Site iconSite icon Janayugom Online

ബംഗാൾ വീണു, കേരളം കസറി

ആദ്യ പകുതിയിൽ കേരളത്തെ പിടിച്ചു നിർത്താൻ കഴിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ ആതിഥേയരുടെ ഇരമ്പലിനു മുന്നിൽ ബംഗാൾ പതറി. പ്രതിരോധിച്ചും ആക്രമിച്ചും ഇരു ടീമുകളും ഇഞ്ചോടിഞ്ച് പൊരുതിയ മത്സരത്തിൽ കേരളത്തിന് തകർപ്പൻ ജയം. പകരക്കാരായെത്തിയ താരങ്ങൾ ബംഗാളിന്റെ പ്രതീക്ഷകൾ ചാമ്പലാക്കുകയായിരുന്നു. അതോടെ രണ്ടാം പകുതിയുടെ 83-ാം മിനിറ്റുവരെ കാത്തു നിന്ന കേരളത്തിന്റെ ഗോളടി യന്ത്രം പ്രവർത്തനക്ഷമമായി. നൗഫലും ജെസിനുമാണ് വിജയഗോളുകള്‍ നേടിയത്. ബംഗാളിന്റെ സമനില പ്രതീക്ഷകൾ തകർത്ത എണ്ണം പറഞ്ഞ രണ്ട് ഗോളുകൾ.

മികച്ച മധ്യനിരയുടെ ബലത്തിലായിരുന്നു രണ്ടു ടീമുകളുടെയും പോരാട്ടം. ആദ്യ പകുതിയിൽ കേരളത്തിന്നായിരുന്നു ചെറിയൊരു മേൽക്കൈയ്യെങ്കിലും ബംഗാൾ പ്രതിരോധം പഴുതടച്ചതോടെ ഗോളവസരം തുറന്നില്ല. രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി. കേരളത്തിന്റെ തുടരെ തുടരെയുള്ള ആക്രമണങ്ങൾക്കു മുന്നിൽ പിടിച്ചു നിൽക്കാൻ ബംഗാൾ കിണഞ്ഞു പരിശ്രമിച്ചു. ഗോളെന്നുറപ്പിച്ച മൂന്ന് അവസരങ്ങളാണ് രണ്ടാം പകുതിക്കു ശേഷം പത്തു മിനിറ്റിനുള്ളിൽ കേരളം നഷ്ടമാക്കിയത്. ഒടുവിൽ ബംഗാള്‍ ഒരുക്കിയ കരുത്തുറ്റപ്രതിരോധത്തെ കീഴടക്കി രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ നൗഫലാണ് കേരളത്തിന് ആദ്യ ഗോള്‍ നേടിയത്. 84-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫ് നല്‍കിയ പാസില്‍ ബംഗാളിന്റെ ഒരു പ്രതിരോധ താരത്തെയും മികച്ച ഫോമിലുള്ള ഗോള്‍കീപ്പറെയും കബളിപ്പിച്ചാണ് നൗഫല്‍ ഗോള്‍ നേടിയത്. മത്സരം രണ്ടാം പകുതിയുടെ അധിക സമയത്തേക്ക് നീങ്ങിയപ്പോള്‍ പകരക്കാരനായി എത്തിയ ജെസിന്‍ കേരളത്തിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

യോഗ്യത റൗണ്ടില്‍ ഇരട്ട മഞ്ഞകാര്‍ഡ് ലഭിച്ച് ഫൈനല്‍ റൗണ്ട് മത്സരത്തില്‍ ആദ്യ മത്സരം നഷ്ടപ്പെട്ട ഷിഗിലിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് കേരളം വെസ്റ്റ് ബംഗാളിനെതിരെ നിര്‍ണായക മത്സരത്തിന് ഇറങ്ങിയത്. തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ച ഇരുടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഓഫ്‌സൈഡ് വില്ലനായി. 11-ാം മിനിറ്റില്‍ കേരളത്തിന് ആദ്യ അവസരം ലഭിച്ചു. മധ്യനിരയില്‍ നിന്ന് ബോളുമായി എത്തിയ വിക്‌നേഷ് ബോക്‌സിലേക്ക് നീട്ടിനല്‍കിയ പാസ് ഷിഗിലിന് ലഭിച്ചു. ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന കേരള താരങ്ങളെ ലക്ഷ്യമാക്കി ക്രോസ് നല്‍കാന്‍ ശ്രമിച്ചെങ്കിലും ബംഗാള്‍ പ്രതിരോധം തട്ടിഅകറ്റി. 12-ാം മിനിറ്റില്‍ കേരളത്തിന് ലഭിച്ച കോര്‍ണര്‍ മുഹമ്മദ് ഷഹീഫ് ഹെഡറിന് ശ്രമിച്ചെങ്കിലും ഗോള്‍ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 19-ാം മിനിറ്റില്‍ ബംഗാളിന് ആദ്യ അവസരമെത്തി. പഞ്ചാബിനെതിരെ ആദ്യ മത്സരത്തില്‍ ഗോള്‍ നേടി സ്‌ട്രൈക്കര്‍ ശുഭം ഭൗമിക് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 

