സത്യന്റെ സത്യസന്ധതയില്‍ റോഡില്‍ നഷ്ടപെട്ട ഒന്നര പവന്‍ താലിമാല ഉടമയ്ക്ക് തിരികെ ലഭിച്ചു. പച്ച ജംഗ്ഷനിലെ ബാര്‍ബര്‍ ഷോപ്പ് ഉടമ ചെക്കിടിക്കാട് മാലിച്ചിറ സത്യനാണ് ഒന്നര പവന്‍ തൂക്കം വരുന്ന താലിമാല പച്ച ജംഗ്ഷനില്‍ വെച്ച് കളഞ്ഞു കിട്ടിയത്. വെള്ളിയാഴ്ച രാത്രി കട അടച്ച ശേഷം ജംഗ്ഷനിലെ കുരിശ്ശടിയില്‍ നേര്‍ച്ച ഇടാന്‍ എത്തിയപ്പോഴാണ് മാല കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. കളഞ്ഞു കിട്ടിയ താലിമാല ജംഗ്ഷനില്‍ തുണിക്കട നടത്തുന്ന കുഞ്ഞുമോന്‍ കണ്ടത്തിപ്പറമ്പില്‍, ഇലക്ട്രിക് കടയുടമ ജോയപ്പന്‍ അരിപ്പുറം എന്നിവരെ ഏല്‍പ്പിച്ചു.
ഇന്ന് രാവിലെ പച്ച ജംഗ്ഷനില്‍ എത്തിയ യുവാവ് പരിസര പ്രദേശങ്ങളില്‍ തിരയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് മാല ലഭിച്ച വിവരം അറിയിച്ചത്. മാല നഷ്ടപ്പെട്ട വിവരം അമ്പലപ്പുഴ, എടത്വ പോലീസില്‍ അറിയിച്ചിരുന്നു. ചക്കുളത്തുകാവ് സ്വദേശികളായ കുടുംബം അമ്പലപ്പുഴയില്‍ നിന്ന് മടങ്ങും വഴി പച്ച എടിഎമ്മില്‍ കയറിയിരുന്നു. ഇവിടെ വെച്ചാണ് മാല നഷ്ടപ്പെട്ടത്. കളഞ്ഞു കിട്ടിയ താലിമാല സത്യനും സുഹൃത്തുക്കളും എടത്വ പോലീസ് സ്റ്റേഷനില്‍ എത്തി പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ഉടമയ്ക്ക് കൈമാറി.