Site icon Janayugom Online

ധനസഹായം ലഭിച്ചില്ല; ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപകരുടെ ശമ്പളം വെട്ടിക്കുറച്ചു

സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം ലഭിക്കാത്തതിനാല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ അധ്യാപകരുടെ ശമ്പളം വെട്ടിക്കുറച്ചു. ദീന്‍ ദയാല്‍ ഉപാധ്യായ കോളജിലെ അസോസിയറ്റ് — അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ വേതനമാണ് വെട്ടിക്കുറച്ചത്. അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ വേതനത്തില്‍ നിന്ന് 30,000 രൂപയാണ് കുറവ് വരുത്തിയത്. പ്രൊഫസര്‍മാര്‍, അസോസിയറ്റ് പ്രൊഫസര്‍മാര്‍ എന്നിവര്‍ക്ക് അരലക്ഷം രൂപ കുറച്ചാണ് ജൂലൈ മാസത്തെ വേതനം നല്കിയിരിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിക്കാത്തതിനാല്‍ വേതനത്തില്‍ വെട്ടിക്കുറവ് വരുത്തുവാന്‍ നിര്‍ബന്ധിതമായെന്ന് കാണിച്ച് പ്രിന്‍സിപ്പല്‍ ഹേം ചന്ദ് ജെയിന്‍ അധ്യാപകര്‍ക്ക് നോട്ടീസ് നല്കുകയും ചെയ്തു. സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തതിനാല്‍ വൈദ്യുതി ചാര്‍ജ്ജ് അടച്ചില്ലെന്നും അതുകൊണ്ട് അഞ്ചുദിവസം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. അതേസമയം വേതനം നല്കാത്തതു സംബന്ധിച്ച് ഗവേണിങ് ബോഡി ചെയര്‍മാന്‍ സുനില്‍കുമാര്‍ പ്രിന്‍സിപ്പല്‍ ഹേംചന്ദ് ജെയിനോട് വിശദീകരണം തേടി. മതിയായ ഫണ്ട് അനുവദിച്ചിരുന്നതായും അദ്ദേഹം പറയുന്നു. ബാങ്കില്‍ നിക്ഷേപമായി കിടക്കുന്ന 25 കോടിയില്‍ നിന്ന് വേതനം നല്കാമായിരുന്നില്ലേയെന്നും സുനില്‍ കുമാര്‍ ആരാഞ്ഞു.

Eng­lish Sum­ma­ry: Salaries of Del­hi Uni­ver­si­ty teach­ers cut
You may also like this video

Exit mobile version