രണ്ടാം പകുതിയില്‍ തുടക്കം മുതല്‍ തന്നെ ആക്രമണത്തിന് ശ്രമിച്ച കേരളത്തിന് മിനിറ്റുകള്‍ ഇടവിട്ട് അവസരങ്ങള്‍ ലഭിച്ചു. 48-ാം മിനിറ്റില്‍ ബംഗാള്‍ പ്രതിരോധ താരം ഗോള്‍ കീപ്പറിന് നല്‍കിയ പാസ് തട്ടിയെടുത്ത ഷിഗില്‍ വിക്‌നേഷിന് നല്‍ക്കി. വിക്‌നേഷ് ഗോള്‍വല ലക്ഷ്യമാക്കി ചിപ്പ് ചെയ്‌തെങ്കിലും ബംഗാള്‍ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. പിന്നീടും ബംഗാള്‍ ബോക്‌സിലേക്ക് ആക്രമണം അഴിച്ചുവിട്ട കേരളത്തിന് തുടരെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു. 78-ാം മിനിറ്റില്‍ രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ നൗഫല്‍ ബംഗാള്‍ പ്രതിരോധ താരങ്ങളെ മറിക്കടന്ന് ഗോള്‍ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ബംഗാള്‍ ഗോള്‍കീപ്പര്‍ പ്രിയന്ത് കുമാര്‍ സിങ് അതിമനോഹരമായി തട്ടിഅകറ്റി. 

84-ാം മിനിറ്റില്‍ കേരളം ലക്ഷ്യം കണ്ടു. വലതു വിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് ജെസിന്‍ നല്‍ക്കിയ പാസ് ഓടിയെടുത്ത ക്യാപ്റ്റന്‍ ജിജോ ജോസഫ് ബംഗാളിന്റെ ഗോള്‍ പാസ്റ്റിന് മുന്നില്‍ നിലയുറപ്പിച്ച രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ നൗഫലിന് നല്‍ക്കി. ബംഗാളിന്റെ ഒരു പ്രതിരോധ താരത്തെയും മികച്ച ഫോമിലുള്ള ഗോള്‍കീപ്പറെയും കബളിപ്പിച്ച് നൗഫല്‍ കേരളത്തിന് ലീഡ് നല്‍ക്കി. 90-ാം മിനിറ്റില്‍ ബംഗാളിന് ലഭിച്ച ഫ്രീകിക്ക് കേരള താരങ്ങളുടെ മുകളിലൂടെ ബോക്‌സിന് അകത്തേക്ക് നല്‍ക്കി. ബംഗാള്‍ താരത്തിന്റെ ഗോളെന്ന് ഉറപ്പിച്ച ഹെഡര്‍ ഗോള്‍കീപ്പര്‍ മിഥുന്‍ അധിമനോഹരമായി തട്ടിയകറ്റി. രണ്ടാം പകുതിയുടെ അധിക സമയത്ത് കേരളാ പ്രതിരോധ താരം മുഹമ്മദ് ഷഹീഫ് സ്വന്തം ഹാഫില്‍ നിന്ന് തുടക്കമിട്ട മുന്നേറ്റം വലതു വിങ്ങില്‍ മാര്‍ക്ക് ചെയ്യാതെ നിന്നിരുന്ന ജെസിന് നല്‍കി. ലഭിച്ച അവസരം ജെസിന്‍ ഗോളാക്കി മാറ്റി.

Eng­lish Summary:santhosh tro­phy foot­ball; ker­ala won 2nd match

Exit mobile version