Site icon Janayugom Online

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ കേരള താരമായി സഞ്ജു

തകര്‍ച്ചയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തില്‍ ഇന്ത്യയെ ചുമലിലേറ്റി രക്ഷകനായി മലയാളി താരം സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലെ കന്നി സെഞ്ചുറി നേടിക്കൊണ്ട് മലയാളിക്ക് രോമാഞ്ചിഫിക്കേഷന്‍ നിമിഷമാണ് സഞ്ജു നല്‍കിയത്. ആദ്യം ബാറ്റുചെയ്ത് ഇന്ത്യ നേടിയത് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ്. ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. 114 പന്തിൽ 108 റൺസെടുത്താണ് സഞ്ജു മടങ്ങിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറി പ്രകടനം നടത്തുന്ന ആദ്യത്തെ കേരള താരമെന്ന റെക്കോഡിലേക്കെത്താന്‍ സഞ്ജുവിന് സാധിച്ചു. 

ഓപ്പണർമാരായ രജത് പാട്ടിദാർ (16 പന്തിൽ 22), സായ് സുദർശൻ (16 പന്തിൽ 10), ക്യാപ്റ്റൻ കെ എൽ രാഹുൽ (35 പന്തിൽ 21), അക്ഷർ പട്ടേൽ (3 പന്തിൽ 1), വാഷിങ്ടൻ സുന്ദർ (9 പന്തിൽ 14), അർഷ്‌ദീപ് സിങ് (2 പന്തിൽ 7*), ആവേശ് ഖാൻ (2 പന്തിൽ 1*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. അരങ്ങേറ്റക്കാരന്‍ രജതിന് (22) അവസരം മുതലാക്കാനായില്ല. മൂന്നാമനായി ക്രീസിലെത്തിയത് സഞ്ജു. ഇതിനിടെ രണ്ടാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ആദ്യ രണ്ട് ഏകദിനങ്ങളിലും അര്‍ധ സെഞ്ചുറി നേടിയ സായ് സുദര്‍ശന്‍ (10) ഇന്ന് വേഗത്തില്‍ മടങ്ങി. നാലാം വിക്കറ്റില്‍ കെ എല്‍ രാഹുലും (21) — സഞ്ജുവും ഒത്തുചേര്‍ന്നു. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ സൂക്ഷ്മതയോടെയാണ് ഇരുവരും കളിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും 52 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രാഹുല്‍ 35 പന്ത് നേരിട്ട് 21 റണ്‍സെടുത്ത് ഹെന്റിച്ച് ക്ലാസന് ക്യാച്ച് നല്‍കി മടങ്ങി. വിയാന്‍ മുള്‍ഡറാണ് ബൗള്‍ ചെയ്തത്. 

19-ാം ഓവറില്‍ രാഹുല്‍ മടങ്ങി. തുടര്‍ന്നെത്തിയ തിലക് വര്‍മയും തപ്പിത്തടഞ്ഞു. എന്നാല്‍ സഞ്ജുവിനൊപ്പം വിലപ്പെട്ട 116 റണ്‍സ് ചേര്‍ക്കാന്‍ തിലകിനായി. വൈകാതെ സഞ്ജു കന്നി സെഞ്ചുറി പൂര്‍ത്തിയാക്കി. 114 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. 46-ാം ഓവറില്‍ സഞ്ജു മടങ്ങി. സഞ്ജു മടങ്ങുമ്പോള്‍ എഴുന്നേറ്റ് നിന്നാണ് സഹതാരങ്ങളും കാണികളും കയ്യടിച്ചത്. വലിയ ആരാധക പിന്തുണയുള്ള സഞ്ജു തന്റെ എല്ലാ വിരോധികളുടേയും വായടപ്പിക്കുന്ന ബാറ്റിങ്ങാണ് കാഴ്ചവച്ചത്. കന്നി അന്താരാഷ്ട്ര സെഞ്ചുറി വിദേശ രാജ്യത്ത് നേടുന്ന എട്ടാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനായും സഞ്ജു മാറി. 

കപില്‍ ദേവ്, ഡബ്ല്യുവി രാമന്‍, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരാണ് സഞ്ജുവിന് മുമ്പ് ഈ നേട്ടത്തിലേക്കെത്തിയത്. പിന്നാലെ അക്സര്‍ പട്ടേല്‍ എത്തിയെങ്കിലും ഒരു റണ്‍സുമായി മടങ്ങി. വാഷിങ്ടണ്‍ സുന്ദര്‍ മാത്രമാണ് പിന്നീട് രണ്ടക്കം കണ്ടത്. റിങ്കു സിങ്ങിന്റെ നിര്‍ണാക ബാറ്റിങ് പ്രകടനവും ഇന്ത്യന്‍ സ്കോര്‍ 300നരികെ എത്തിക്കാന്‍ സാധിച്ചു. മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മർക്രം ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ രജത് പാട്ടിദാർ രാജ്യാന്തര ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചു. വിരലിനു പരിക്കേറ്റ റുതുരാജ് ഗെയ്ക്‌വാദിനു പകരമാണ് രജതിന്റെ വരവ്. കുൽദീപ് യാദവിന് വിശ്രമം അനുവദിച്ച് വാഷിങ്ടണ്‍ സുന്ദറിന് അവസരം നൽകി. 

Eng­lish Summary;Sanju became the first Ker­ala play­er to score a cen­tu­ry in inter­na­tion­al cricket

You may also like this video

Exit mobile version