Site iconSite icon Janayugom Online

സല്യൂട്ട് റിയല്‍ ഹീറോസ്

മാലിന്യം നിറഞ്ഞ തോട്, ദുര്‍ഗന്ധം, ഇരുട്ട്, വെള്ളത്തിന്റെ ഒഴുക്ക്.. വെല്ലുവിളികള്‍ ഇങ്ങനെ ഒട്ടേറെ. രണ്ട് ദിനരാത്രങ്ങള്‍.. സമീപകാലത്ത് രാജ്യം കണ്ട അസാധാരണ രക്ഷാ ദൗത്യത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. അഗ്നിരക്ഷാ സേന, സ്കൂബ ഡൈവിങ് സംഘം, ദുരന്തനിവാരണ അതോറിട്ടി, നാവിക സേന ഉള്‍പ്പെടെ നാടൊന്നടങ്കം ഒരു ജീവനുവേണ്ടി അക്ഷീണം പ്രയത്നിച്ചു. ശുചീകരണ തൊഴിലാളി ജോയ് കണ്ണീരോര്‍മ്മയായി മാറിയെങ്കിലും വിസ്മരിക്കാനാവില്ല ഈ രക്ഷാദൗത്യത്തെ. യഥാര്‍ത്ഥത്തില്‍ ഹീറോസ് ഇവരാണ്. പ്രത്യേകിച്ച് ഫയര്‍ഫോഴ്സിന്റെ സ്കൂബ ഡൈവിങ് സംഘം.
ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയിയെ കാണാതായെന്ന് അറിഞ്ഞപ്പോള്‍ ആദ്യം ഓടിയെത്തിയത് ചെങ്കല്‍ച്ചൂള നിലയത്തിലെ ഫയര്‍ഫോഴ്സ് അംഗങ്ങളാണ്. ഒരാള്‍ അകപ്പെട്ടു എന്നറിഞ്ഞയുടന്‍ അവിടെ എത്തിയ സംഘത്തിന് മുട്ടോളം വെള്ളമുള്ള തോട്ടില്‍ നിന്ന് ജോയിയെ കണ്ടെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അവിടെ എത്തിയപ്പോള്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു. 

മാലിന്യക്കൂമ്പാരമായിരുന്ന തോട്ടില്‍ നിന്ന് ജോയിയെ കണ്ടെത്താനാകുമോ എന്ന് പകച്ചുപോയ നിമിഷം. അങ്ങനെയാണ് ജില്ലയിലെ സ്കൂബ ടീമിന്റെ സഹായം തേടുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ സ്കൂബ ടീം എത്തുന്നു. മാലിന്യക്കൂമ്പാരം ഫയര്‍ഫോഴ്സിന്റെ നെറ്റ് വഴി നീക്കം ചെയ്തായിരുന്നു തുടക്കം. ആറടിയോളം വെള്ളത്തില്‍ മൂന്നടിയോളം മാലിന്യമായിരുന്നു. രണ്ട് ഡൈവേഴ്സിനെ അതിലൂടെ കടത്തിവിടുകയായിരുന്നു ആദ്യം ചെയ്തത്. പത്തു മീറ്റര്‍ കഴിഞ്ഞ് അവരെ തിരിച്ചു വിളിച്ചു. രണ്ട് പേര്‍ക്കു കടന്നു പോകാനാകുമെങ്കിലും ഉയരുകയോ താഴുകയോ നിവര്‍ന്നു നില്‍ക്കുകയോ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഡൈവേഴ്സിന്റെ ആത്മധൈര്യത്തില്‍ വീണ്ടും ടണലിന്റെ 30 മീറ്ററോളം അകത്തേക്കു പോയി. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം തടസമായി. മാലിന്യം തന്നെയായിരുന്നു രക്ഷാദൗത്യത്തിലെ പ്രധാനവെല്ലുവിളി. എങ്കിലും ജീവന്റെ തുടിപ്പ് തേടി ഉറച്ച വിശ്വാസത്തില്‍ മുന്നോട്ടുപോകാന്‍ അവര്‍ തീരുമാനിച്ചു. ഒമ്പത് പേരടങ്ങുന്ന സ്കൂബ അംഗങ്ങളാണ് ആദ്യം ഫയര്‍ഫോഴ്സിനോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരുന്നത്. ആദ്യത്തെ ടണല്‍ വരുന്ന ഭാഗത്ത് ഇരുവശങ്ങളില്‍ നിന്നാണ് പരിശോധന നടത്തിയത്. ജോയ് ഇല്ല എന്ന് ഉറപ്പു വരുത്തിയതിനുശേഷമാണ് അവിടെ തിരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചത്.

