പ്രമുഖ നാടക പ്രവർത്തകനും എഴുത്തുകാരനുമായ സലാം പള്ളിത്തോട്ടം (76) അന്തരിച്ചു. രാവിലെ 11 മണിയോടെ കൊല്ലം പള്ളിത്തോട്ടത്താണ് അന്ത്യം. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. കൊല്ലം ജില്ലയിലെ പള്ളിത്തോട്ടത്ത് ജനിച്ചു വളർന്ന സലാം എഴുത്ത് കാര്യമായെടുത്തതോടെയാണ് കോഴിക്കോടേക്ക് താമസം മാറിയത്. കോഴിക്കോട്ട് ചെന്ന് വൈക്കം മുഹമ്മദ് ബഷീറിനെ കാണുക എന്ന ലക്ഷ്യത്തോടെയെത്തിയ അദ്ദേഹം പിന്നീട് കോഴിക്കോട്ട് സ്ഥിരതാമസമാക്കുകയായിരുന്നു. പഠിക്കുന്ന കാലത്ത് വിദ്യാർഥി ഫെഡറേഷനുമായുണ്ടായിരുന്ന ബന്ധവും ജനയുഗത്തിൽ ആര്യാട് ഗോപിയുമായുള്ള അടുപ്പവും അദ്ദേഹത്തിന് വലിയ സൗഹൃദങ്ങൾ സമ്മാനിച്ചു. സിപിഐ ജില്ലാ കൗൺസിൽ ഓഫീസായ കോഴിക്കോട്ടെ കൃഷ്ണപ്പിള്ള മന്ദിരത്തിൽ ഏറെക്കാലം താമസിച്ചു. യുവകലാസാഹിതിയുടേയും ഇപ്റ്റയുടേയും സജീവ പ്രവർത്തകനായിരുന്നു.
സലാമിന്റെ ആദ്യ കഥ ‘ചങ്ങല’ അച്ചടിച്ച് വരുന്നത് പതിനാറാം വയസിലാണ്. എഴുത്തുകാരൻ വൈക്കം ചന്ദ്രശേഖരൻ നായർ പത്രാധിപരായിരുന്ന ‘കുങ്കുമം’ മാസികയിൽ. ‘തെരുവിലെ മനുഷ്യൻ’, ‘കയറ്റം’, ‘ഉപാസന’ തുടങ്ങിയവ തുടർ വർഷങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ‘ആ ശൂന്യത വീണ്ടും’ എന്ന ചെറുനോവലും ‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന നാടകവും ശ്രദ്ധിക്കപ്പെട്ട രചനകളായിരുന്നു.
ബീഡി തെറുത്ത് തുടക്കകാലത്ത് ജീവിതവഴി കണ്ടെത്തിയ അദ്ദേഹം, തുടർന്ന് ഹോട്ടൽ വ്യാപാരം, പുസ്തക പ്രസാധനം, ചലച്ചിത്ര വിതരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു. ധ്രുവനക്ഷത്രം, പാതിരാസൂര്യൻ, പാഠം ഒന്ന് ഭാരതം, പവിഴദ്വീപ്, ആഴങ്ങളിൽ ഉയരം, ഇടവപ്പാതിയും കാത്ത് തുടങ്ങിയവ സ്റ്റേജ് നാടകങ്ങളാണ്. ഇരുട്ടിൽ ഒരു മെഴുകുതിരി ഗർജനം, തീവണ്ടി പോകുന്ന നേരം, നീലച്ചുണ്ടുള്ള പക്ഷി, നെയ്യപ്പം വിൽക്കുന്ന കുട്ടി തുടങ്ങിയവയാണ് ശ്രദ്ധേയമായ റേഡിയോ നാടകങ്ങൾ.
ബഷീറിന്റെ ‘ശബ്ദങ്ങൾ’, രവീന്ദ്രനാഥ ടാഗോറിന്റെ ‘പോസ്റ്റ്മാൻ’, ചങ്ങമ്പുഴയുടെ ‘രമണൻ, പി കെ ബാലകൃഷ്ണന്റെ ‘ഇനി ഞാൻ ഉറങ്ങട്ടെ’ തുടങ്ങിയ പ്രസിദ്ധ സാഹിത്യ കൃതികൾക്ക് നാടകാവിഷ്കാരം നൽകി. തേൻനിലാവ്, ഒരു തീരം മഹാസാഗരം നോവലുകളാണ്. മൗനത്തിന്റെ ശബ്ദം (1984), മലകൾ മനുഷ്യർ താഴ് വരകൾ (1989), നെയ്യപ്പം വിൽക്കുന്ന കുട്ടി (1989), ഒരു തീരം മഹാസാഗരം (1992) എന്നിവ തിരക്കഥകളാണ്.
സ്വദേശാഭിമാനി’ പത്രത്തിന്റെ പ്രസാധകനും വിഖ്യാത സ്വാതന്ത്ര്യസമര സേനാനിയും ആയിരുന്ന വക്കം മൗലവിയുടെ അനന്തിരവൻ മുഹമ്മദ് നൂഹ് ആണ് പിതാവ്. ക്രൈസ്തവ വിശ്വാസത്തിൽ നിന്ന് ഇസ്ലാമിലേക്കുവന്ന റജീന എന്ന നബീസയാണ് മാതാവ്. സഹോദരങ്ങൾ: ഫാത്തിമ ബീവി, മുനീറ. ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി വി ബാലൻ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ എന്നിവർ അനുശോചിച്ചു.
English Summary: Salam Pallitotam passed away
You may also like this video