Site iconSite icon Janayugom Online

സാകേത് ഗോഖലെയുടെ അറസ്റ്റ്: ഗുജറാത്ത് പോലീസിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖലയെ അനധികൃതമായി കസ്റ്റഡിയിലെടുത്തതിന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഗുജറാത്ത് പോലീസിനെതിരെ കേസെടുത്തു. സാകേത് ഗോഖലെ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 

“എന്നെ അനധികൃതമായി കസ്റ്റഡിയില്‍ എടുത്തതിനും ലോക്കല്‍ പോലീസിനെ പോലും അറിയിക്കാതെ ജയ്പൂരില്‍ നിന്നും അഹമ്മദാബാദിലേക്ക് കൊണ്ടുപോയതിനുമാണ് കേസ്”- അദ്ദേഹം തന്റെ ട്വീറ്റില്‍ പറയുന്നു. മോര്‍ബി പാലം തകര്‍ന്ന പ്രദേശം സന്ദര്‍ശിച്ചതിന് നരേന്ദ്ര മോദി 30 കോടി ചെലവാക്കിയെന്ന വാര്‍ത്ത പങ്കുവച്ചതിന് നാല് ദിവസത്തിനിടെ രണ്ട് ദിവസമാണ് സാകേതിനെ പോലീസ് അറസ്റ്റ് ചെയ്തത്. വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഒരു വാര്‍ത്തയാണ് സാകേത് പങ്കുവച്ചത്. അതേസമയം ഈ വാര്‍ത്ത വ്യാജമാണെന്ന് പ്രസ് ഇൻഫൊര്‍മേഷൻ ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാച്ഛു നദിയില്‍ 141 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തമുണ്ടായതിന്റെ പിറ്റേന്ന് നവംബര്‍ 1നാണ് പ്രധാനമന്ത്രി മോര്‍ബി സന്ദര്‍ശിച്ചത്. ഡിസംബര്‍ 5ന് ഗുജറാത്ത് പോലീസ് രാജസ്ഥാൻ പോലീസിനെ അറിയിക്കാതെ സാകേതിനെ ജയ്പൂരില്‍ നിന്നും പിടികൂടി. അഹമ്മദാബാദിലെത്തിച്ച ശേഷം ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ഡിസംബര്‍ എട്ട് വരെ പോലീസ് കസ്റ്റഡിയില്‍ വിടുകയുമായിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തിനായി സാകേത് മോദിയുടെ മോര്‍ബി സന്ദര്‍ശനത്തെക്കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചുവെന്നാണ് ഗുജറാത്ത് പോലീസ് പറയുന്നത്.

ഡിസംബര്‍ എട്ടിന് അഹമ്മദാബാദ് കോടതി ഇദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടുവെങ്കിലും മോര്‍ബി ജില്ലയില്‍ ഫയല്‍ ചെയ്ത മറ്റൊരു കേസില്‍ ഉടന്‍ തന്നെ വീണ്ടും അറസ്റ്റിലായി. മോദിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു എന്നത് കൂടാതെ തെരഞ്ഞെടുപ്പ് സമയത്ത് വര്‍ഗ്ഗീയ വിദ്വേഷം പരത്താൻ ശ്രമിച്ചുവെന്നാണ് മോര്‍ബി പോലീസ് പറയുന്നത്. പിറ്റേന്ന് തന്നെ അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തു. 

ആദ്യ കേസില്‍ തന്നെ അറസ്റ്റ് ചെയ്ത ഗുജറാത്ത് പോലീസിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാകേത് ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയത്. ജയ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും തന്നെ അറസ്റ്റ് ചെയ്ത് ഗുജറാത്തിലേക്ക് കൊണ്ടുവന്ന പോലീസിന് പ്രാദേശിക മജിസ്ട്രേറ്റില്‍ നിന്നുള്ള ട്രാൻസിറ്റ് റിമാന്‍ഡ് (കസ്റ്റഡിയിലുള്ളയാളുമായി യാത്ര ചെയ്യാനുള്ള അനുമതി) ഉണ്ടായിരുന്നില്ലെന്നും ഇത് സിആര്‍പിസി 167-ാം വകുപ്പിന്റെ ലംഘനമാണെന്നും സാകേത് ഗോഖലെ ആരോപിച്ചു.

കൂടാതെ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് 28 മണിക്കൂറോളം താൻ പോലീസിന്റെ കസ്റ്റഡിയിലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കണമെന്നാണ് ചട്ടം. “ഹിറ്റ്ലറിന്റെ നാസി ജര്‍മ്മനിയിലെ രാഷ്ട്രീയ പോലീസുകാരുടെ(ജെസ്റ്റപ്പോ) ശൈലിയില്‍ നിയമം ലംഘിച്ച് ആളുകളെ അനധികൃത കസ്റ്റഡിയിലെടുക്കുന്നതും അര്‍ദ്ധരാത്രി സംസ്ഥാന അതിര്‍ത്തികള്‍ കടത്തുന്നതും ബിജെപിയുടെ മുഖമുദ്രയായിരിക്കുന്നു. ഞാൻ പോരാടും, എന്നത്തേക്കാളും കരുത്തോടെ പോരാടും” അദ്ദേഹം മറ്റൊരു ട്വീറ്റില്‍ അറിയിച്ചു.

Eng­lish Sum­mery: Saket Gokhale arrest: Human rights pan­el reg­is­ters case against Gujarat Police
You May Also Like This Video

Exit mobile version