Site icon Janayugom Online

മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചരണവുമായി സംഘ്പരിവാര്‍ സംഘടനകള്‍

mammootty

ഓൺലൈൻ മാധ്യമത്തിൽ വന്ന അഭിമുഖത്തിന്റെ മറവിൽ നടൻ മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചരണങ്ങൾ ശക്തമാക്കി സംഘ്പരിവാർ. സമൂഹമാധ്യമങ്ങളിൽ മമ്മൂട്ടിയെ വർഗീയവാദിയായി ചിത്രീകരിച്ചുകൊണ്ടാണ് സംഘ്പരിവാർ അഴിഞ്ഞാടുന്നത്. മലയാളത്തിന്റെ മഹാനടനെ മതത്തിന്റെ പേരിൽ വേട്ടയാടാനുള്ള നീക്കത്തിനെതിരെ പൊതുസമൂഹത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.
മമ്മൂട്ടി അഭിനയിച്ച പുഴു എന്ന ചിത്രത്തിന്റെ സംവിധായിക റത്തീനയുടെ ഭർത്താവ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് വിവാദത്തിന് തുടക്കമായത്. മമ്മൂട്ടിയോട് പറഞ്ഞ കഥ വേറെയായിരുന്നുവെന്നും മമ്മൂട്ടിയുടെ നിർബന്ധം കാരണമാണ് പുഴു എന്ന സിനിമ ചെയ്തതെന്നുമാണ് റത്തീനയുടെ ഭർത്താവിന്റെ ആരോപണം. മമ്മൂട്ടിയുടെ നിർബന്ധം കാരണമാണ് ഉണ്ട എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഹർഷദ് ചിത്രത്തിലേക്കെത്തുന്നത്.
ഹർഷദിന്റെ കഥ സവർണ വിഭാഗത്തെ അധിക്ഷേപിക്കുന്നതാണെന്ന് മനസിലായപ്പോൾ ഇത്തരമൊരു സിനിമ ആദ്യമായി ചെയ്യുന്നത് നല്ലതല്ലെന്നും തുടക്കം തന്നെ ഒരു കമ്യൂണിറ്റിയുടെ മേൽ കൈവയ്ക്കണോ എന്നെല്ലാം താൻ ചോദിച്ചിരുന്നുവെന്നും എന്നാൽ ഭാര്യയുൾപ്പെടെ അത് അംഗീകരിച്ചില്ലെന്നും ഹർഷദ് എക്സ്ട്രീം ഇസ്ലാമിസ്റ്റാണെന്നുമാണ് ഇദ്ദേഹം ആരോപിച്ചത്. പ്രശസ്തിയിലെത്തിയപ്പോൾ മറ്റു ചിലരുടെ വാക്കുകൾ കേട്ട് ഭാര്യ തന്നെ തള്ളിപ്പറഞ്ഞുവെന്നും ഇദ്ദേഹം പറഞ്ഞു. ഈ പരാമർശങ്ങൾ ഉയർത്തിക്കാട്ടിയാണ് മമ്മൂട്ടിക്കെതിരെ സംഘ്പരിവാർ രംഗത്തെത്തിയിരിക്കുന്നത്.

സവർണവിഭാഗത്തെ മനഃപൂർവം കരിവാരിത്തേയ്ക്കുന്ന പുഴു എന്ന സിനിമ ചെയ്തത് മമ്മൂട്ടിയുടെ ഉള്ളിലെ വർഗീയതകൊണ്ടാണെന്നാണ് ഇവരുടെ ആരോപണം. മട്ടാഞ്ചേരി മാഫിയയുടെ തലവൻ മമ്മൂട്ടിയാണെന്നും ഇസ്ലാമിസ്റ്റ് അജണ്ട സിനിമയിലൂടെ ഒളിച്ചുകടത്താൻ ശ്രമിക്കുന്ന വർഗീയവാദിയാണ് മമ്മൂട്ടിയെന്നും തീവ്രവലതുപക്ഷ പേജുകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നു.
നേരത്തെ സംവിധായകന്‍ കമലിനെ കമാലുദ്ദീനെന്നും തമിഴ് സൂപ്പര്‍താരം വിജയെ ജോസഫ് വിജയ് എന്നും വിളിച്ച രീതിയിൽ മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്നാണ് പോസ്റ്റുകളിലെല്ലാം വിളിക്കുന്നത്. നക്സലുകൾ പാവങ്ങളാണ് എന്ന് പറഞ്ഞുവയ്ക്കുന്നതാണ് ഹർഷദിന്റെ ഉണ്ടയെന്നും അദ്ദേഹം തീവ്ര ഇസ്ലാമിക സംഘടനാ പ്രവർത്തകനാണെന്നും സംഘ്പരിവാർ പ്രചരിപ്പിക്കുന്നു. പൃഥ്വിരാജിനെ നായകനാക്കി വാരിയൻകുന്നൻ എന്ന സിനിമയെടുക്കാൻ രംഗത്തിറങ്ങിയ ഇദ്ദേഹത്തിന്റെ ലക്ഷ്യം വ്യക്തമാണെന്ന് പറഞ്ഞുകൊണ്ടാണ് ചിത്രത്തിൽ അഭിനയിച്ച മമ്മൂട്ടിക്കെതിരെയുള്ള വിദ്വേഷപ്രചാരണം. നേരത്തെ ഭീഷ്മപർവവും കാതലും ഇറങ്ങിയ സമയത്തും സമാനരീതിയിൽ മമ്മൂട്ടിക്കെതിരെ അക്രമം ഉണ്ടായിരുന്നു. സംഘ്പരിവാറിനൊപ്പം തീവ്രസ്വഭാവമുള്ള ക്രിസ്ത്യൻ സംഘടന കാസയും മമ്മൂട്ടിക്കെതിരെ രംഗത്തെത്തിയിരുന്നു. 

എന്നാല്‍ മമ്മൂട്ടി അഭിനയിച്ചത് പുഴു എന്ന സിനിമയിൽ മാത്രമല്ലെന്നും അദ്ദേഹം ചെയ്യാത്ത കഥാപാത്രങ്ങൾ മലയാളത്തിലിനി ബാക്കിയുണ്ടാവില്ലെന്നും മമ്മൂട്ടി ആരാധകർ മറുപടി നല്‍കുന്നു. പാലേരി മാണിക്യത്തിലെ മുരുക്കുംകുന്നത്ത് അഹമ്മദ് ഹാജിയെന്ന കഥാപാത്രത്തെ ഉൾപ്പെടെ അനശ്വരമാക്കിയ നടനെ ഒരു കഥാപാത്രത്തിന്റെ പേരിൽ വേട്ടയാടാൻ ശ്രമിക്കുന്ന സംഘ്പരിവാർ പ്രവർത്തകർക്ക് ബോധം അശേഷം ഇല്ലെന്നാണ് വ്യക്തമാകുന്നതെന്നും പ്രതികരണങ്ങളുണ്ട്. 

Eng­lish Sum­ma­ry: Sangh Pari­var orga­ni­za­tions spread hate pro­pa­gan­da against Mammootty

You may also like this video

Exit mobile version