സംഘ്പരിവാറിന്റെ ഭീഷണിക്ക് പിന്നാലെ ‘എമ്പുരാന്‍’ സിനിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ധാരണ. ചിത്രത്തില്‍ മാറ്റാം വരുത്താന്‍ ആവശ്യപ്പെട്ടത് നിര്‍മ്മാതാക്കള്‍ തന്നെയാണ്. തിങ്കളാഴ്ചയോടെയാണ് മാറ്റങ്ങള്‍ പൂര്‍ത്തിയാവുക. കലാപ ദൃശ്യങ്ങൾ ഉള്‍പ്പെടെ മാറ്റുവാനാണ് ആലോചന. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യുകയും ചെയ്യും. 17 ഭാഗങ്ങളില്‍ മാറ്റം വരുത്തും. ബജ്രംഗി എന്ന വില്ലന്‍ കഥാപാത്രത്തിന്റെ പേരും മാറ്റും എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, സിനിമയില്‍ മാറ്റം വരുത്താന്‍ താന്‍ പൃഥ്വിരാജിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്‍ പ്രതികരിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ആയിരുന്നു ഗോകുലം ഗോപാലന്റെ പ്രതികരണം. വലിയൊരു സിനിമ എടുത്തത് റിലീസ് ചെയ്യാന്‍ കഴിയാതെ നിന്ന് പോകാന്‍ പാടില്ല എന്നതുകൊണ്ടാണ് ഞാന്‍ അതില്‍ സഹകരിച്ചത്. നമ്മള്‍ കാരണം ആര്‍ക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്. സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ സംവിധായകനായ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. സിനിമയുടെ റിലീസിന് ദിവസങ്ങള്‍ക്ക് മുമ്പ് ലൈക പ്രൊഡക്ഷന്‍സ് സിനിമയുടെ നിര്‍മ്മാണം ഒഴിഞ്ഞതോടെയാണ് ഗോകുലം ഗോപാലന്‍ സിനിമ ഏറ്റെടുത്തത്.