Site iconSite icon Janayugom Online

സന്തോഷ് ട്രോഫി; ഇന്ന് ജയിച്ചില്ലെങ്കില്‍ തീര്‍ന്നു

ഇന്ന് ഒഡിഷക്കെതിരെ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിന്ന് കേരളം പുറത്താകും. ഇതാദ്യമായി സന്തോഷ് ട്രോഫിയുടെ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ വിദേശത്തു നടക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് അതില്‍ പങ്കാളികളാകണമെങ്കില്‍ ഇന്നും ഞായറാഴ്ചയും ജയിക്കുക തന്നെ വേണം. യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറിയ കേരളത്തിന് പക്ഷേ ഫൈനല്‍ റൗണ്ടില്‍ കാലിടറുന്നതാണ് കണ്ടത്. ആദ്യമത്സരത്തില്‍ ഗോവയോട് കഷ്ടിച്ചു ജയിച്ചതു മാത്രമാണ് ആശ്വാസം. രണ്ടാമത്തെ മത്സരത്തില്‍ അയല്‍ക്കാരായ കര്‍ണാടകത്തോട് മറുപടിയില്ലാത്ത ഒരുഗോളിന് തോറ്റപ്പോള്‍ മൂന്നാമത്തെ മത്സരത്തില്‍ മാഹാരാഷ്ട്രയുമായി സമനില. ഗ്രൂപ്പില്‍ പോയിന്റ് നിലയില്‍ കര്‍ണാടകയും പഞ്ചാബും ഏഴു പോയിന്റുകളുമായി മുന്നിലാണ്. ഗോള്‍ കണക്കില്‍ കര്‍ണാടകയ്ക്കാണ് ഒന്നാം സ്ഥാനം. ഇന്ന് മഹാരാഷ്ട്രയെ നേരിടുന്ന കര്‍ണാടകയ്ക്ക് സമനില കിട്ടിയാലും അടുത്ത മത്സരത്തില്‍ ഒഡിഷയോട് ജയിച്ച് സെമിയിലെത്താന്‍ കഴിയും. പക്ഷേ മികച്ച ഫോമില്‍ കളിക്കുന്ന കര്‍ണാടക മഹാരാഷ്ട്രയെ തോല്‍പ്പിച്ച് സെമിയിലേക്ക് മുന്നേറാന്‍ ശ്രമിക്കും. അതേസമയം വെറും രണ്ട് പോയിന്റു മാത്രമുള്ള മഹാരാഷ്ട്ര ഇന്നത്തെ മത്സരം ജയിച്ച് ഗ്രൂപ്പില്‍ സജീവമായി തുടരാന്‍ ശ്രമിക്കുമെന്നുറപ്പ്. 

അടുത്ത മത്സരം ഗ്രൂപ്പില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ള ഗോവയുമായതിനാല്‍ ഇന്ന് ജയിച്ചാല്‍ ബോംബെ ടീമിന് ചെറിയൊരു സാധ്യത ഉണ്ട്. കേരളത്തിനെതിരെ 4–1 ന്റെ വന്‍ലീഡ് നേടി ഏറെക്കുറെ ജയം ഉറപ്പിച്ച മഹാരാഷ്ട്രയെ വന്‍ തിരിച്ചുവരവിലൂടെ കേരളം സമനിലയില്‍ കുരുക്കുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പതിനാണ് മഹാരാഷ്ട്ര- കര്‍ണാടക പോരാട്ടം. മത്സരം മഹാരാഷ്ട്ര ജയിക്കുകയാണെങ്കില്‍ അത് കേരളത്തിന് ആശ്വസം നല്‍കുമെങ്കിലും വൈകിട്ട് മൂന്നിനു നടക്കുന്ന മത്സരത്തില്‍ ആതിഥേയരെ മലര്‍ത്തിയടിക്കാതെ സെമി സാധ്യത ഇല്ലെന്നതിനാല്‍ മറ്റൊന്നും നോക്കതെ പൊരുതി ജയിക്കാനാകും കേരളത്തിന്റെ ശ്രമം. അ­തേസമയം പോയിന്റ് ടേ­ബിളില്‍ മൂന്നാംസ്ഥാനത്തുള്ള ഒഡിഷക്കും ഇന്നത്തെ മത്സരം ജീവന്മരണമാണ്. നാട്ടുകാരുടെ മുന്നില്‍ വച്ച് ചാമ്പ്യന്മാരെ തോല്‍പ്പിച്ച് സെമിയിലേക്ക് ഒരു പടി കൂടി അടുക്കാനാണ് അവര്‍ ശ്രമിക്കുക. 

