Site iconSite icon Janayugom Online

ഗാന്ധി സ്മരണയിൽ ‘സൻമാർഗ്ഗ ദർശിനി’ വായനശാല

ഗാന്ധിജിയുടെ സന്ദർശനത്തിലൂടെ ചരിത്രത്തിൽ ഇടംനേടിയ ഒരു ഗ്രന്ഥശാലയുണ്ട് കോഴിക്കോട് നഗരത്തിൽ. ‘സൻമാർഗ്ഗ ദർശിനി’ വായനശാല. അയിത്തം കല്പിച്ച് താഴ്ന്ന ജാതിക്കാരന് സഞ്ചരസ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ നടന്ന ഐതിഹാസികമായ അയിത്തോച്ചാടന സമരത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഗാന്ധിജിയുടെ ഗ്രന്ഥശാലാ സന്ദർശനം. 1934 ജനുവരി 14 ന് വൈകീട്ട് 5.40 നായിരുന്നു ഗാന്ധിജി കാറിൽ ഗ്രന്ഥശാലയ്ക്ക് മുന്നിലൂടെ കടന്നുപോയത്. അഞ്ചാംഗേറ്റിന് സമീപം ഇവാൻസ് റോഡിനരികിലെ പഴയ ഒരു ഓടിട്ട കെട്ടിടമായിരുന്നു അന്ന് വായനശാലാ കെട്ടിടം. യാത്രയ്ക്കിടെ വായനശാലയും അവിടെ തടിച്ചുകൂടിയ ജനക്കൂട്ടവും ഗാന്ധിജിയെ ആകർഷിച്ചു. അദ്ദേഹം കാറിൽനിന്നിറങ്ങി വായനശാലയിലെത്തി. ഗ്രന്ഥശാലാ പ്രവർത്തകർ വായനശാലയ്ക്കകത്തെ മേശ പുറത്തെത്തിച്ച് ഗാന്ധിജിക്ക് ഇരിപ്പിടമൊരുക്കി. ആ മേശയിലിരുന്നുകൊണ്ട് ഗാന്ധിജി അവിടെക്കൂടിയ ജനങ്ങളെ അഭിസംബോധന ചെയ്തു. അയിത്തോച്ചാടനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ഹ്രസ്വ പ്രസംഗം.

സ്വാതന്ത്ര്യ സമര പോരോട്ടങ്ങളുടെ ചരിത്രത്തിൽ ഗ്രന്ഥശാലകൾ വഹിച്ച പങ്കും വിലമതിക്കാനാവാത്തതാണ്. ജനങ്ങളിൽ സ്വാതന്ത്ര്യ ചിന്തയും ദേശീയ ബോധവും വളർത്തിയെടുക്കാൻ ഗ്രന്ഥശാലകൾക്ക് കഴിഞ്ഞുവെന്നത് ചരിത്രം. 1929 ജനുവരി ആറിനായിരുന്നു സൻമാർഗ്ഗ ദർശിനി വായനശാല പ്രവർത്തനം ആരംഭിച്ചത്. നല്ലാടത്ത് ചോയിക്കുട്ടിയും എൻ സി അച്യുതനുമായിരുന്നു അക്കാലത്ത് വായനശാലയുടെ അമരക്കാർ. വാഗ്ഭടാനന്ദ ഗുരുവാണ് വായനശാല ജനങ്ങൾക്കായി തുറന്നു കൊടുത്തത്. ചക്യാട്ട് ഗോപാലൻ സംഭാവനയായി നൽകിയ രണ്ടു സെന്റ് സ്ഥലത്താണ് വായനശാല നിർമ്മിച്ചിട്ടുള്ളത്. വായനശാല സന്ദർശിച്ച ഗാന്ധിജിയെ ചോയിക്കുട്ടി ഹാരാർപ്പണം നടത്തി സ്വീകരിച്ചു. ഗ്രന്ഥശാലയുടെ ഉപഹാരമായി 101 രൂപയുടെ പണക്കിഴിയും ഭഗവദ്ഗീതയും ഒരുകെട്ട് ഖാദി നൂലും രണ്ട് പുസ്തകങ്ങളും അദ്ദേഹം ഗാന്ധിജിക്ക് സമ്മാനിച്ചു. 

ഗാന്ധിജിയുടെ സന്ദർശനത്തിനുശേഷം ഇവാൻസ് റോഡ് ഗാന്ധി റോഡെന്ന് പുനർ നാമകരണം ചെയ്തു. വായനശാലയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്ന പനോത്ത് കുട്ടികൃഷ്ണ പണിക്കർക്ക് ബ്രിട്ടീഷ് പൊലീസിന്റെ ക്രൂര മർദ്ദനത്തെത്തുടർന്നാണ് ജീവൻ നഷ്ടമായത്. ഗ്രന്ഥശാലയുടെ സ്ഥാപക പ്രവർത്തകരെല്ലാം സ്വാതന്ത്ര്യസമരത്തിലും സജീവമായി പങ്കെടുത്തവരായിരുന്നു. അയിത്തത്തിനും മൃഗബലിക്കും മദ്യപാനത്തിനുമെല്ലാമെതിരെ അക്കാലത്തുതന്നെ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. 1973‑ൽ ഗ്രന്ഥശാലയെ സംസ്ഥാന ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തു. കോഴിക്കോട് നഗരത്തിലെ സാമൂഹിക‑സാംസ്കാരിക‑കലാ സാഹിത്യ രംഗങ്ങളിലെ നിറസാന്നിധ്യമാണ് ഇന്നും ഈ ഗ്രന്ഥാലയം. ഇപ്പോള്‍ ഇരുനില കെട്ടിടത്തിലായി 50, 000 ത്തോളം പുസ്തകങ്ങളും 44 മാസികകളും 14 ദിനപത്രങ്ങളുമെല്ലാം വായനക്കാർക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗാന്ധിജിയെടുള്ള ആദരസൂചകമായി ഗാന്ധിയൻ പുസ്തകങ്ങളുടെ വലിയൊരു ശേഖരം തന്നെ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം റഫറൻസ് ഗ്രന്ഥങ്ങളുടെ ശേഖരവുമുണ്ട്. ഗാന്ധിജി ഇരുന്നുകൊണ്ട് ജനങ്ങളെ അഭിസംബോധന ചെയ്ത മേശ അമൂല്യമായ പൈതൃകസ്വത്തെന്നോണമാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. കെട്ടിടത്തിന്റെ രണ്ടാംനിലയിലെ ‘ഗാന്ധിയൻ കോർണ’റിലാണ് മേശ സംരക്ഷിച്ചിട്ടുള്ളത്. ചരിത്രവിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപേരാണ് ഇവിടെ ദിനംപ്രതി സന്ദർശനം നടത്തുന്നത്. 

Eng­lish Sum­ma­ry: ‘San­margga Darshi­ni’ Library in mem­o­ry of Gandhi

You may like this video also

Exit mobile version