Site iconSite icon Janayugom Online

കേരളത്തിനെതിരെ സംഘപരിവാര്‍ സിനിമ: ‘കേരള സ്റ്റോറി’ പണിപ്പുരയില്‍

The Kerala StoryThe Kerala Story

സംഘപരിവാർ താത്പര്യങ്ങൾക്കനുസരിച്ച് നിർമ്മിച്ച കാശ്മീർ ഫയൽസ് എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ വ്യാജ പ്രചരണങ്ങൾ ശക്തിപ്പെടുത്താനായി സിനിമയെ കൂടുതലായി ഉപയോഗപ്പെടുത്താൻ ബിജെപി നീക്കം.

സിനിമയെന്ന മാധ്യമത്തിലൂടെ ആളുകളെ കൂടുതലായി സ്വാധീനിക്കാൻ സാധിക്കുമെന്ന തിരിച്ചറിവിലാണ് നേരത്തെ നടത്തി പരാജയപ്പെട്ട നീക്കം ഇപ്പോൾ കൂടുതൽ സജീവമാകുന്നത്. കാശ്മീരിന് പിന്നാലെ സംഘപരിവാറിന് ബാലികേറാമലയായ കേരളത്തിലേക്കാണ് ക്യാമറ തിരിക്കുന്നത്. കേരളം ജിഹാദി ഭീകരതയുടെ പിടിയിൽ എന്നതുൾപ്പെടെയുള്ള സംസ്ഥാന ബിജെപി പ്രചാരണം കേന്ദ്രം നേതൃത്വം ഏറ്റെടുത്തതിന് പിന്നാലെയാണ് ഐ എസ് തീവ്രവാദികളുടെ കേന്ദ്രമായി കേരളത്തെ ചിത്രീകരിച്ച് ‘ദ കേരള സ്റ്റോറി’ എന്ന ചിത്രം ഒരുക്കുന്നത്.

മലയാളി യുവതികളെ ഇസ്ലാമിക തീവ്രവാദികൾ ഐഎസിലേക്ക് കടത്തുന്നുവെന്നും 32,000ലധികം സ്ത്രീകളെ ഇത്തരത്തിൽ കടത്തിക്കൊണ്ടുപോയെന്നും വ്യക്തമാക്കിക്കൊണ്ടാണ് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയിട്ടുള്ളത്. സുദീപ്തോ സെൻ കഥയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിന്റെ തിരക്കഥ യദു വിജയകൃഷ്ണനാണ് എഴുതിയിരിക്കുന്നത്. വിപുൽ അമൃത്ലാൽ ഷാ ആണ് നിർമാണം.

കേരളത്തിലെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനുള്ള രഹസ്യ ഓപ്പറേഷൻ നടക്കുന്നുണ്ടെന്നാണ് ചിത്രം വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ മറ്റേത് ഭാഗങ്ങളിലുള്ളതുപോലെ തീവ്രവാദ ശക്തികൾ കേരളത്തിലും സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അതിനെതിരെ ശക്തമായ നടപടികൾ സംസ്ഥാനം സ്വീകരിക്കുമ്പോഴാണ് കേരളത്തിലെ മുസ്ലീങ്ങൾ മുഴുവൻ തീവ്രവാദികളാണെന്നും കേരളം ജിഹാദികളുടെ പിടിയിലാണെന്നുമുള്ള വ്യാജ പ്രചാരണങ്ങൾക്ക് ശക്തി പകരാനായി ഇത്തരമൊരു സിനിമ രൂപപ്പെടുത്തുന്നത്.

ഉറി, പി എം നരേന്ദ്ര മോഡി, മണികർണിക, കാശ്മീർ ഫയൽസ് തുടങ്ങിയ സിനിമകളിലൂടെയുള്ള യാത്രയാണ് കേരള സ്റ്റോറിയിലും സ്വതന്ത്ര വീർ സവർക്കറിലും എത്തി നിൽക്കുന്നത്. മഹേഷ് വി മൻജേക്കർ സംവിധാനം ചെയ്യുന്ന ‘സ്വതന്ത്ര വീർ സവർക്കർ’ സവർക്കറെ വെള്ളപൂശാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുറത്തിറങ്ങുന്നത്.

34 വർഷത്തിലേറെ നീണ്ട ഗവേഷണങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു സിനിമയിലേക്ക് എത്തിയതെന്നുൾപ്പെടെയുള്ള കളവുകളാണ് സംവിധായകൻ സുദീപ്തോ നിരത്തുന്നത്. ഹിന്ദു, ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള ഏകദേശം 32000 പെൺകുട്ടികൾ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അവരിൽ ഭൂരിഭാഗവും സിറിയയിലും അഫ്ഗാനിസ്ഥാനിലും ഐഎസിലാണ് എത്തുന്നതെന്നും സംവിധായകൻ പ്രചരിപ്പിക്കുന്നു.

കാശ്മീർ പണ്ഡിറ്റുകളുടെ കൂട്ട പലായനവും കൊലപാതകങ്ങളും ചിത്രീകരിച്ച കാശ്മീർ ഫയൽസ് എന്ന സിനിമയുടെ വിജയം തന്നെയാണ് ഇത്തരമൊരു സിനിമയിലേക്ക് സംഘപരിവാർ അനുകൂലികളെ നയിക്കുന്നത്. കാശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടി ആദ്യം ശബ്ദമുയർത്തിയത് ഇടതുപക്ഷമാണെന്നത് മറച്ചുവെച്ച് ജെഎൻയുവിലെ ഇടതു വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ തീവ്രവാദികളുടെ താല്പര്യം സംരക്ഷിക്കുന്നവരാണെന്നും ദേശദ്രോഹികളാണെന്നും ചിത്രീകരിക്കാനാണ് ഈ സിനിമ ശ്രമിക്കുന്നത്.

കാശ്മീർ പണ്ഡിറ്റുകളുടെ ദുരിതത്തെ സത്യസന്ധമായി സമീപിക്കുന്നതിന് പകരം മുസ്ലീങ്ങളെയും ഇടതുപക്ഷത്തെയും ശത്രുപക്ഷത്ത് നിർത്തി സംഘപരിവാർ ആശയങ്ങൾ ആഘോഷിക്കുകയായിരുന്നു കാശ്മീർ ഫയൽസ്. സിനിമയുടെ പ്രചാരണത്തിന് കേന്ദ്ര സർക്കാർ തന്നെ നേരിട്ടിറങ്ങുന്ന സാഹചര്യം പോലും രാജ്യത്തുണ്ടായി. കാശ്മീർ ഫയൽസ് കണ്ട ഉത്തരേന്ത്യയിലെ പ്രേക്ഷകർ മുസ്ലീങ്ങൾ ശത്രുക്കളാണെന്ന് തിയേറ്ററിൽ നിന്ന് പ്രഖ്യാപിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

Eng­lish Sum­ma­ry: Sangh Pari­var film against Ker­ala: ‘Ker­ala Sto­ry’ in the workshop

You may like this video also

Exit mobile version