Site iconSite icon Janayugom Online

സന്തോഷ് ട്രോഫി 16 മുതല്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മലപ്പുറം മഞ്ചേരി പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങളിലായി 16 മുതല്‍ മേയ് രണ്ടു വരെയാണു മത്സരങ്ങള്‍. കേരളം ഉള്‍പ്പെടെ 10 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ചു ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കേരളം എ ഗ്രൂപ്പിലാണ്. ഗ്രൂപ്പ്ഘട്ടത്തില്‍ ഒരു്യു ടീമിന് ആകെ നാലു മത്സരമുണ്ട്. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമിഫൈനലിലെത്തും. ഈ മത്സരങ്ങളിലെ വിജയികള്‍ ഫൈനലില്‍ ഏറ്റുമുട്ടും. കോട്ടപ്പടി സ്റ്റേഡിയത്തില്‍ പകല്‍ മാത്രമാണ് മത്സരങ്ങള്‍. പയ്യനാട് എല്ലാ മത്സരങ്ങളും രാത്രി 8ന് തുടങ്ങും. കോട്ടപ്പടിയില്‍ രാവിലെ 9.30 നും വൈകിട്ട് 4 നും കളി നടക്കും. മെയ് 2ന് രാത്രി 8ന് പയ്യനാട് ഫൈനല്‍ നടക്കും.

ടൂര്‍ണമെന്റിനായി പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങള്‍ മൂന്നു മാസം മുമ്പ് കായിക വകുപ്പിന് കീഴിലെ സ്പോട്സ് കേരള ഫൗണ്ടേഷന്‍ ഏറ്റെടുത്തിരുന്നു. നവീകരണത്തിലൂടെ സ്റ്റേഡിയങ്ങളും അനുബന്ധ സൗകര്യങ്ങളും മത്സരം നടത്താന്‍ അനുയോജ്യമാക്കി. രണ്ട് മൈതാനങ്ങളും നല്ല നിലവാരമുള്ളതാണെന്ന് ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
പയ്യനാട് സ്റ്റേഡിയത്തിലെ ഫ്ളഡ് ലൈറ്റ് ടെലിക്കാസ്റ്റിങ്ങിന് ഉള്‍പ്പെടെ പര്യാപ്തമായ നിലവാരമുള്ളതാണ്. രണ്ട് സ്റ്റേഡിയങ്ങളിലും ഇന്റര്‍നെറ്റ്, വൈഫൈ സൗകര്യങ്ങളും മീഡിയ, വി ഐ പി, വി വി ഐ പി പവലിയനുകളും ഒരുക്കിയിട്ടുണ്ട്. ടെലിക്കാസ്റ്റിങ്ങ് ടവറുകളും ഒരുക്കിയിട്ടുണ്ട്. ഫൈനലും സെമിഫൈനലുകളും നടക്കുന്ന പയ്യനാട് വിപുലമായ പാര്‍ക്കിങ്ങ് സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.

ടീമുകള്‍ക്ക് പരിശീലനത്തിനായി നിലമ്പൂര്‍ മാനവേദന്‍ സ്‌കൂള്‍ ഗ്രൗണ്ട്, എടവണ്ണ സീതിഹാജി സ്റ്റേഡിയം, കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ രണ്ട് ഗ്രൗണ്ടുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. മത്സരവേദികളുടെ ചുമതല ജില്ലാ സ്പോട്സ് കൗണ്‍സിലിനാണ്. മത്സരങ്ങളുടെ ടിക്കറ്റ് വിതരണത്തിന് ഓണ്‍ലൈന്‍ ടിക്കറ്റിങ്ങ് പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. മഞ്ചേരിയില്‍ ആറ് കൗണ്ടറുകളും കോട്ടപ്പടിയില്‍ രണ്ട് കൗണ്ടര്‍ വഴിയും ടിക്കറ്റ് നേരിട്ട് വാങ്ങാം. സീസണ്‍ ടിക്കറ്റുകള്‍ തെരഞ്ഞെടുത്ത സഹകരണ ബാങ്കുകള്‍ വഴി വില്‍പ്പന നടത്തും. പയ്യനാട് ഒരു കളി കാണാന്‍ ഗാലറിക്ക് 100 രൂപയും കസേരയ്ക്ക് 250 രൂപയുമാണ്. സീസണ്‍ ടിക്കറ്റിന് ഗാലറി 1000 രൂപയും കസേര 2500 മാണ്. വി ഐ പി ടിക്കറ്റിന് 1000 രൂപയാണ്. വി ഐ പി സീസണ്‍ ടിക്കറ്റ് 10,000 രൂപയും. കോട്ടപ്പടിയില്‍ ഗാലറി ടിക്കറ്റ് മാത്രമാണുള്ളത്. ഒരു മത്സരത്തിന് 50 രൂപയും സീസണ്‍ ടിക്കറ്റിന് 400 രൂപയുമാണ്.

Eng­lish Sum­ma­ry: San­tosh Tro­phy from 16; Prepa­ra­tions are complete

You may like this video also

Exit mobile version