Site iconSite icon Janayugom Online

ആരാധക നടുവില്‍ സഞ്ജു; ഇൻസ്റ്റാഗ്രാമിൽ 15.3 മില്യൺ ഫോളോവേഴ്സ്

ലോക ക്രിക്കറ്റിൽ തന്നെ വൻ ആരാധകരുള്ള താരമായി സഞ്ജു സാംസൺ. ടി20 ലോകകപ്പിലെ സൂപ്പർ എട്ടിലെ നിർണായകമായ വെസ്റ്റിൻഡീസിനെതിരെയുള്ള മത്സരത്തിൽ ഒറ്റയാൾ പോരാട്ടത്തിലൂടെ ടീമിനെ സെമിയിലേക്കും സെമിയിൽ ഇംഗ്ലണ്ടിനെതിരെ നേടിയ അത്യുജ്ജ്വലമായ അർധ സെഞ്ചുറിയിലൂടെ ഇന്ത്യയെ ഫൈനലിലേക്കും എത്തിച്ച സഞ്ജു സാംസണ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ വൻ കുതിപ്പ്. 15.3 മില്യൺ ഫോളോവേഴ്സാണ് സഞ്ജുവിന് ഇപ്പോഴുള്ളത്. കഴിഞ്ഞ രണ്ട് മത്സരങ്ങൾക്കിടെ മാത്രം 3.5 മില്യൺ ആളുകളാണ് സ‍ഞ്ജുവിനെ ഫോളോ ചെയ്തത്. വെസ്റ്റിൻഡീസുമായുള്ള മത്സരത്തിന് ശേഷം 12 മില്യണായിരുന്നു സഞ്ജുവിന്റെ ഫോളോവേഴ്സ്. തുടർന്ന് ഇന്നലെ ഫോളോവേഴ്സിന്റെ എണ്ണം 15.3 മില്യണായി ഉയർന്നു. ഇതോടെ ടി20 ക്രിക്കറ്റിൽ നിലവിൽ കളിക്കുന്ന ഇന്ത്യൻ താരങ്ങളിൽ 22.9 മില്യൺ ഫോളോവേഴ്സുള്ള ജസ്പ്രീത് ബുംറയും 19.9 മില്യൺ ഫോളോവേഴ്സുള്ള സൂര്യകുമാർ യാദവും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള താരമായി സഞ്ജു സാംസൺ മാറി. ടി20യിൽ നിന്നും വിരമിച്ച വിരാട് കോലിക്ക് 275 മില്യണും രോഹിത് ശർമ്മയ്ക്ക് 46.1 മില്യണും മുൻ ഇതിഹാസ താരങ്ങളായ സച്ചിന് 51.4 ഉം ധോണിക്ക് 49.7 മില്യണും ആണ് ആരാധക പിന്തുണ. 

ഈ ലോകകപ്പിലെ നിർണായക മത്സരങ്ങളിൽ സഞ്ജു ടീമിന്റെ ആവശ്യത്തിനൊത്ത് ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ലോകകപ്പിന് മുമ്പ് ഫോം നഷ്ടപ്പെട്ട് ബ‍െഞ്ചിലിക്കേണ്ടി വന്നെങ്കിലും ഇന്ത്യയുടെ ഓപ്പണി­ങ്ങിലെ ഇടംകൈ കോമ്പിനേഷൻ എതിർ ടീമുകൾ തച്ചുടക്കുകയും സഹ ഓപ്പണർകൂടിയായിരുന്ന അഭിഷേക് ശർമ്മ തുടർച്ചയായി ബാറ്റിങ്ങിൽ പരാജയപ്പെട്ടതുമെല്ലാം സഞ്ജുവിന്റെ തിരിച്ചുവരവിൽ ഘടകങ്ങളായി. പവർ പ്ലേയുടെ ആദ്യ ഓവറുകളിൽ തന്നെ സിക്സറുകളും ബൗണ്ടറികളുമായി എതിർ ടീമിന്റെ ആത്മവിശ്വാസം കെടുത്തുന്ന സഞ്ജുവിന്റെ കരുത്തിലാണ് ടീം ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺ നേടിയവരിൽ (നാല് മത്സരങ്ങളിൽ നിന്ന് 77.3 റൺ ശരാശരിയിൽ 232 റൺസ്) സഞ്ജു സാംസൺ മൂന്നാമതുണ്ട്. തുടർച്ചയായ രണ്ട് മത്സരങ്ങളിലും അർധ സെഞ്ചുറി കുറിച്ച സഞ്ജുവിന്റെ ഫോം ഇന്ത്യൻ ക്യാമ്പിൽ വലിയ പ്രതീക്ഷ നൽകുന്ന ഘടകമാണ്.

Exit mobile version