പണ്ട് നാലാം ക്ലാസില്‍ പഠിപ്പിച്ചിരുന്ന ഒരു കവിതയുണ്ടായിരുന്നു; ‘നേപ്പാളക്ഷിതി തന്നില്‍ വസിക്കും ഭൂപാലന്റെ ലലാടം തന്നില്‍ ചേറുപുരണ്ടാലതു കസ്തൂരിക്കുറി’. നേപ്പാള്‍ രാജാവിന്റെ നെറ്റിയില്‍ ചെളി തെറിച്ചാല്‍ അത് ചെളിയെന്നു പറഞ്ഞാല്‍ രാജനിന്ദ. പകരം അത് കസ്തൂരിതിലകമെന്നേ പറയാവൂ. അതായത് അരചനെ കെടുത്തൊന്നും പറഞ്ഞീടൊല്ല. അത് പണ്ടത്തെ കഥ. നേപ്പാള്‍ രാജാവ് ബീരേന്ദ്രയെയും പത്നി ഐശ്വര്യരാജ്ഞിയെയും മൂത്തമകന്‍ കഞ്ചാവടിച്ച് കിറുങ്ങി വെടിവച്ചുകൊന്നു. രാജകുടുംബമാകെ തീയുണ്ടകള്‍ക്കിരയായി. രാജഭരണം പോയി. ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് ഭരണം. നേപ്പാളിലെ ഹിന്ദുരാജാവ് അരുംകൊല ചെയ്യപ്പെട്ടുവെങ്കില്‍ ഭാരതത്തില്‍ ഒരു പുതിയ രാജാവ് അവതരിച്ചിരിക്കുന്നു, സാക്ഷാല്‍ മോഡി. ഒരു ചെങ്കോല്‍ കിട്ടി, ഇനി ഒരു കിരീടം കൂടി മതി. അത് കിട്ടിയില്ലെങ്കിലും കിരീടം വയ്ക്കാത്ത രാജാവായി കക്ഷി സ്വയം പ്രഖ്യാപിച്ചുകഴിഞ്ഞു. അപമാനത്തിന്റെ പടുകുഴിയില്‍ വീണ് നഗ്നനായി നില്‍ക്കുന്നെങ്കിലും പ്രജകള്‍ തന്നെ രാജാവെന്ന് വിളിക്കണം.
ഇതുകൂടി വായിക്കൂ: രോഗവ്യാപനം തടയാന്‍ കൊറോണ ദേവിക്ക് പൂജ
തിരുവായ്ക്ക് എതിര്‍വാ പാടില്ല. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ഈ മന്നന്‍ ചെങ്കോല്‍ വീശിയാടി. തനിക്കെതിരെ ശബ്ദിച്ചവരുടെയെല്ലാം പ്രസംഗങ്ങള്‍ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തി. പ്രതിപക്ഷത്തെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മഹാഭാരതത്തിലെ ധൃതരാഷ്ടര്‍ അന്ധനായിരുന്നതുകൊണ്ടാണ് ദ്രൗപദിയുടെ വസ്ത്രാക്ഷേപം നടന്നതെന്ന് പഴമ്പുരാണം പറഞ്ഞതായിരുന്നു അധീര്‍ ചെയ്ത കുറ്റം. അന്ന് ഹസ്തിനപുരത്തായിരുന്നുവെങ്കില്‍ ഇന്ന് മണിപ്പൂരിലാണ് പാവം സ്ത്രീകളും പെണ്‍കുട്ടികളും മാനഭംഗം ചെയ്യപ്പെടുന്നത്. പക്ഷെ രാജാവ് കണ്ണടച്ച് നില്ക്കുന്നുവെന്ന് പറഞ്ഞതിനായിരുന്നു സസ്പെന്‍ഷന്‍. ഇതുവഴി താനാണ് രാജാവെന്ന് മോഡി അവകാശപ്പെടുന്നു. രാഹുല്‍ ഗാന്ധി പ്രസംഗിച്ചപ്പോള്‍ അതിലേറെ കലിപ്പ്. ഭാരതമാതാവ് മണിപ്പൂരില്‍ മാനഭംഗം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ഭാരതമാതാവ് എന്ന