ആമയിഴഞ്ചാന്‍ തോട്ടില്‍ ഇതിനു മുമ്പ് മൂന്ന് തവണ രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കിലും ഇത് അസാധാരണമായിരുന്നുവെന്ന് സ്കൂബ ടീം ലീഡറും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസറുമായ സുഭാഷ് കെ ബി പറഞ്ഞു. ഗുഹയ്ക്കു സമാനമായ അന്തരീക്ഷമായിരുന്നു തോടിനു താഴ് ഭാഗത്ത്. എളുപ്പത്തില്‍ രക്ഷപ്പെടുത്താന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല. അമ്പതടി താഴ്ചയിലേക്ക് വീണ ഒരാളെ ഡൈവ് ചെയ്ത് കണ്ടെത്താന്‍ സാധിക്കും. ഒഴുക്ക്, ഇതുപോലുള്ള തടസങ്ങള്‍ വന്നാല്‍ ദൗത്യം ദുര്‍ഘടമാകുമെന്നും അദ്ദേഹം പറഞ്ഞു. കാഴ്ചയ്ക്കും പരിമിതി ഉണ്ടായി മാന്‍ഹോളില്‍ ദുര്‍ഗന്ധവും ഓക്സിജന്‍ കിട്ടാത്തതിന്റെ പ്രശ്നവും വെല്ലുവിളിയായി. എന്നാല്‍ ജോയിയെ കണ്ടെത്താന്‍ പറ്റുമെന്ന വിശ്വാസം അവസാനം ഉണ്ടായിരുന്നുവെന്ന് സുഭാഷ് പറഞ്ഞു. ഒഴുക്കില്‍പ്പെട്ട ഇടത്തു നിന്നു തന്നെ ജോയിയെ കണ്ടെത്താനാകുമെന്ന നിഗമനത്തിലാണ് തിരച്ചില്‍ ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ മാലിന്യം നീക്കാന്‍ എടുത്ത സമയം സ്കൂബ ഡൈവേഴ്സിനെ അകത്തേക്ക് കയറ്റി വിടാന്‍ എടുത്ത സമയം, ആദ്യ ദിനത്തിലെ വെള്ളത്തിന്റെ ഒഴുക്ക് പിന്നീട് വെള്ളം പെട്ടെന്നു താഴ്ന്നത് എന്നിവ വെല്ലുവിളിയായെന്ന് ടീമിലെ ഗ്രേഡ് എസ്എഫ്ആര്‍ഒ എം സുജയന്‍ കെ പറഞ്ഞു. 

വെള്ളത്തില്‍ നിന്നുകൊണ്ടുതന്നെ ആയിരുന്നു ദൗത്യത്തിന്റെ ഓരോ ഘട്ടത്തിലേയും കാര്യങ്ങള്‍ തീരുമാനിച്ചത്. ജോയിയെ എങ്ങനെ രക്ഷപ്പെടുത്താമോ അത് ചെയ്യാനുള്ള സ്വാതന്ത്ര്യം മേലധികാരികള്‍ തന്നു. അതാണ് ഈ ദൗത്യത്തില്‍ നിര്‍ണായകമായതെന്നും ഇവര്‍ പറയുന്നു. കൊല്ലം, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ നിന്നായി ഇരുപതോളം സ്കൂബ അംഗങ്ങള്‍ തിരച്ചിലിനായി എത്തിയിരുന്നു. കൂടാതെ രക്ഷാദൗത്യം കേട്ടറിഞ്ഞ് മറ്റു സ്റ്റേഷനുകളില്‍ നിന്ന് സ്വയം സന്നദ്ധരായി എത്തിയ സേനാംഗങ്ങളും ഉണ്ടായിരുന്നു. രണ്ട് ദിവസത്തെ സമാനതകളില്ലാത്ത രക്ഷാദൗത്യത്തിനായി ഇരുനൂറോളം അഗ്നിശമന സേനാംഗങ്ങളാണ് പ്രവര്‍ത്തിച്ചത്.
നേവിയുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ് ഇന്നലത്തെ തിരച്ചില്‍ ആസൂത്രണം ചെയ്തത്. ചുറ്റുപാടുമുള്ള തിരച്ചിലും, നേവിയെ സഹായിക്കാനുമായിരുന്നു തീരുമാനം. ഇതിനായി ഫയര്‍ഫോഴ്സും സ്കൂബ അംഗങ്ങളും സംഘമായി തിരിഞ്ഞു. അങ്ങനെ പരിശോധന നടക്കുന്നതിനിടെയാണ് ജോയിയുടെ മൃതദേഹം കണ്ടെത്തുന്നത്. ദൗത്യത്തിനു ശേഷം പ്രതിരോധ കുത്തിവയ്പ് എടുക്കുകയും ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കുകയും ചെയ്തു. ഇനിയും വൈദ്യ പരിശോധനയുണ്ട്. ഇത്തരം പുതിയ കോളുകള്‍ ഇനിയും വരാതിരിക്കട്ടേ എന്നാണ് പ്രാര്‍ത്ഥന. എങ്കിലും സ്കൂബ ടീം പൂര്‍ണ സജ്ജരായിരിക്കുമെന്നും സുജയനും സുഭാഷും പറഞ്ഞു. സ്കൂബ സംഘത്തിലെ മുതിര്‍ന്ന അംഗങ്ങളാണ് സുജയനും ഉമേഷും. പ്രായം അമ്പതിനുമേല്‍. എന്നാല്‍ ടീമിലെ ഏറ്റവും ചെറുപ്പക്കാര്‍ അവരാണെന്ന് മറ്റംഗങ്ങള്‍ ആവേശത്തോടെ പറഞ്ഞു. ഈ ആവേശത്തിനാണ് കഴിഞ്ഞ രണ്ടുനാള്‍ തലസ്ഥാനം സാക്ഷ്യം വഹിച്ചതും. 

Eng­lish Summary: 

You may also like this video

Exit mobile version