ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ പുറത്താക്കി. കോട്ടയത്ത് ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് നടപടി. പാർട്ടിയെ ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിച്ചെന്ന് പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികൾ ബിജെപി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതിലെ അന്വേഷണമാണ് നടപടിയില്‍ കലാശിച്ചതെന്നാണ് സൂചന. എന്നാല്‍ വക്താവ് സ്ഥാനത്തുനിന്ന് നീക്കിയതിൽ പ്രതികരിക്കാൻ ഇല്ലെന്ന് പറഞ്ഞ സന്ദീപ് വാര്യർ സംസ്ഥാന ഭാരവാഹി യോഗത്തിൽ പങ്കെടുക്കാതെ മടങ്ങി.
സന്ദീപ് വാര്യർക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ നടപടി പാർട്ടി കമ്മിഷനെ നിയമിച്ചിരുന്നു. ജനറൽ സെക്രട്ടറി ജോർജ് കുര്യനാണ് പരാതി അന്വേഷിച്ചത്. കമ്മിഷന്റെ റിപ്പോർട്ടിന് ശേഷമാണ് സ്ഥാനത്തുനിന്ന് നീക്കിയത്. ഒറ്റപ്പാലം സ്വദേശിയായ സന്ദീപ് വാര്യര്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നോട്ടപ്പുള്ളിയാണ്. 2021 ല്‍ ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച സന്ദീപ് വാര്യര്‍ തെരഞ്ഞെടുപ്പു സമയത്ത് വന്‍ തോതില്‍ പണപ്പിരിവു നടത്തിയതായി ബിജെപി നേതാക്കള്‍ തന്നെ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പു പരാജയത്തിന് ശേഷം തൃശൂരിലെ വ്യാപാരിയില്‍ നിന്നും 20 ലക്ഷം വാങ്ങിയെന്ന ആരോപണവുമുണ്ടായി. പണം നല്‍കിയ വ്യക്തി സംസ്ഥാന നേതൃത്വത്തിനും ജില്ലാ നേതൃത്വത്തിനും പിന്നീട് പരാതി നല്കി. പാലക്കാട് ജില്ലയിലെ ചില വ്യാപാരികളില്‍ നിന്നും പണം വാങ്ങിയതും ജില്ലാ നേതൃത്വത്തിന് മുമ്പിലെത്തി.
തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നും പണം വാങ്ങി വഞ്ചിച്ചതായി സന്ദീപ് വാര്യര്‍ക്കെതിരെ ബിജെപി ജില്ലാ അധ്യക്ഷന്മാര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇത് ഇവര്‍ ആദ്യം സംസ്ഥാന നേതൃത്വത്തിനും കഴിഞ്ഞ ജൂലൈയില്‍ കേന്ദ്ര നേതൃത്വത്തിനും പരാതി ലഭിച്ചു. സംഭവത്തെ തുടര്‍ന്ന് സന്ദീപ് വാര്യരെ കഴിഞ്ഞ ആറു മാസമായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും പാര്‍ട്ടി നേതൃത്വം വിലക്കിയിരുന്നു. കേന്ദ്രഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് സന്ദീപ് വാര്യര്‍ പലര്‍ക്കും സഹായം നല്‍കിയത് വന്‍തുക പ്രതിഫലം കൈപ്പറ്റിയായിരുന്നുവെന്നു കാര്യം കേന്ദ്ര നേതൃത്വത്തെ കൂടി ബോധിപ്പിച്ച ശേഷമാണ് ഇപ്പോഴത്തെ തരംതാഴ്ത്തല്‍ എന്നാണറിയുന്നത്. പാലക്കാട് ജില്ലയിലെ ഒരു പോപ്പുലര്‍ ഫ്രണ്ട് നേതാവുമായുള്ള ബന്ധവും പുറത്താക്കലിന് പിന്നിലുണ്ടെന്ന് പറയപ്പെടുന്നു.
English Summary:Sandeep Warrier has been sacked as BJP spokesperson
You may also like this video