Site iconSite icon Janayugom Online

സന്തോഷ് ട്രോഫി; കേരളം ഇന്ന് സന്തോഷിക്കുമോ…?

ഇന്നത്തെ ഒരു ജയം കേരളത്തിന് നല്‍കുക ഒരുപാട് സന്തോഷമായിരിക്കും. സന്തോഷ് ട്രോഫിയിലെ അവസാനഗ്രൂപ്പ് മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിക്കാനായാല്‍ കേരളം ടൂര്‍ണമെന്റില്‍ തുടരും. സമനിലപോലും കേരളത്തിന് പുറത്തേക്കുള്ള വഴി തുറക്കും. ഒടുവിലെ മത്സരത്തില്‍ ഒഡിഷയെ കഷ്ടിച്ച് മറികടന്നാണ് കേരളം തങ്ങളുടെ സെമിഫൈനല്‍ സാധ്യത നിലനിര്‍ത്തിയത്. കളിയില്‍ മികവ് ഒഡിഷയ്ക്കായിരുന്നെങ്കിലും കേരളം ആദ്യപകുതിയുടെ തുടക്കത്തില്‍ നിജോ ഗില്‍ബര്‍ട്ട് നേടിയ പെനാല്‍റ്റി ഗോളിന് കളി ജയിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ ആതിഥേയര്‍ അതിശക്തമായി പൊരുതിയെങ്കിലും ഗോളവസരം സൃഷ്ടിക്കാനാകാതെ തോല്‍വി സമ്മതിക്കുകയായിരുന്നു. 

യോഗ്യതാ മത്സരങ്ങളില്‍ മികച്ച ഫോമില്‍ കളിക്കുകയും ഗോളുകളടിച്ചു കൂട്ടുകയും ചെയ്ത കേരളത്തിന് പക്ഷേ ഫൈനല്‍ റൗണ്ടില്‍ മികച്ച ഫോമിലേക്കുയരാന്‍ കഴിയുന്നില്ല. നിജോയും ആസിഫും അര്‍ജുനും ഗോള്‍ കീപ്പര്‍ മിഥുനും മാത്രമാണ് അവസാന മത്സരത്തില്‍ സാന്നിധ്യം അറിയിച്ചത്. പൊതുവെ മധ്യനിര താളം കണ്ടെത്താതെ പോകുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. പന്ത് കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിയാതെയും കൃത്യമായി പാസുകളില്ലാതെ പോകുന്നതും കളിയുടെ ഗതിയെ ആകെ മാറ്റിമറിക്കുന്ന സ്ഥിതിയാണ്. മധ്യനിര മൊത്തത്തില്‍ പാളുന്നത് പ്രതിരോധ‑മുന്നേറ്റ നിരക്കാരെ പ്രയാസത്തിലാക്കുകയാണ്. മിഡ് ഫീല്‍ഡില്‍ നിന്നും പന്തു പിടിച്ചെടുത്ത് എതിരാളികള്‍ തുടര്‍ച്ചയായി ഗോള്‍ ഏരിയയിലേക്ക് എത്തുമ്പോള്‍ ക്ലിയറന്‍സിലേക്ക് ഒതുങ്ങി പോകുന്ന അവസ്ഥയിലാണ് പ്രതിരോധക്കാര്‍. മാത്രമല്ല ഇത് പിടിപ്പത് പണിയായി മാറുകയും ചെയ്യുന്നു. 

മധ്യനരിക്കാര്‍ പന്ത് പിടിച്ചെടുത്ത് മുന്നേറ്റ നിരയിലേക്ക് എത്തിക്കാന്‍ പരാജയപ്പെടുന്നത് കേരളത്തിന്റെ ആക്രമണങ്ങളുടെ മൂര്‍ച്ച കുറക്കുകയും ചെയ്യുന്നു. ഗോവയ്ക്കെതിരെ നടന്ന ആദ്യമത്സരത്തില്‍ മാത്രമാണ് കേരളം ഫൈനല്‍ റൗണ്ടില്‍ മെച്ചപ്പെട്ട കളി പുറത്തെടുത്തത്. രണ്ടാമത്തെ മത്സരത്തില്‍ കര്‍ണാടകയോട് പരാജയപ്പെടുകയും മൂന്നാമത്തെ മത്സരത്തില്‍ മഹാരാഷ്ട്രയോട് 1–4 ന് പിറകില്‍ നിന്ന ശേഷം അവിശ്വസനീയമായ വിധം തരിച്ചെത്തി മത്സരം സമനിലയിലെത്തിക്കുകയായിരുന്നു. ഗ്രൂപ്പില്‍ പത്തു പോയിന്റുമായി പഞ്ചാബാണ് മുന്നില്‍. 