വാക്ക് രേഖകളില്‍ നിന്ന് നീക്കുകയാണ് രാജകിങ്കരന്‍മാര്‍ ചെയ്തത്. ബിജെപിക്കാര്‍ രാജ്യദ്രോഹികളാണെന്ന് പറഞ്ഞതും രേഖയില്‍ നിന്ന് നീക്കി. നിങ്ങള്‍ ഇന്ത്യയെ കൊല ചെയ്യുന്നുവെന്ന് രാഹുല്‍ പറഞ്ഞതിലെ കൊല എന്ന വാക്ക് രേഖയില്‍ നിന്നും നീക്കി. ഇപ്പോള്‍ രേഖയിലുള്ളത് നിങ്ങള്‍ ഇന്ത്യയെ ചെയ്യുന്നുവെന്നു മാത്രം. പണ്ട് കരുണാകരന്‍ സംസ്ഥാന ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ഒരു നിയമം കൊണ്ടുവന്നു. ദളിത് യുവതികള്‍ ബലാത്സംഗത്തിനിരയായാല്‍ ഇരയ്ക്ക് 5000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്. വിവാദമായ ഈ ഉത്തരവിനെ പരിഹസിച്ച് കാര്‍ട്ടൂണിസ്റ്റ് പി കെ മന്ത്രി അന്ന് ‘തനിനിറം’ പത്രത്തില്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഓര്‍മ്മ വരുന്നു. സുന്ദരിയായ ദളിത് പെണ്‍കൊടി അതുവഴി നടന്നുപോകുന്ന മേലാളന്‍ പയ്യനോട് പറയുന്നു; ‘തമ്പ്രാന്‍ ഇങ്ങോട്ടൊന്ന് നോക്കാതെ പോകുവാണല്ലേ. അയ്യായിരം രൂപ കിട്ടിയാല്‍ ഞാന്‍ നന്നായിപ്പോകുമോ എന്ന അസൂയയല്ലേ.’ കാര്‍ട്ടൂണ്‍ വിവാദമായി. അധ്യാപകന്‍ കൂടിയായ കാര്‍ട്ടൂണിസ്റ്റ് സസ്പെന്‍ഷനിലായി. കുറച്ചുനാള്‍ അകത്തും കിടന്നു. അതുപോലെയാണ് കേന്ദ്രമന്ത്രിസഭയിലെ ‘ചന്തപ്പെണ്ണ്’ (ചന്തമുള്ള പെണ്‍മണിയെന്നേ അര്‍ത്ഥമാക്കാവൂ എന്ന് അപേക്ഷ) സ്മൃതി ഇറാനിക്കൊരു സംശയം രാഹുല്‍ തനിക്കൊരു ഫ്ലയിങ് കിസ് തന്നുവോ എന്ന്. പറക്കും ചുംബനം നല്‍കിയ രാഹുല്‍ അയാളുടെ കുടുംബത്തിന്റെ സംസ്കാരമാണ് കാട്ടിയതെന്ന് സ്മൃതിയുടെ ശാപം. പ്രസംഗത്തിനിടയില്‍ രാഹുല്‍ മൂക്ക് തുടച്ചതിനെയാണ് സ്മൃതി പറക്കും ചുംബനമായി കരുതിയതെന്ന് കോണ്‍ഗ്രസുകാര്‍. തന്നെ രാഹുല്‍ ചുംബിക്കുന്നുവെന്ന സ്മൃതിയുടെ പകല്‍ക്കിനാവാണെന്ന് വേറൊരു കൂട്ടര്‍. രാഹുലിന്റെ ഫ്ലയിങ് കിസ് താന്‍ കണ്ടിട്ടില്ലെന്ന് ഇന്ത്യന്‍ സിനിമയുടെ സ്വപ്നറാണിയായിരുന്ന, ശ്രീകൃഷ്ണ ഭഗവാന്റെ മഥുരയെ പ്രതിനിധീകരിക്കുന്ന ബിജെപിക്കാരിയായ ഹേമമാലിനിയുടെ വെളിപ്പെടുത്തല്‍. ബിജെപിയില്‍ പോലും പറക്കും ചുംബനത്തര്‍ക്കം രൂക്ഷം. സ്മൃതിക്ക് പിന്തുണയുമായി കര്‍ണാടകയില്‍ നിന്നുള്ള ബിജെപിക്കാരി ഒപ്പ് ശേഖരണം നടത്തി സ്പീക്കര്‍ക്ക് സമര്‍പ്പിച്ചു.
