Site iconSite icon Janayugom Online

പന്തില്‍ ഉമിനീര്‍ പുരട്ടാം; വിലക്ക് നീക്കുന്ന ആദ്യ ടൂര്‍ണമെന്റായി ഐപിഎല്‍

ഐപിഎല്ലില്‍ കൊറോണ കാലത്ത് കൊണ്ടു വന്ന നിയമത്തില്‍ മാറ്റം വരുത്തി ബിസിസിഐ. ബൗളര്‍മാരോ ഫീല്‍ഡര്‍മാരോ പന്തില്‍ ഉമിനീര്‍ പുരട്ടി പന്തെറിയുന്നതിലുള്ള വിലക്ക് നീക്കി. ഇത്തവണ ഐപിഎല്ലില്‍ ഈ നിയമം ബാധകമായിരിക്കില്ല. ഐപിഎല്‍ ക്യാപ്റ്റന്‍മാരുടെ യോഗത്തിലാണ് തീരുമാനം. ബിസിസിഐ നീക്കത്തെ എല്ലാ നായകന്‍മാരും സ്വാഗതം ചെയ്തു. കോവിഡ് 19 പടര്‍ന്നു പിടിച്ച പശ്ചാത്തലത്തില്‍ സുരക്ഷ മുന്‍നിര്‍ത്തി പ­ന്തില്‍ തുപ്പല്‍ പുരട്ടുന്നത് ഐസിസി താല്‍ക്കാലികമായി നിരോധിക്കുകയായിരുന്നു. പ­ന്തില്‍ ഉമിനീര്‍ പുരട്ടുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് എടുത്തുമാറ്റണമെന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം മുഹമ്മദ് ഷമി കഴിഞ്ഞ ദിവസം പരസ്യമായി ആവശ്യപ്പെട്ടിരുന്നു. പന്തിന് സ്വിങ്ങും റിവേഴ്സ് സ്വിങ്ങും ലഭിക്കാനായി പന്തില്‍ ഉമിനീര്‍ പുരട്ടുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്ന് ഷമി പറഞ്ഞിരുന്നു.

ഐപിഎല്‍ പുതിയ സീസണ്‍ ഈ മാസം 22ന് തുടങ്ങാനിരിക്കെയാണ് ശ്രദ്ധേയ തീരുമാനം. ഇതോടെ കോവിഡിനുശേഷം ഉമിനീര്‍ ഉപയോഗിച്ചു ബൗളര്‍മാര്‍ പന്തെറിയുന്ന ആദ്യ പോരാട്ടമായി ഐപിഎല്‍ മാറും. ഓഫ് സ്റ്റമ്പിന് പുറത്തുപോകുന്ന ഹൈറ്റ് വൈഡുകള്‍ റിവ്യു ചെയ്യാനുള്ള അവസരവും ഇത്തവണ ടീമുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. നേരത്തെ കോവിഡ് മഹാമാരിയുടെ കാലത്താണ് രോഗവ്യാപനം തടയുന്നതിനായി ഉമിനീര് ഉപയോഗിച്ച് ബോളിനു തിളക്കം കൂട്ടുന്നതിനെ ഐസിസി വിലക്കിയത്. 2022ല്‍ ഐസിസി ഇതിനെ എന്നെന്നേക്കുമായി വിലക്കുന്നതായി പ്രഖ്യാപിക്കുകയുമായിരുന്നു. പക്ഷെ ഐസിസിയുടെ ഈ നീക്കം ബൗളര്‍മാര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. പല ബൗളര്‍മാരും ഈ നീക്കത്തെ ചോദ്യവും ചെയ്തിരുന്നു. 

ബൗളര്‍മാര്‍ക്ക് ഇനി ഉമിനീര് ഉപയോഗിച്ച് ബോളിന്റെ തിളക്കം കൂട്ടാന്‍ അനുവാദം നല്‍കുന്നതിനൊപ്പം മ­ഞ്ഞു­വീഴ്ച കാരണമുള്ള ഇംപാക്ട് കുറയ്ക്കാന്‍ പുതിയൊരു നിയമവും കൂടി ബിസിസിഐ കൊണ്ടുവന്നിരിക്കുകയാണ്. പ്ര­തിരോധിക്കാനായി രണ്ടാം ഇന്നിങ്സില്‍ രണ്ട് പന്തുപയോഗിക്കാനും യോഗത്തില്‍ തീരുമാനമായി. രണ്ടാം ഇന്നിങ്സിലെ 11-ാം ഓവര്‍ മുതലായിരിക്കും രണ്ടാമത്തെ പന്ത് ഉപയോഗിക്കുക. ഇതുവഴി ടോസ് നേടുന്ന ക്യാപ്റ്റന് ലഭിക്കുന്ന അധിക ആനുകൂല്യം ഇല്ലാതാക്കാനാവുമെന്നാണ് ഐപിഎല്‍ ഭരണസമിതിയുടെ പ്രതീക്ഷ. എന്നാല്‍ രണ്ടാമത്തെ ന്യൂബോള്‍ കളിയില്‍ കൊണ്ടു വരണമോ, വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം അമ്പയറുടേതാണ്.

Exit mobile version