുകള്‍ ഉദ്ഘാടനം ചെയ്തുവെങ്കിലും അവിടെയൊന്നും ഇത്തരമൊരു ഗാനാലാപനം ഉണ്ടായിരുന്നില്ല. കേരളത്തില്‍ വിവാദം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഉദ്ഘാടനചടങ്ങുമായി ബന്ധപ്പെട്ട് ഇത്തരമൊരു പരിപാടി പ്രത്യേകമായി സംഘടിപ്പിക്കുകയായിരുന്നു എന്നാണ് സൂചന.
റെയിൽവേയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതിഷേധിച്ചു. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അപരമത വിദ്വേഷവും വർഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രചരിപ്പിക്കുന്ന ആർഎസ്എസിന്റെ ഗാനം സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയെ പോലും തങ്ങളുടെ വർഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാർ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ആര്‍എസ്എസ് ഗണഗീതം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ദക്ഷിണ റെയിൽവേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുക കൂടിയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ സംഘ്പരിവാറിന്റെ വർഗീയ പ്രചരണത്തിന് വിദ്യാർത്ഥികളെ ഉപയോഗിച്ച റെയിൽവേയുടെ നടപടി നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

Exit mobile version