ഇതുകൂടി വായിക്കൂ: മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ജലരാജന്‍
ഫ്ലയിങ് കിസ് ആദ്യമായി അങ്ങനെ ഗിന്നസ് ബുക്കിലുമെത്തി. ഇല്ലാത്ത ചുംബനത്തിന്റെ പേരില്‍ വിവാദമുണ്ടാക്കിയ സ്മൃതിയും ശോഭയും ഇപ്പോള്‍ പുലിവാല്‍ പിടിച്ചപോലെയായി. ഇരുവരുടെയും ജാതകവും ഗ്രഹനിലയും ജീവിതത്തിലെ വന്ന വഴികളുമെല്ലാം ജനവും മാധ്യമങ്ങളുമെല്ലാം ചേര്‍ന്ന് എടുത്തിട്ടലക്കുന്നു. സ്മൃതി മല്‍ഹോത്ര എന്ന ഒരു പെണ്ണ് രാജസ്ഥാനില്‍ നിന്നും മോഡലിങ്ങിനും അനുബന്ധ തൊഴിലുകള്‍ക്കുമായി മുംബെെയിലെ തെരുവീഥികളില്‍ അലയുന്ന കാലം. ദയനീയാവസ്ഥ കണ്ട് മോനാ ഇറാനി അവരെ കൂട്ടിക്കൊണ്ടുവന്ന് കൊട്ടാരസദൃശമായ തന്റെ വീട്ടില്‍ താമസിപ്പിച്ച് ആഹാരവും വസ്ത്രവുമെല്ലാം നല്‍കുന്നു. മോനയുടെ ഭര്‍ത്താവ് ജബില്‍ ഇറാനി, ടാറ്റാ തറവാട്ടിലെ അംഗമാണെന്നറിഞ്ഞതോടെ അങ്ങേരെ വശീകരിച്ച് ഭര്‍ത്താവായി അടിച്ചുമാറ്റി. ആശ്രയം നല്‍കിയ പാവം മോനാ ഇറാനി തെരുവിലുമായി. സ്മൃതി മല്‍ഹോത്ര സ്മൃതി ഇറാനിയുമായി, സീരിയല്‍ നടിയും കേന്ദ്രമന്ത്രിയുമായി. സ്മൃതിയുടെ കൂട്ടുകാരി ശോഭാ കരന്തലജെയുടെ ചരിത്രം വേറെ. മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി കാരണവരുമായ യദ്യൂരപ്പയുടെ ചങ്ങാതിയാണെന്ന് നാട്ടാര്‍ക്കെല്ലാം അറിയാം. നല്ലകാലത്ത് അവര്‍ നടത്തിയ വിലാസലീലകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ കന്നഡ പത്രങ്ങളില്‍ ഇപ്പോഴും പുതഞ്ഞുകിടപ്പുണ്ട്. കുറേക്കാലം മുമ്പാണ്. ഗുജറാത്തിലെ നാംദെഡില്‍ പത്രപ്രവര്‍ത്തകരുടെ ദേശീയ സമ്മേളനം നടക്കുന്നു. ബിജെപി ഭരണത്തിലുള്ള അവിടെ സമ്പൂര്‍ണ മദ്യനിരോധനം. പ്രതിനിധികളില്‍ പലര്‍ക്കും രണ്ടെണ്ണം വിട്ടില്ലെങ്കില്‍ എന്ത് സമ്മേളനമെന്ന അവസ്ഥ. സംഘാടകര്‍ ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചു. ഒരു മണിക്കൂറിനുള്ളില്‍ പെട്ടി കണക്കിന് വിദേശമദ്യം എത്തി. സമ്മേളനം ലഹരിയില്‍ കൊഴുത്തു. കഴിഞ്ഞ ദിവസം ഗുജറാത്തിലെ മന്ത്രി രാഘവ് ജി പട്ടേല്‍ ആദിവാസി ദിനാഘോഷത്തില്‍ സദസിനൊപ്പം അടിച്ച് കിന്റായി നിലത്തിഴയുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. ങേ മദ്യനിരോധനമല്ലേ എന്ന് ചോദിച്ചാല്‍ അതെല്ലാം അങ്ങനെതന്നെ എന്നാകും ഉത്തരം.