ഐപിഎല്‍ കരിയറില്‍ ഏറ്റവും മികച്ച പ്രകടനത്തോടെ കുതിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. രാജസ്ഥാന്റെ ക്യാപ്റ്റനായി മുന്നില്‍ നിന്ന് ടീമിന് വേണ്ടതെല്ലാം പക്വതയോടെ ചെയ്യുന്ന സഞ്ജുവിനെയാണ് ക്രിക്കറ്റ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ഈ സീസണില്‍ മികച്ച ബാറ്റിങ് കരുത്തില്‍ താരം നിരവധി റെക്കോഡുകളും നേടി.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പ്രകടനത്തില്‍ റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തെത്തി സഞ്ജു. 46 പന്തില്‍ 86 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഇതോടെ സഞ്ജുവിന് 11 മത്സരങ്ങളില്‍ 471 റണ്‍സായി. 67.29 ശരാശരിയിലും 163.54 സ്‌ട്രൈക്ക് റേറ്റിലുമാണ് സഞ്ജുവിന്റെ നേട്ടം. 400നപ്പുറം റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് ഉള്ളതും സഞ്ജുവിനാണ്. മത്സരത്തിന് മുമ്പ് പത്താം സ്ഥാനത്തായിരുന്നു സഞ്ജു. ഈ സീസണില്‍ ഇനിയും മത്സരങ്ങള്‍ ശേഷിക്കെ 14 റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവുമധികം റണ്‍സെന്ന തന്റെ നേട്ടം മറികടക്കാനും സഞ്ജുവിന് സാധിക്കും. 2021ല്‍ നേടിയ 484 ആണ് ഒരു സീസണില്‍ രാജസ്ഥാന്‍ നായകന്‍ നേടിയ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
അതേസമയം ഐപിഎല്ലില്‍ സഞ്ജു 200 സിക്സറുകള്‍ പിന്നിട്ടു. കളിച്ച ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 200 ഐപിഎല്‍ സിക്‌സര്‍ നേടുന്ന താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. ഐപിഎല്ലില്‍ 200ല്‍ അധികം സിക്സ് അടിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു. സുരേഷ് റെയ്ന, എം എസ് ധോണി, വിരാട് കോലി, രോഹിത് ശർമ്മ എന്നിവരാണ് സഞ്ജു അല്ലാതെ ഐപിഎല്ലില്‍ 200 സിക്സ് അടിച്ച ഇന്ത്യൻ താരങ്ങള്‍. 276 സിക്സ് അടിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ അടിച്ച ഇന്ത്യൻ താരം. 357 സിക്സ് അടിച്ച വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ല്‍ ആണ് ഐപിഎല്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ച താരം.
English Summary:Sanju hits 200 sixes in IPL
You may also like this video