Site iconSite icon Janayugom Online

90,000 രൂപയുടെ സാരികള്‍ മോഷ്ടിച്ചെന്ന് ആരോപണം; സ്ത്രീയെ നടുറോഡിൽ മർദിച്ചു, കടയുടമയ്ക്കും സഹായിക്കുമെതിരെ കേസെടുത്ത് അറസ്റ്റിൽ

90,000 രൂപയുടെ സാരികൾ മോഷ്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് സ്ത്രീയെ നടുറോഡിൽ വെച്ച് മർദിച്ച സംഭവത്തിൽ കടയുടമയെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് നടപടി. ബംഗളൂരുവിലെ അവന്യൂ റോഡിലുള്ള ഒരു കടയിലാണ് സംഭവം. കടയിലെത്തിയ ഹമ്പമ്മ എന്ന സ്ത്രീയാണ് മോഷണശ്രമം നടത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ഇവർ ആരും കാണാതെ ഒരു കെട്ട് സാരികൾ കടയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നത് കാണാം.

ഇതേ സ്ത്രീ വീണ്ടും കടയിലെത്തി മോഷണം തുടരുന്നതിനിടെയാണ് കടയുടമയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കടയുടമയും ഒരു ജീവനക്കാരനും ചേർന്ന് സ്ത്രീയെ റോഡിലേക്ക് വലിച്ചിറക്കി മർദിക്കുകയായിരുന്നു. മർദനത്തിന് ശേഷമാണ് ഇവർ സ്ത്രീയെ പോലീസിൽ ഏൽപ്പിച്ചത്. സംഭവത്തിൽ രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. മോഷണത്തിന് ഹമ്പമ്മ എന്ന സ്ത്രീക്കെതിരെയും, സ്ത്രീയെ മർദിച്ചതിന് കടയുടമയ്ക്കും ജീവനക്കാരനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Exit mobile version