സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെയുള്ള ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ പരാമർശത്തിനെതിരെ സമസ്ത പ്രവർത്തകർ രംഗത്ത്. സമൂഹമാധ്യമങ്ങളിൽ സലാമിനെതിരെ സമസ്ത കേന്ദ്രങ്ങൾ വ്യാപക പ്രചരണമാണ് നടത്തുന്നത്. സമസ്ത വിരുദ്ധനായ വഹാബിയാണ് സലാമെന്ന് ആരോപിച്ച പ്രവർത്തകർ ജിഫ്രി തങ്ങളെ അപമാനിക്കാൻ ശ്രമിച്ചതിന് കണക്കുചോദിക്കുമെന്നും വ്യക്തമാക്കുന്നു.
മതനേതാക്കളോട് മത്സരിച്ചിരുന്നെങ്കിൽ പലരും ഇവിടെ നിയമസഭ കാണുമായിരുന്നില്ല എന്ന ജിഫ്രി തങ്ങളുടെ പരാമർശമാണ് സമസ്ത പ്രവർത്തകർ ആയുധമാക്കുന്നത്. കൂരിയാട് നടന്ന സമസ്ത സമ്മേളനത്തിലായിരുന്നു ഈ പ്രസ്താവന. ഏറെനാളായി നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നത പരിഹരിക്കാൻ മുസ്ലിം ലീഗ് നേതാക്കളുമായി സമസ്ത ചർച്ചകൾ നടത്തി വരുന്നതിനിടയിലാണ് പുതിയ തർക്കം ഉടലെടുത്തിട്ടുള്ളത്.
മുഖ്യമന്ത്രിയോട് അടുത്ത ബന്ധം പുലർത്തുന്നവർ തട്ടം വിവാദത്തിൽ എന്ത് നിലപാടാണെടുക്കുക എന്ന് പി എം എ സലാം ചോദിച്ചിരുന്നു. ‘മുഖ്യമന്ത്രിയുടെ ഫോൺകോൾ കിട്ടിയാൽ എല്ലാമായി എന്ന് വിചാരിക്കുന്ന ആളുകൾ നമ്മുടെ സമുദായത്തിൽ ഉണ്ട്. ഇത്തരമൊരു നയവുമായി (തട്ടം വിവാദം) നീങ്ങുന്ന പാർട്ടിയോടുള്ള സമീപനം എന്താണെന്ന് അവർ പറയണം’ എന്നായിരുന്നു സലാം പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്നും അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാറുണ്ടെന്നും ജിഫ്രി തങ്ങൾ മുമ്പ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലായിരുന്നു സലാമിന്റെ വിവാദ പ്രസ്താവന. ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ പരാമർശം പ്രകോപനപരമാണെന്നാണ് സമസ്തയുടെ വിലയിരുത്തൽ.
English Summary: Samastha-league clashes
You may also like this video