ലൈഫ് മിഷൻ കോഴക്കേസിൽ ഒന്നാം പ്രതിയായ സന്തോഷ് ഈപ്പന് ജാമ്യം. കലൂർ പിഎംഎൽഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ബോണ്ടിന്മേലാണ് ജാമ്യം. അറസ്റ്റിലായി ഏഴ് ദിവസത്തിന് ശേഷമാണ് സന്തോഷ് ഈപ്പൻ പുറത്തിറങ്ങുന്നത്. അതേസമയം കേസിൽ നേരത്തെ അറസ്റ്റിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇപ്പോഴും റിമാന്‍ഡിൽ തുടരുകയാണ്.
കേസിൽ നാലര കോടി കൈക്കൂലി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റെന്നായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് കോടതിയിൽ അറിയിച്ചിരുന്നത്. സന്തോഷ് ഈപ്പനെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസം കസ്റ്റഡിയിൽ വാങ്ങിയും ഇഡി ചോദ്യം ചെയ്തിരുന്നു.
ഇഡി കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് സന്തോഷ് ഈപ്പനെ കോടതിയിൽ ഹാജരാക്കവെയാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.
ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാതിരുന്ന ഇഡി സന്തോഷ് ഈപ്പൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ഈ വാദം കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്.
English Summary: Santhosh Eapan granted bail in Life Mission case
You may also like this video