Site iconSite icon Janayugom Online

ക്ഷേത്രം പിടിച്ചെടുക്കല്‍ ആരോപിച്ച് വര്‍ഗീയ പ്രചാരണവുമായി സംഘ് പരിവാര്‍

ക്ഷേത്രം പിടിച്ചെടുക്കാൻ ദേവസ്വം ബോർഡ് നീക്കം നടത്തുന്നുവെന്നാരോപിച്ച് വർഗീയത അഴിച്ചുവിട്ട് സംഘ്പരിവാർ സംഘടനകൾ.
അങ്ങാടിപ്പുറം തളി ക്ഷേത്രഭരണത്തിന് ട്രസ്റ്റി ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചത് സുപ്രീം കോടതി വിധിപ്രകാരമാണെന്നിരിക്കെ വ്യാജ പ്രചാരണം അഴിച്ചുവിട്ട് ഭക്തരെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് വിവിധ സംഘ്പരിവാർ സംഘടനകൾ ആരംഭിച്ചിട്ടുള്ളത്. കേരള ക്ഷേത്ര സംരക്ഷണ സമിതിക്ക് പിന്നാലെ വിഷയം ഏറ്റെടുത്ത് ബിജെപിയും ആർഎസ്എസുമെല്ലാം രംഗത്തെത്തി.
ക്ഷേത്രത്തിലേക്ക് പരമ്പര്യേതര ട്രസ്റ്റിയെ നിയമിക്കാനുള്ള അറിയിപ്പ് ദേവസ്വം ബോർഡ് പത്രങ്ങളിലൂടെ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘ്പരിവാർ നീക്കം ആരംഭിച്ചത്. വരുമാനമുള്ള ക്ഷേത്രങ്ങളുടെ ഭണ്ഡാരവും അക്കൗണ്ടും നോക്കി ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ പിടിച്ചെടുക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്. ക്ഷേത്രത്തെ മലബാർ ദേവസ്വം ബോർഡിന്റെ അധീനതയിൽ കൊണ്ടുവരാൻ നീക്കം നടത്തുന്നുവെന്നാരോപിച്ച് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുകയാണ് കേരള ക്ഷേത്ര സംരക്ഷണ സമിതി. 

2006 മുതൽ രണ്ട് തവണയായി ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റി ബോർഡ് നിയമനത്തിന് ദേവസ്വം ബോർഡ് ശ്രമിച്ചിരുന്നെന്നും ഈ ശ്രമങ്ങൾ ഹൈക്കോടതിയും സുപ്രീം കോടതിയും തടഞ്ഞതാണെന്നുമാണ് ക്ഷേത്ര സംരക്ഷണ സമിതിയുടെ ആരോപണം. എന്നാൽ ഈ വാദം പൂർണമായും തെറ്റാണെന്ന് മലബാർ ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു. 1951ലെ ഹിന്ദുമത ധർമസ്ഥാപന നിയമത്തിന് കീഴിൽ വരുന്ന ക്ഷേത്രമാണെന്ന് 1987ൽ ഹൈക്കോടതി അന്തിമവിധി പറഞ്ഞതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ നേരത്തെ ഹിന്ദുമത ധർമ്മ സ്ഥാപന (ഭരണ) വകുപ്പിന്റെയും 2008 മുതൽ വകുപ്പിന് പകരം രൂപീകരിക്കപ്പെട്ട മലബാർ ദേവസ്വം ബോർഡിന്റെയും നിയന്ത്രണത്തിൽ ഭരണം നടത്തേണ്ട ക്ഷേത്രമാണിത്. 

നേരത്തെയും ട്രസ്റ്റി നിയമത്തിന് മലപ്പുറം അസി. കമ്മിഷണർ നിയമ പ്രകാരം അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതിനെതിരെ ക്ഷേത്ര സംരക്ഷണ സമിതി ഹൈക്കോടതിയിൽ ഹര്‍ജി നൽകിയെങ്കിലും 2017ൽ കോടതി ഇത് തള്ളി. വിധിക്കെതിരെ ക്ഷേത്ര സംരക്ഷണ സമിതി സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന് ട്രസ്റ്റി നിയമത്തിനുള്ള നടപടികൾ അസി. കമ്മീഷണർ നിർത്തിവയ്ക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ഏപ്രിൽ 22ന് പുറപ്പെടുവിച്ച വിധിയിൽ നിയമനത്തിന് നടപടി സ്വീകരിക്കാൻ സുപ്രീം കോടതി അനുമതി നൽകി. ഇതിനെത്തുടർന്നാണ് ട്രസ്റ്റി നിയമത്തിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പ്രസിദ്ധീകരിച്ചതെന്ന് മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി സി ബിജു പറഞ്ഞു. വസ്തുതകൾ മറച്ചുവച്ചാണ് അനധികൃതമായി ക്ഷേത്രം പിടിച്ചെടുക്കാന്‍ നീക്കങ്ങൾ നടത്തുന്നുവെന്ന പ്രചാരണം സംഘ്പരിവാർ സംഘടനകൾ ആരംഭിച്ചിരിക്കുന്നത്. 

Exit mobile version