മൂന്നു മത്സരങ്ങളില്‍ ഒരു ജയവും ഒരു തോല്‍വിയും ഒരു സമനിലയുമാണ് ‌കേരളത്തിനും ഒഡിഷക്കുമുളളതെങ്കിലും ഗോവയ്ക്കെതിരെ നേടിയ 4- 1ന്റെ വിജയം അവര്‍ക്ക് അനുകൂലമായി. അടുത്ത മത്സരം ശക്തരായ കര്‍ണാടകയുമായായതിനാല്‍ കേരളത്തിനെതിരെ വിജയം ഉറപ്പാക്കി ആത്മവിശ്വാസം നേടാനാകും ഒഡിഷയുടെ ശ്രമം. കേരളമാകട്ടെ എന്തുവിലകൊടുത്തും ജയിക്കാനുള്ള രണ്ടും കല്‍പ്പിച്ച പോരാട്ടം നടത്തും. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പാളിപ്പോയ പ്രതിരോധത്തെ പഴുതടച്ച് ശക്തിപ്പെടുത്തിയാകും കോച്ച് പി ബി രമേഷ് ടീമിനെ സജ്ജമാക്കുക. പന്ത് പിടിച്ചെടുക്കുന്നതിലും കളി മെനയുന്നതിലും ഒട്ടും പക്വത കാണിക്കാത്ത മിഡ് ഫീല്‍ഡിനെ എതിരാളികള്‍ക്കനുസരിച്ചുള്ള മിന്നല്‍ നീക്കങ്ങള്‍ക്ക് തയാറാക്കിയാകും ഇന്ന് ടീം കളത്തിലെത്തുക. 

നിജോ ഗില്‍ബര്‍ട്ടിനെ മാത്രം ആശ്രയിക്കുന്ന മുന്നേറ്റങ്ങള്‍ പലപ്പോഴും എതിരാളികള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്നത് കേരളത്തിന് വെല്ലുവിളിയാണ്. ഇരു വിങ്ങിലൂടെയും ആക്രമണങ്ങള്‍ ഒരുക്കി നിജോയുടെ ഗോളടി മികവിനെ ഫലപ്രദമായി ഉപയോഗിച്ചാല്‍ എതിരാളികളെ മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇന്നത്തെ മത്സരം സമനിലയിലായാല്‍ ഇരു ടീമുകള്‍ക്കും പുറത്തേക്കുള്ള വഴിയിലേക്കാകും കാര്യങ്ങള്‍ നീളുക. വൈകിട്ട് മൂന്നിനു നടക്കുന്ന മറ്റൊരു മത്സരത്തില്‍ പഞ്ചാബും ഗോവയും തമ്മില്‍ ഏറ്റുമുട്ടും. ഇപ്പോഴത്തെ ഫോമില്‍ സാധ്യത പഞ്ചാബിനാണെങ്കിലും ഗോവ അട്ടിമറി നടത്തിയാല്‍ കേരളം- ഒഡിഷ മത്സരവിജയികള്‍ക്ക് അനുകൂല സാഹചര്യമുണ്ടാകും. എന്തായാലും ഗ്രൂപ്പ് എ യില്‍നിന്ന് ഏതെല്ലാം ടീമുകളാണ് സെമിയിലേക്ക് മുന്നേറുക എന്നത് ഇന്നത്തെ മത്സരങ്ങള്‍ കഴിയുന്നതോടെ വ്യക്തമാകും.

Eng­lish Summary;Santosh Tro­phy; ker­ala agan­ist odisha

You may also like this video

Exit mobile version