Site iconSite icon Janayugom Online

ചെന്നിത്തലയ്ക്കും സുധാകരനുമെതിരെ സതീശന്റെ ഒളിപ്പോര്

മുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ഉന്നത്തെ മറികടക്കുന്നതിനും കെ സുധാകരന്റെ മേലാളത്ത ഭരണത്തെ നിയന്ത്രണത്തിലാക്കുന്നതിനുമായി വി ഡി സതീശന്റെ നേതൃത്വത്തില്‍ അണിയറ നീക്കം. സുധാകരനെതിരെയുള്ള എതിര്‍പ്പുകളുടെ കാഠിന്യം കുറയ്ക്കാതെ നിലനിര്‍ത്താനാണ് സതീശന്റെ ആസൂത്രിത ശ്രമം. മുന്‍കാലങ്ങളേക്കാള്‍ വിഭിന്നമായി പുതിയ സമവാക്യങ്ങളും കൂട്ടായ്മകളും രൂപപ്പെടുന്ന കോണ്‍ഗ്രസില്‍ ആര് ആര്‍ക്കൊപ്പം എന്നതുകൂടി മനസിലാക്കിയാണ് സതീശന്‍ പക്ഷം കോണ്‍ഗ്രസില്‍ കച്ചമുറുക്കുന്നത്. തനിക്കുമേലെ വരാവുന്ന ആരെയും കൂടെ ചേര്‍ക്കേണ്ടെന്നാണ് സതീശന്റെ തീരുമാനം. വരുംകാലങ്ങളില്‍ ഏതെങ്കിലും തരത്തില്‍ രാഷ്ട്രീയമാറ്റം സംഭവിച്ചാല്‍ മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടാണ് രമേശ് ചെന്നിത്തലയുടെ നീക്കം. എന്നാല്‍ സംസ്ഥാനത്ത് താഴെത്തട്ടുമുതല്‍ സംഘടനാ ബലം തനിക്കൊപ്പമാക്കി ചെന്നിത്തലയെയും വെട്ടാനുള്ള തന്ത്രമാണ് സതീശന്റേത്. ഇതോടെ സുധാകരനെ വരുതിയിലാക്കാമെന്നും സതീശന്‍ കണക്കുകൂട്ടുന്നു.

നെഹ്രുവിനെ കരുവാക്കി ആര്‍എസ്എസ് അനുകൂല പ്രസംഗം നടത്തിയിട്ടും സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിലനിര്‍ത്താന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതിനെ തല്‍ക്കാലം ചോദ്യം ചെയ്യേണ്ടെന്നാണ് സതീശനും കൂട്ടരും തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സുധാകരന്റെ നിലപാടുകളെ പലവേദികളിലും അവസരത്തിനൊത്ത് തുറന്നുകാട്ടുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനുകൂലമായ പ്രതികരണങ്ങള്‍ കൊണ്ടും സുധാകരന്റെ ആര്‍എസ്എസ് ബന്ധത്തെ സജീവമാക്കി നിലനിര്‍ത്തും. വിഷയത്തില്‍ വി എം സുധീരനടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ നിലപാടുകള്‍ ചോദിച്ചറിയാന്‍ മാധ്യമങ്ങളിലും സമ്മര്‍ദ്ദമുണ്ട്.
മാറ്റിവച്ച രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിഷയം ചര്‍ച്ചയാക്കുന്നതിനും ആലോചന നടക്കുന്നു. ഇതിനായി കെ മുരളീധരനെ ആയുധമാക്കുന്നതിനുള്ള പദ്ധതികളാണ് അണിയറയിലുള്ളത്. സുധാകരന് അനുകൂലമായ രമേശ് ചെന്നിത്തലയുടെ നിലപാടും യോഗത്തില്‍ ചര്‍ച്ചക്കെടുക്കുന്നതിനുള്ള ആസൂത്രണവും നടക്കുന്നുണ്ട്. 

ആര്‍എസ്എസ് അനുകൂല പരാമര്‍ശം പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്ന് സുധാകരന്റെ പ്രസ്താവന വിവാദമായ ദിവസം തന്നെ വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹൈക്കമാന്‍ഡിന്റെ എതിര്‍പ്പുണ്ടായാല്‍ മാത്രമേ ഈ വിഷയത്തിലുള്ള ചര്‍ച്ച ഒഴിവാകൂ. അതേസമയം, കണ്ണൂരില്‍ ഡിസിസി ഓഫീസ് പരിസരത്ത് പോസ്റ്ററുകളും ബോര്‍ഡുകളും ഉയര്‍ന്നതിന് പിന്നില്‍ സുധാകര പക്ഷത്തിന് നിരവധിപേരെ സംശയമുണ്ട്. അതില്‍ വി ഡി സതീശന്‍ അനുകൂലികളും ഉള്‍പ്പെടുന്നു. മുന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്റെ പേര് പരാമര്‍ശിക്കുന്നുണ്ടെങ്കിലും പോസ്റ്ററിനുപിന്നില്‍ കോണ്‍ഗ്രസില്‍ സജീവമായി നില്‍ക്കുന്നവര്‍ തന്നെയെന്നാണ് സുധാകരന്‍ ഉറപ്പിക്കുന്നത്. സംസ്ഥാനത്തെ മറ്റിടങ്ങളിലും സമാനമായ പ്രതികരണങ്ങള്‍ ഉണ്ടായേക്കാമെന്ന ആശങ്കയും സുധാകര പക്ഷത്തിനുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അതിനുപിന്നില്‍ സതീശന്‍ പക്ഷമാകുമെന്ന് സുധാകര വിഭാഗം ഉറപ്പിക്കും.

Eng­lish Summary:Satheesan’s secret war against Chen­nitha­la and Sudhakaran
You may also like this video

Exit mobile version