പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. 2023–24ൽ നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ (എൻഎംപി) പ്രകാരം 1.56 ലക്ഷം കോടി രൂപയുടെ ആസ്തികളാണ് സർക്കാർ വിറ്റഴിച്ചത്. ലക്ഷ്യമിട്ടിരുന്നത് 1.8 ലക്ഷം കോടിയാണെങ്കിലും ഒരു സാമ്പത്തികവര്‍ഷത്തില്‍ നേടുന്ന ഏറ്റവും വലിയ തുകയാണിത്. മൂന്നുവര്‍ഷംകൊണ്ട് 3.85 ലക്ഷം കോടി രൂപ വിവിധ മേഖലകളിലെ കേന്ദ്രസര്‍ക്കാര്‍ ആസ്തികള്‍ പാട്ടത്തിന് നല്‍കി സമാഹരിച്ചിട്ടുണ്ട്.
2021–22 വർഷത്തെ കേന്ദ്ര ബജറ്റിലാണ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ദേശീയ ധനസമ്പാദന പൈപ്പ് ലൈൻ (എൻഎംപി) പ്രഖ്യാപിച്ചത്. നാല് വർഷത്തിനകം ആറുലക്ഷം കോടി രൂപ മൂല്യം വരുന്ന പൊതുമേഖലയുടെ ആസ്തികൾ പാട്ടത്തിനു നൽകുകയാണ് ദേശീയ ധനസമ്പാദന പദ്ധതിയിലൂടെ നിതി ആയോഗ് ലക്ഷ്യമിടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിന് പുറമെയാണ് റോഡ്, റെയിൽവേ, ടെലികോം, വിമാനത്താവളങ്ങൾ, ഊർജ വിതരണം തുടങ്ങി 13 സുപ്രധാന മേഖലകളിലേക്ക് സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നത്.
2021–22, 22–23 വർഷങ്ങളിലെ മൊത്തം ലക്ഷ്യം 2.5 ലക്ഷം കോടി രൂപയായിരുന്നു. ഇതില്‍ 2.30 ലക്ഷം കോടി കൈവരിച്ചതായി ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. മുന്‍വര്‍ഷത്തെക്കാള്‍ 159 ശതമാനം വര്‍ധനയോടെ 1.56 ലക്ഷം കോടി കേന്ദ്രസര്‍ക്കാരിന് കണ്ടെത്താന്‍ കഴിഞ്ഞു. 2023–24 സാമ്പത്തിക വർഷത്തിൽ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം 40,314 കോടിയുടെ ആസ്തികൾ പാട്ടത്തിന് വിട്ടുനല്‍കി. കൽക്കരി മന്ത്രാലയത്തിന്റെ തുക 56,794 കോടിയാണ്. വൈദ്യുതി മേഖലയില്‍ നിന്നും 14,690 കോടി സമാഹരിച്ചു. ഖനി-4,090 കോടി, പെട്രോളിയം, പ്രകൃതി വാതകം-9,587 കോടി, നഗരവികസന മന്ത്രാലയം-6,480 കോടി, ഷിപ്പിങ് 7,627 കോടി എന്നിങ്ങനെ ആസ്തികളാണ് സ്വകാര്യമേഖലയ്ക്ക് വിട്ടുനല്‍കിയത്. ഈ മന്ത്രാലയങ്ങളെല്ലാം അവരുടെ ധനസമ്പാദന ലക്ഷ്യത്തിന്റെ 70 ശതമാനം കൈവരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഒഡിഷ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലെ ആസ്തികള്‍ പണമാക്കി മാറ്റുന്നതിലാണ് കേന്ദ്രവും നിതി ആയോഗും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സംസ്ഥാന ഹൈവേകൾ, എക്സ്പ്രസ് വേകൾ, പവർ ട്രാൻസ്മിഷൻ നെറ്റ്‌വർക്ക്, അർബൻ ബസ് ടെർമിനലുകൾ, വെയർഹൗസുകൾ എന്നിവ ഇതിനോടകം പാട്ടത്തിന് വിട്ടുനല്‍കിയ ആസ്തികളിൽ ഉൾപ്പെടും.
അതേസമയം റെയില്‍വേയുടെ ആസ്തിവില്പന കാര്യമായി മുന്നോട്ടുനീങ്ങാത്തതാണ് ധനസമ്പാദന ലക്ഷ്യത്തെ പിന്നോട്ടടിക്കുന്നത്. 2022–23 സാമ്പത്തിക വർഷം 30,000 കോടി ലക്ഷ്യമിട്ടിരുന്നിടത്ത് 1,829 കോടി മാത്രമാണ് റെയില്‍വേ മന്ത്രാലയത്തിന് സമാഹരിക്കാനായത്. നാല് വര്‍ഷം കൊണ്ട് ആകെ 1.52 ലക്ഷം കോടി കണ്ടെത്തുകയായിരുന്നു നിതി ആയോഗ് ലക്ഷ്യമിട്ടത്. ഇതില്‍ 400 റെയില്‍വേ സ്റ്റേഷനുകളും 90 ട്രെയിനുകളും 15 റെയില്‍വേ സ്റ്റേഡിയങ്ങളും സ്വകാര്യവല്‍ക്കരിക്കുന്നത് ഉള്‍പ്പെടുന്നു. എന്നാല്‍ ലക്ഷ്യമിട്ടതിന്റെ പകുതിപോലും കൈവരിക്കാനാകില്ലെന്ന് ധനമന്ത്രാലയം വിലയിരുത്തുന്നു.
English Summary:Sale of central government’s public funds goes ahead
You may also like this video