ഇന്ത്യക്കാര്‍ അമിതമായി ഉപ്പ് ഉപയോഗിക്കുന്നതായി ഐസിഎംആര്‍ പഠനം. ഭക്ഷണക്രമത്തില്‍ ഉപ്പിന്റെ അനുവദനീയമായ അളവിന്റെ ഇരട്ടിയാണ് ഇന്ത്യക്കാര്‍ ഉപയോഗിക്കുന്നത്. ഇക്കാരണത്താല്‍ രക്തസമ്മര്‍ദം, പക്ഷാഘാതം, ഹൃദ്രോഗം, വൃക്ക തകരാര്‍ തുടങ്ങിയ മരണസാധ്യത കൂടുതലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ഐസിഎംആറിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ ശാസ്ത്രജ്ഞർ പറയുന്നു. രാജ്യത്തെ ഉപ്പ് ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് പുതിയ പദ്ധതിയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ആരംഭിച്ചിട്ടുണ്ട്.
ലോകാരോഗ്യസംഘടന അനുവദിക്കുന്ന ഉപ്പിന്റെ അളവ് പ്രതിദിനം 5 ഗ്രാം മാത്രമാണ്. എന്നാല്‍ ഇന്ത്യക്കാര്‍ പ്രതിദിനം 14 ഗ്രാം ഉപ്പ് ഉപയോഗിക്കുന്നു. അതായത് ലോകാരോഗ്യസംഘടന നിർദേശിക്കുന്നതിന്റെ മൂന്നിരട്ടി. നഗരപ്രദേശങ്ങളിലുള്ളവര്‍ പ്രതിദിനം 9.2 ഗ്രാം ഉപ്പ് ഉപയോഗിക്കുന്നു. ഗ്രാമങ്ങളില്‍ 5.6 ഗ്രാമുമാണ് ഉപയോഗിക്കുന്നത്. ഇത് രണ്ടും ആഗോള ആരോഗ്യ നിലവാരത്തേക്കാൾ വളരെ കൂടുതലാണെന്ന് ഐസിഎംആർ പഠനത്തിന്റെ പ്രധാന ഗവേഷകരിൽ ഒരാളായ ഡോ. ശരൺ മുരളി പറഞ്ഞു.
ഈ പ്രശ്നം പരിഹരിക്കാൻ പഞ്ചാബിലും തെലങ്കാനയിലും മൂന്ന് വർഷത്തെ ഒരു പദ്ധതി ഐസിഎംആറിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ഉപ്പ് കുറയ്ക്കാനുള്ള നിർദേശം നൽകി അത് പാലിക്കുന്നവരിൽ രക്തസമ്മർദവും സോഡിയം ഉപഭോഗവും കുറയ്ക്കാൻ സാധിക്കുമോ എന്ന് കണ്ടെത്താനാണ് ഐസിഎംആർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

