Site icon Janayugom Online

സന്തോഷ് ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു

സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് കേരള ടീമിനെ പ്രഖ്യാപിച്ചു. പരിചയ സമ്പന്നരും യുവത്വവുമടങ്ങിയ ടീമിനെ കെ എസ് ഇ ബി താരം തൃശൂർ സ്വദേശിയായ ജിജോ ജോസഫ് നയിക്കും. 2014 മുതൽ തുടർച്ചയായി സന്തോഷ് ട്രോഫി കേരള ടീമിനു വേണ്ടി ബൂട്ടണിഞ്ഞ 29 കാരനായ ജിജോ മധ്യനിര താരമാണ്. 20 അംഗ കേരള ടീമിൽ 13 പേർ പുതുമുഖങ്ങളാണ്. 30 വയസ് പിന്നിട്ട നായകൻ ജിജോ ജോസഫാണ് ടീമിലെ ഏറ്റവും സീനിയർ താരം.

19 വയസുകാരൻ മുഹമ്മദ് സഹീഫാണ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. ഐലീഗിൽ ഗോകുലം കേരള എഫ് സി ടീമിനെ പരിശീലിപ്പിച്ച് പരിചയമുള്ള ബിനോ ജോർജ്ജാണ് കോച്ച്. ബിനോയ്ക്ക് പുറമെ, സഹപരിശീലകനായി ടി ജി പുരുഷോത്തമൻ, ഗോൾകീപ്പർ കോച്ചായി സജി ജോയി എന്നിവരുമുണ്ട്. രാംകോ സിമന്റ്സാണ് കേരള ടീമിന്റെ മുഖ്യസ്പോൺസർ.

ഈമാസം 16 മുതൽ മലപ്പുറം മഞ്ചേരി, കോട്ടപ്പടി സ്റ്റേഡിയങ്ങളിലായാണ് ചാമ്പ്യൻഷിപ്പ് നടക്കുക. കരുത്തരായ പശ്ചിമബംഗാൾ, മേഘാലയ, പഞ്ചാബ്, രാജസ്ഥാൻ എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് എ യിലാണ് കേരളം. ഗ്രൂപ്പ് ബിയിൽ ഗുജറാത്ത്, കർണ്ണാടക, ഒഡിഷ, സർവ്വീസസ്, മണിപ്പൂർ എന്നീ ടീമുകളാണുള്ളത്. 16ന് രാത്രി എട്ടിന് മഞ്ചേരി പയ്യനാട് ഫുട്ബോൾ സ്റ്റേഡിയത്തിൽ രാജസ്ഥാനെതിരെയാണ് ആതിഥേയരുടെ ആദ്യമത്സരം.

മെയ് രണ്ടിനാണ് ഫൈനൽ. വാർത്താസമ്മേളനത്തിൽ കെ എഫ് എ പ്രസിഡന്റ് ടോം ജോസ്, സെക്രട്ടറി പി അനിൽകുമാർ, രാംകോ സിമന്റ് സീനിയർ ജനറൽ മാനേജർ രമേഷ് ഭരത്, മാർക്കറ്റിങ് സീനിയർ മാനേജർ പി എം സിജു, കെഡിഎഫ്എ പ്രസിഡന്റ് പി രഘുനാഥ്, കെ എഫ് എ വൈസ് പ്രസിഡന്റ് അബ്ദുൽ കരിം, ട്രഷറർ എം ശിവകുമാർ എന്നിവർ സംബന്ധിച്ചു.

കേരള ടീം: (പേര്, ജില്ല, ക്ലബ്ബ് എന്നീ ക്രമത്തിൽ)

ഗോൾകീപ്പർമാർ: വി മിഥുൻ (കണ്ണൂർ- കേരള യുണൈറ്റഡ്), എസ് അജ്മൽ (പാലക്കാട്- കെ എസ് ഇ ബി). പ്രതിരോധനിര: ജി സഞ്ജു (എറണാകുളം-കേരള പൊലിസ്), സോയൽ ജോഷി (എറണാകുളം-അണ്ടർ21 ഗോൾഡൺ ത്രെഡ്സ് എഫ് സി), ബിപിൻ അജയൻ (എറണാകുളം-ഗോൾഡൺ ത്രെഡ്സ് എഫ് സി), മുഹമ്മദ് സഹീഫ്(അണ്ടർ 21 പറപ്പൂർ എഫ് സി), അജയ് അലക്സ് (എറണാകുളം-ഗോൾഡൺ ത്രെഡ്സ് എഫ് സി), പി ടി മുഹമ്മദ് ബാസിത് (അണ്ടർ 21 കേരള ബ്ലാസ്റ്റേഴ്സ്). മധ്യനിര: ജിജോ ജോസഫ് (തൃശൂർ- ക്യാപ്റ്റൻ, കെ എസ് ഇ ബി), അർജുൻ ജയരാജ് (മലപ്പുറം- കേരള യുണൈറ്റഡ് എഫ് സി), സൽമാൻ കള്ളിയത്ത് (മലപ്പുറം- കേരള യുണൈറ്റഡ് എഫ് സി), പി അഖിൽ (എറണാകുളം- കേരള യുണൈറ്റഡ് എഫ് സി), എം ഫസലുറഹ്‌മാൻ (മലപ്പുറം- സാറ്റ് തിരൂർ), എൻ എസ് ഷിഖിൽ (മലപ്പുറം-അണ്ടർ 21 ബംഗളൂരു എഫ് സി), പി എൻ നൗഫൽ (കോഴിക്കോട്- ബാസ്കോ ഒതുക്കങ്ങൽ), നിജോ ഗിൽബർട്ട് (തിരുവനന്തപുരം-കേരള ബ്ലാസ്റ്റേഴ്സ്), കെ മുഹമ്മദ് റാഷിദ് (വയനാട്- ഗോകുലം കേരള എഫ്. സി). മുന്നേറ്റ നിര: എം വിഘ്നേഷ് (തിരുവനന്തപുരം- കെ എസ് ഇ ബി), ടി കെ ജെസിൻ (മലപ്പുറം- കേരള യുണൈറ്റഡ്), മുഹമ്മദ് സഫ്‌നാദ് (വയനാട്- അണ്ടർ 21 കേരള യുണൈറ്റഡ് എഫ് സി) എന്നിവരാണ് ടീമംഗങ്ങൾ.

Eng­lish sum­ma­ry; San­tosh Tro­phy; Ker­ala team announced

You may also like this video;

Exit mobile version