Site iconSite icon Janayugom Online

സന്തോഷ്‌ട്രോഫി ഫുട്ബോള്‍; കേരളത്തിനും ബംഗാളിനും വിജയത്തുടക്കം

സന്തോഷ് ട്രോഫി ദേശീയ ഫുട്ബോളിന്റെ ഗ്രൂപ്പ് എ മത്സരങ്ങളിൽ ബംഗാളിനും കേരളത്തിനും വിജയത്തുടക്കം. ഇന്നലെ രാത്രി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നിറഞ്ഞ് കവിഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി നടന്ന മത്സരത്തില്‍ കേരളം രാജസ്ഥാനെ തകർത്തു. സ്കോർ: 5–0. ക്യാപ്റ്റൻ ജിജോ ജോസഫിന്റെ തകർപ്പൻ ഹാട്രിക്കിന്റെ മികവിലായിരുന്നു കേരളത്തിന്റെ ജയം. ഏഴാം മിനിറ്റിൽ ജിജോ തുടങ്ങിയ ഗോൾ വേട്ടയിൽ നിജോഗിൽബർട്ട്, അജയ് അലക്സ് എന്നിവരും പങ്കാളികളായി. രാവിലെ മലപ്പുറം കോട്ടപ്പടി മൈതാനത്ത് നടന്ന ആദ്യ മത്സരത്തിൽ പശ്ചിമ ബംഗാൾ പഞ്ചാബിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. രണ്ടാം പകുതിയിൽ 61-ാം മിനിറ്റിലായിരുന്നു നിര്‍ണായക ഗോൾ. 

മുന്നേറ്റനിരയിലെ ശുഭം ഭൗമിക് ആണ് പഞ്ചാബിന്റെ വല കുലുക്കിയത്. വലതു വിങ്ങില്‍ നിന്ന് അണ്ടര്‍ 21 താരം ജയ്ബസ് നല്‍കിയ പാൻ്റെസ് ശുഭാം ഭൗമിക് അതിമനോഹരമായ ടാപിങ്ങിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. മത്സരത്തിൽ പൊതുവെ പശ്ചിമ ബംഗാളിനായിരുന്നു മേൽക്കൈ എങ്കിലും ഇരു ഗോൾ മുഖത്തേക്കും ഇടക്കിടെ പന്തെത്തിക്കാൻ മുന്നേറ്റ- മധ്യനിര താരങ്ങൾക്ക് സാധിച്ചു. ക­ളിയുടെ തുടക്കത്തിൽ പഞ്ചാബ് മെച്ചപ്പെട്ട മുന്നേറ്റങ്ങൾ നടത്തി ബംഗാൾ ഗോൾ മുഖത്ത് തമ്പടിച്ചെങ്കിലും പിന്നീട് ബംഗാളിന്റെ വരുതിയിലേക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു. 

ഒരു ഗോൾ വഴങ്ങിയതിനു ശേഷം സമനിലക്കായി പഞ്ചാബ് കിണഞ്ഞു ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. അധിക സമയത്ത് തുടരെ മുന്നേറ്റങ്ങൾ നടത്തി ബംഗാൾ ഗോൾ മുഖത്ത് ഭീതി പടർത്തിയെങ്കിലും ശക്തമായി പ്രതിരോധത്തിലൂടെ ബംഗാൾ ആദ്യ മത്സരം കൈപ്പിടിയിലൊതുക്കി. സന്തോഷ്‌ട്രോഫി ഫുട്ബോളിന്റെ രണ്ടാം ദിനമായ ഇന്ന് ഗ്രൂപ്പ് ബിയില്‍ നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസും മുന്‍ ചാമ്പ്യന്മാരായ മണിപ്പുരും തമ്മില്‍ ഏറ്റുമുട്ടും. രാത്രി എട്ടിന് പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ വൈകിട്ട് നാലിന് മലപ്പുറം കോട്ടപ്പടി മൈതാനത്ത് കര്‍ണാടകയും ഒഡീഷയും തമ്മില്‍ ഏറ്റുമുട്ടും.

Eng­lish Summary:santhosh tro­phy foot­ball; A suc­cess­ful start for Ker­ala and Bengal
You may also like this video

Exit mobile version