സ്വവര്‍ഗ വിവാഹത്തിന് നിയമാനുമതി നല്‍കാനാവില്ലെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി.ജസ്റ്റിസുമാരായ ബി ആര്‍ ഗാവായ്, സൂര്യകാന്ത്, ബി വി നാഗരത്ന, പി എസ് നരസിംഹ ‚ദീപാശങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഒരു കൂട്ടം പുനപരിശോധനാ ഹര്‍ജികള്‍ ചേമ്പറില്‍ പരിശോധിച്ച് തള്ളിയത്.
കേസില്‍ വിധി പറഞ്ഞ ബെഞ്ചിലെ ജസ്റ്റീസ് പി എസ് നരസീംഹ മാത്രമാണ് പുന പരിശോധ പരിഗണിക്കുന്ന ബെഞ്ചില്‍ ഉണ്ടായിരുന്നത്.മറ്റു ജഡ്ജിമാര്‍ ഇതിനകം വിരമിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന് പുറമേ ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, രവീന്ദ്ര ഭട്ട്, പി.എസ്. നരസിംഹ, ഹിമ കോലി എന്നിവരടങ്ങുന്ന ബെഞ്ചാണ് 2023 ഒക്ടോബര്‍ 17‑ന് വിധിപറഞ്ഞത്. സ്വവര്‍ഗ വിവാഹത്തിന് നിയമാനുമതി നല്‍കാനാവില്ലെന്നും അതിനുള്ള നിയമനിര്‍മാണം നടത്തേണ്ടത് പാര്‍ലമെന്റാണ് എന്നുമാണ് വിധിച്ചത്.
വിവാഹത്തിനുള്ള അവകാശം മൗലികമോ നിബന്ധനകളില്ലാത്തതോ അല്ലെന്നും സ്വവര്‍ഗ ദമ്പതിമാര്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അവകാശം നല്‍കാനാവില്ലെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. സ്വവര്‍ഗ ദമ്പതിമാര്‍ക്ക് വിവാഹം കഴിക്കാന്‍ അനുമതി നിഷേധിക്കുന്ന സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ വകുപ്പുകള്‍ റദ്ദാക്കാനാവില്ല. സ്വവര്‍ഗ ദമ്പതിമാര്‍ക്ക് വിവാഹം കഴിക്കാന്‍ മൗലികാവകാശമുണ്ടെന്ന് അവകാശപ്പെടാനാവില്ലെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.