Site iconSite icon Janayugom Online

ശശിതരൂര്‍ ഇനി മോഡിയുടെ റോവിങ് അംബാസഡര്‍? കോണ്‍ഗ്രസില്‍ നിന്ന് രാജിയിലേക്ക്

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും ലോക്‌സഭാംഗവുമായ ശശിതരൂര്‍ മറുകണ്ടം ചാടി ബിജെപിയില്‍ ചേക്കേറുമെന്ന് സൂചന. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ദിനത്തില്‍ ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ട്ടി യോഗം നാടകീയമായി വിളിച്ചുകൂട്ടിയ അദ്ദേഹം ആ യോഗത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങളും ശക്തം. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ വിദേശത്തേയ്ക്ക് മോഡി അയച്ച പ്രതിനിധി സംഘങ്ങളില്‍ പ്രധാനപ്പെട്ടതിനെ നയിക്കാന്‍ നിയുക്തനായതോടെയാണ് തരൂരും‍ കോണ്‍ഗ്രസുമായുള്ള ഉടക്ക് ശക്തമായത്. കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍പ്പെടാതെ മോഡിയുടെ പട്ടികയില്‍ ഇടം പിടിച്ച തരൂര്‍ രാഷ്ട്രീയമല്ല രാഷ്ട്രമാണ് പ്രധാനമെന്ന് പറഞ്ഞ് കോണ്‍ഗ്രസിനെ വെട്ടിലാക്കുകയായിരുന്നു. തന്റെ കഴിവുകള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നു എന്ന ഒളിയമ്പോടെയായിരുന്നു അദ്ദേഹം ബിജെപിയിലേയ്ക്കുള്ള തന്റെ സ്വന്തം വഴിവെട്ടിയത്. വിദേശപര്യടനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ തരൂര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയോ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയോ കാണാന്‍ തയ്യാറാകാതെ ഇന്നലെ ലണ്ടനിലേയ്ക്ക് വിമാനം കയറുകയും ചെയ്തു. 

ലണ്ടനിലേയ്ക്ക്പുറപ്പെടും മുമ്പ് മോഡിയുമായി വീണ്ടും സ്വകാര്യ കൂടിക്കാഴ്ച നടത്തിയ തരൂരിന് ചില ഉറപ്പുകള്‍ നല്കിയിട്ടുണ്ടെന്ന് ബിജെപിയുടെ ഉപശാലാവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായോ എല്ലാ രാജ്യങ്ങളിലും നിര്‍ണായകവേളകളില്‍ പര്യടനം നടത്തി ഇന്ത്യയുടെ റോവിങ് അംബാസഡറായോ തരൂരിനെ നിയമിക്കാമെന്നായിരുന്നു മോഡി നല്കിയ ഓഫറെന്നും സൂചനകളുണ്ട്. എന്നാല്‍ ‘ഉലകം ചുറ്റും വാലിബന്‍’ ആയ റോവിങ് അംബാസഡര്‍ പദവിയാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് തരൂര്‍ മോഡിയെ അറിയിച്ചതായും ബിജെപി വൃത്തങ്ങള്‍ പറയുന്നു. ഈ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളായ പ്രവര്‍ത്തകസമിതി അംഗത്വം, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി പദവി, തിരുവനന്തപുരത്തുള്ള ലോക്‌സഭാംഗത്വം എന്നിവ തരൂര്‍ രാജിവയ്ക്കം. മറുകണ്ടം ചാടാനുള്ള പദ്ധതി, ആസൂത്രണ വൈഭവത്തോടെ ഏറെക്കാലം മുമ്പുതന്നെ തരൂര്‍ തയ്യാറാക്കിയിരുന്നുവെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. വിവാദങ്ങളുടെ ചങ്ങാതിയായ അദ്ദേഹം കോണ്‍ഗ്രസിനെ മാത്രമല്ല മുസ്ലിംലീഗിനെയും വെട്ടിലാക്കിയതോടെയാണ് തുടക്കം. പലസ്തീന് പിന്തുണ പ്രഖ്യാപിക്കാന്‍ മുസ്ലിംലീഗ് സംഘടിപ്പിച്ച മഹാറാലിയില്‍ മുഖ്യാതിഥിയായെത്തിയ തരൂര്‍ ഹമാസിനെ ഭീകരവാദികളാക്കി ചിത്രീകരിച്ച് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടിനെയാണ് വെല്ലുവിളിച്ചത്. ഇതോടെ ഹൈക്കമാന്‍ഡിന്റെ നോട്ടപ്പുള്ളിയായെങ്കിലും തുടര്‍ന്നും അദ്ദേഹം ഉയര്‍ത്തിയ വിവാദങ്ങളോട് മൗനം പുലര്‍ത്തുകയായിരുന്നു. ഏറ്റവും ഒടുവില്‍ മോഡിയുടെ വാഴ്ത്തുപാട്ടുമായി ആടിത്തിമിര്‍ക്കുന്ന തരൂരിനെ പ്രകോപിപ്പിക്കുന്ന ഒരു പ്രതികരണവും നടത്തരുതെന്ന ഹൈക്കമാന്‍ഡിന്റെ നിര്‍ദേശവും കയറൂരിവിട്ട കാളക്കൂറ്റനെപ്പോലെയാകാന്‍ തരൂരിന് സഹായകമായി.
എന്തായാലും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തരൂരിന് തലസ്ഥാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിക്കുമെന്ന് ഉറപ്പായതും തരൂരിനെ വഴിമാറിച്ചിന്തിക്കാന്‍ പ്രേരകമായി. ലണ്ടന്‍ വാസം കഴിഞ്ഞ് മടങ്ങിവരുന്ന തരൂര്‍ കോണ്‍ഗ്രസിനെതിരെ മോഡിയുടെ ആശീര്‍വാദത്തോടെ ഒരു വിമത കൊടുങ്കാറ്റഴിച്ചുവിടാനുള്ള സാധ്യതയും നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. 

Exit mobile version