ഇന്നത്തെ മത്സരം തോറ്റാലും പഞ്ചാബിന് സെമിഫൈനല്‍ സാധ്യത ഉണ്ട്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കര്‍ണാടകയെ ഒഡിഷ തോല്‍പ്പിച്ചാല്‍ മതി. ഇപ്പോഴത്തെ ഫോമില്‍ കര്‍ണാടകക്കാണ് മേല്‍ക്കൈയെങ്കിലും ഒഡിഷയുടെ കുട്ടികള്‍ സ്വന്തം തട്ടകത്തില്‍ പൊരുതുമെന്നുറപ്പാണ്. ഏഴു പോയിന്റുള്ള കേരളത്തിനാകട്ടെ കളി സമനിലയിലായാലും സെമി ബര്‍ത്ത് ലഭിക്കില്ല. ഒഡിഷ കര്‍ണാടകത്തെ തോല്‍പ്പിച്ചാല്‍ അവരുമായി പോയിന്റ് നിലയില്‍ ഒപ്പമെത്തുമെങ്കിലും പരസ്പരം കളിച്ചപ്പോള്‍ ജയം കര്‍ണാടകക്കായിരുന്നു എന്നത് പരിഗണിക്കും. കേരളത്തോട് തോറ്റാലും പഞ്ചാബിന് സെമിയിലെത്താന്‍ കര്‍ണാടക ഇന്നത്തെ അവസാന മത്സരത്തില്‍ പരാജയപ്പെടുകയോ മത്സരം സമനിലയിലാവുകയോ വേണം. അങ്ങിനെ വന്നാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം മുന്നേറും. ഒഡിഷയെ കര്‍ണാടക പരാജയപ്പെടുത്തിയാല്‍ കേരളം-പഞ്ചാബ് മത്സരത്തിലെ വിജയികള്‍ സെമിയിലെത്തും. 

കേരളമാണ് വിജയിക്കുന്നതെങ്കില്‍ ഇരു ടീമുകള്‍ക്കും പത്തു വീതം പോയിന്റ് ആവുമെങ്കിലും മുഖാമുഖമത്സരത്തിന്റെ ആനുകൂല്യത്തിലായിരിക്കും നിലവിലെ ചാമ്പ്യന്മാരുടെ സാധ്യത തെളിയുക. ഏറ്റവും മികച്ച പ്രകടനത്തിലൂടെ സെമിഫൈനലിലേക്ക് പ്രവേശിക്കാനായിരിക്കും കേരളം കളിക്കുകയെന്ന് കോച്ച് പി ബി രമേഷ് പറഞ്ഞു. കഴിഞ്ഞ മത്സരങ്ങളിലെ പാളിച്ചകള്‍ തിരുത്തി ഫോം വീണ്ടെടുക്കാന്‍ ടീമിനു കഴിയുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്ന് കോച്ച് പറഞ്ഞു. ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന ടീമിന് കേരളത്തിനെതിരെ മേല്‍ക്കൈ ഉണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് പഞ്ചാബ് കോച്ച് ഹര്‍ദീപ് സിങ്. ബി ഗ്രൂപ്പില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ സര്‍വീസസ്, മേഘാലയ, റെയില്‍വേസ് ടീമുകള്‍ ജയിച്ചു. മണിപ്പൂരിനെ തോല്‍പ്പിച്ച് പത്തു പോയിന്റുമായി സര്‍വീസസ് സെമിഫൈനല്‍ ഉറപ്പാക്കി കഴിഞ്ഞു. മേഘാലയയും സര്‍വീസസും മണിപ്പൂരിനെ പിന്‍തള്ളി മുന്നേറിയതോടെ ഗ്രൂപ്പിലെ അവസാന മത്സരം നിര്‍ണായകമാകും.

Eng­lish Summary;Santosh Tro­phy; Will Ker­ala be hap­py today…?
You may also like this video

Exit mobile version