Site iconSite icon Janayugom Online

സ്മാർട്ട്‌ഫോണുകളിൽ ‘സഞ്ചാർ സാഥി ആപ്പ് ‘: ജനകീയ പ്രതിഷേധത്തെ തുടർന്ന് ഉത്തരവ് പിൻവലിച്ച് കേന്ദ്രസർക്കാർ

പുതുതായി പുറത്തിറങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് ഇന്‍ബില്‍റ്റായി ഉപയോഗപ്പെടുത്താനുള്ള ഉത്തരവ് പിന്‍വലിച്ച് കേന്ദ്രം. ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടെന്ന് കേന്ദ്രമന്ത്രാലയം പുറപ്പെടുവിച്ച ഔദ്യോഗികക്കുറിപ്പില്‍ വ്യക്തമാക്കി. നിര്‍ദേശം നടപ്പാക്കില്ലെന്ന് ആപ്പിള്‍ കമ്പനിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ജനങ്ങൾക്കിടയിലുള്ള എതിർപ്പിന് പിന്നലെയാണ് കേന്ദ്രത്തിന്റെ നീക്കം. ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും സർക്കാർ ആപ്പ് നിർബന്ധമാക്കിയ കേന്ദ്ര നീക്കം പൗരൻമാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വിമർശനം ശക്തമായിരുന്നു. 

എല്ലാ പുതിയ ഫോണുകളിലും കേന്ദ്രസര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ ആപ്പായ സഞ്ചാര്‍ സാഥി പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നായിരുന്നു സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് കേന്ദ്ര ടെലികോം വകുപ്പ് നല്‍കിയ നിര്‍ദേശം. നിലവിലെ ഫോണുകളില്‍ സോഫ്റ്റ്‌വേർ അപ്‌ഡേഷനിലൂടെ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നും കമ്പനികളോട് സർക്കാർ രഹസ്യമായി ആവശ്യപ്പെട്ടിരുന്നു. ആപ്പ് നീക്കം ചെയ്യാനോ മാറ്റങ്ങൾ വരുത്താനോ അനുവദിക്കരുതെന്നും നിര്‍ദേശത്തിലുണ്ടായിരുന്നു.

ഇതേസമയം ഉത്തരവിന്റെ പൂര്‍ണരൂപം ഇതുവരെ പുറത്തുവന്നിട്ടില്ല. സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള നടപടിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി മാറുമെന്ന് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ (ഐഎഫ്എഫ്) അടക്കമുള്ള സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും ചൂണ്ടിക്കാട്ടി. 

Exit mobile version