Site iconSite icon Janayugom Online

ഹിസ്ബുള്ളയെ ലബനനിൽ പ്രവർത്തിക്കാൻ അനുവദിച്ചാൽ ഗാസയ്ക്ക് സമാനമായ വിധി: ബെന്യാമിൻ നെതന്യാഹു

ഹിസ്ബുള്ളയെ ലബനനിൽ പ്രവർത്തിക്കാൻ അനുവദിച്ചാൽ ഗാസയ്ക്ക് സമാനമായ വിധിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി
ബെന്യാമിൻ നെതന്യാഹു. ലബനന്റെ തെക്കൻ തീരപ്രദേശത്ത് ഹിസ്ബുള്ളക്കെതിരെ ഇസ്രായേൽ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഇറാനും ഹിസ്ബുള്ളയും ചേർന്നാണ് ലബനനെ കുഴപ്പത്തിലാക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 8000 മിസൈലുകളാണ് ഇസ്രയേലിനെതിരെ ഹിസ്ബുള്ള പ്രയോഗിച്ചത്. ഇതിന് ഒരു അവസാനം കുറിക്കാൻ തന്നെയാണ് ഇസ്രയേല‍ിന്റെ തീരുമാനം. പ്രതിരോധിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും നെതന്യാഹു കൂട്ടിചേർത്തു. 

ഹസൻ നസ്റള്ളയുടെ പിൻഗാമിയാകാനിടയുള്ള ഹിസ്ബുള്ളയുടെ മുതിർന്ന നേതാക്കളെയെല്ലാം വകവരുത്തിയെന്നും നെതന്യാഹു പറഞ്ഞു . കഴിഞ്ഞ ദിവസം പുറത്ത് വിട്ട വിഡിയോ സന്ദേശത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇവരുടെ പേരുകൾ നെതന്യാഹു പറഞ്ഞില്ല. കഴിഞ്ഞ വെള്ളിയാഴ്ച ബെയ്റൂട്ടിൽ നടന്ന ബോംബാക്രമണങ്ങൾക്കുശേഷം മുതിർന്ന ഹിസ്ബുള്ള നേതാവ് ഹാഷിം സഫിയുദ്ദീനെക്കുറിച്ചു വിവരങ്ങളില്ല. നസ്റള്ളയുടെ പിൻഗാമിയായി സഫിയുദ്ദീൻ ഹിസ്ബുള്ളയുടെ നേതൃത്വത്തിലേക്ക് വരുമെന്നാണ് കരുതിയിരുന്നത്. ബെയ്റൂട്ടിൽ നടന്ന ബോംബാക്രമണത്തിൽ സഫിയുദ്ദീന്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ് പറഞ്ഞിരുന്നു. എന്നാൽ ഹിസ്ബുള്ള ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Exit mobile version